Pages

Thursday, September 21, 2017

മഞ്ഞു വീണു നനഞ്ഞു കുതിര്ന്ന ഗവി

മഞ്ഞു വീണുനനഞ്ഞു
കുതിര്ന്ന ഗവി
പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തിമുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.
ഗവി, വിനോദസഞ്ചാരികള് ഏറെയെത്തുന്ന പത്തനം തിട്ടയിലെ ഏറെ പ്രകൃതി രമണീയത കനിഞ്ഞു നല്കിയിരിക്കുന്ന ഈ പ്രദേശത്ത് പക്ഷെ അപകടങ്ങളും പതിയിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം തെളിയിക്കുന്നു. ഗവിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള് കാട്ടാനകളുടെ ആക്രമണത്തില് കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വാര്ത്ത. വനഭംഗിയുടെ വശ്യതകള് മാത്രം മനസില് കണ്ട് ഗവിയിലേക്കെത്തുന്നവര് അവിടെ പതിയിരിക്കുന്ന അപകടങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.സമീപകാലത്താണ് ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്ധിച്ചത്. മുമ്പ് പറഞ്ഞു കേട്ടും മറ്റും വിരളമായാണ് ഇവിടേക്ക് സഞ്ചാരികളെത്തിയിരുന്നതെങ്കില് സമീപകാലത്ത് ഗവിയുടെ വനഭംഗി പകര്ത്തി മലയാളത്തില് ഇറങ്ങിയ ചിത്രം ഇന്ന് ഗവിയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്ധിപ്പിച്ചു. പക്ഷെ സിനിമയിലെ ദൃശ്യങ്ങള് കണ്ട് ഗവിയിലേക്ക് പുറപ്പെടുന്ന സഞ്ചാരികള്ക്കറിയില്ല ഗവിയില് പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച്, അവിടെ പാലിച്ചിരിക്കേണ്ട കടമകളെ കുറിച്ച്. ഗവി കാണാനെത്തുന്നവര് ആദ്യം അറിയേണ്ട ഒന്നുണ്ട്, ഗവി ഒരു വനമേഖലയാണെന്ന കാര്യം. പലരും ഇക്കാര്യം അറിയാതെയും ശ്രദ്ധിക്കാതെയുമാണ് ഗവിയിലേക്കെത്തുന്നത്.
പെരിയാര് കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള് ഉള്പ്പെട്ട പ്രദേശമാണ് ഗവി. കൊടുംകാടായ ഈ പ്രദേശങ്ങളില് കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികള് വിഹരിക്കുന്നു. പക്ഷെ വള്ളക്കടവിലേയോ ആങ്ങമൂഴിയിലേയോ വനം വകുപ്പ് ചെക്ക് പോസ്റ്റുകള് പിന്നിട്ടുകഴിയുമ്പോഴാണ് വാര്ത്തകളിലൂടെ മാത്രം ഗവിയെ കുറിച്ച് കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളില് പലരും ഗവിയൊരു കൊടുംകാടാണെന്ന്  തിരിച്ചറിയുന്നത്.
വിനോദ സഞ്ചാര മേഖലയെന്ന നിലയില് പൂര്ണ്ണമായും തയ്യാറെടുത്തിട്ടില്ലാത്ത പ്രദേശമാണ് ഗവി. വന്യജീവികളുടെ വിഹാര കേന്ദ്രവും കൊടുംകാടുമായ ഇവിടെ വിനോദ സംഞ്ചാരം അനുവദിക്കണോ, അത് അനുവദിക്കുകയാണെങ്കില് ഏത് രീതിയിലായിരിക്കണം എന്നീ കാര്യങ്ങളില് ബന്ധപ്പെട്ട വകുപ്പുകള്ക്കു തന്നെ വ്യക്തമായ കാഴ്ച്ചപ്പാടുകളില്ല.അതുകൊണ്ടു തന്നെ വിദഗ്ധ പരിശീലനം നടത്തിയ ഗൈഡുമാരോ സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെ ഇവിടെയില്ല. സമീപകാലത്ത് ഗവിയിലേക്ക് സഞ്ചാരികള്ക്ക് സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. എന്നാല് പരിസ്ഥിതി പ്രശ്നം എന്ന വിഷയം മാത്രം കണക്കിലെടുത്താണ് ആ തീരുമാനമുണ്ടായത്.
ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കള് കൊണ്ടു പോവുന്നത് തടയുകയും വനമേഖലയില് സഞ്ചാരത്തിന് ദൂരപരിധി നിശ്ചയിക്കുകയും ചെയ്തു. എന്നാല് ഈ നിയന്ത്രണങ്ങളൊന്നും കാര്യക്ഷമമല്ലാത്തതിനാല് നിരവധി സഞ്ചാരികളാണ് ഇപ്പോഴും ഇവിടേക്ക് എത്തുന്നത്. അതേസമയം വന്യജീവികളുടെ ആക്രമണം തടയാനോ വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനോ ഉള്ള യാതൊരു പദ്ധതികളും ഇവിടെ ഇതുവരെയും പ്രാവര്ത്തികമായിട്ടില്ല.കാടെന്താണെന്നറിയാതെയും കാട്ടിലേക്ക് പ്രവേശിക്കുമ്പോള് എടുക്കേണ്ട മുന്കരുതലുകള് എന്താണെന്നറിയാതെയും എത്തുന്ന സഞ്ചാരികള് കാടിനേയും അതിന്റെ ജൈവവ്യവസ്ഥയും വെല്ലുവിളിക്കുന്ന വിധം ഇവിടെ വിനോദ സഞ്ചാരം നടത്തുന്നു. ഇക്കാര്യത്തില് അതികൃതരുടെ അലംഭാവവും, പ്രദേശത്തെ സൗകര്യക്കുറവുകളും കൂടെയാവുമ്പോള് അത് അപകട സംഭവങ്ങളിലേക്ക് വഴിവെക്കുന്നു.
കാടിനെ സംരക്ഷിക്കേണ്ട പ്രധാന്യത്തെകുറിച്ച് ആരേയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അതൊന്നും അറിയില്ലെങ്കിലും അവനവന്റെ സുരക്ഷയെ കുറിച്ചെങ്കിലും സഞ്ചാരികള് ബോധവാന്മാരാവേണ്ടതുണ്ട്. ഗവിയുടെ കാനനഭംഗിയും മനസില് കണ്ട് ഗവിയിലേക്കെത്തുന്ന സഞ്ചാരികള് ഇനിയെങ്കിലും തിരിച്ചറിയണം ഗവിയുടെ വന വശ്യതയ്ക്ക് പിറകില് അപകടമുണ്ട്. അതില് ചെന്ന് ചാടാതിരിക്കുക.

ഇരുപത്തൊന്നാം നൂറ്റാണ്ടില് ജീവിക്കുന്ന നിങ്ങള്ക്ക് ഈ നൂറ്റാണ്ടിന്റെ തിരക്കും ബഹളവും മടുത്തുവോ? കാലത്തിനു പിന്നിലൊരിടത്ത്, തിരക്കും പിരിമുറുക്കങ്ങളും പരിഷ്കാരത്തിന്റെ കടുംവര്ണങ്ങളുമില്ലാത്ത ഒരിടത്ത്, പ്രകൃതിയുടെ സ്വസ്ഥതയില്, ഒരിടവേള കിട്ടിയിരുന്നെങ്കില് എന്നു നിങ്ങള് ആഹ്രഹിക്കാറുണ്ടോ? ഒരു പക്ഷേ നിങ്ങള് അന്വേഷിക്കുന്ന സ്ഥലമായിരിക്കും ഗവി. നമ്മുടെ നൂറ്റാണ്ട് ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലമാണു നമ്മുടെ നാട്ടില്ത്തന്നെയുള്ള ഈ ഗ്രാമം. നമ്മുടെ നാട്ടിലോ എന്ന് അത്ഭുതം കൂറേണ്ട. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിര്ത്തിയിലാണു ഗവി. ചുറ്റുപാടുകളിലൂടെ പാഞ്ഞുപോയ കാലം ഗവി കണ്ടില്ലെന്നു തോന്നുന്നു. കാല് നൂറ്റാണ്ടിലേറെയായി മുഖ്യധാര യില് നിന്നു വേറിട്ടു നില്ക്കുന്ന ഈ ഗ്രാമത്തിന് അതിനും വളരെ മുമ്പേ വളര്ച്ച അവസാനിച്ചുവെന്നുതന്നെ പറയാം.
വനത്തിനുള്ളില് ഒരു ദിവസം പൂര്ണമായി കാഴ്ചകള് ആസ്വദിച്ചു സഞ്ചരിക്കാന് അവസരമൊരുക്കുന്ന പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ  ഗവി ഏകദിന ടൂര് പാക്കേജ് ആകര്ഷകമാകുന്നു. ആറുമാസത്തിനിടെ വിദേശികളും സ്വദേശികളുമടക്കം 905 വിനോദസഞ്ചാരികളാണ് അപൂര്വമായ നിത്യഹരിത വന സൗന്ദര്യം ആസ്വദിക്കാന് ഈ ടൂര് പാക്കേജിന്റെ ഭാഗമായി ഗവി സന്ദര്ശിച്ചത്.മനോഹരമായ മലനിരകള്, മൊട്ടക്കുന്നുകള്, അപൂര്വ വൃക്ഷങ്ങള്, സസ്യജാലങ്ങള്, ആന, കാട്ടുപോത്ത്, കുരങ്ങന്മാര്, മലയണ്ണാന്, മാനുകള് പലതരം പക്ഷികള് തുടങ്ങിയവയെ കാണാന് യാത്രയില് അവസരം ലഭിക്കും. മൂഴിയാര്, കക്കി, ആനത്തോട്, കൊച്ചു പമ്പ ഡാമുകള് യാത്രയിലെ പ്രധാന ആകര്ഷണങ്ങളാണ്. ഈ ഡാമുകളിലൂടെയാണ് വിനോദസഞ്ചാരികളുമായി വാഹനം ഗവിയിലേക്കു പോകുന്നത്.പൊന്നാപുരം കോട്ട സിനിമ ചിത്രീകരിച്ച പ്രദേശം കാണാനും അവസരമുണ്ട്.
അഞ്ചു പേര്ക്കുള്ള നോണ് എസി ജീപ്പ് സഫാരിക്ക് ഒരാള്ക്ക് 1600 രൂപയും, 12 പേര്ക്കുള്ള നോണ് എസി ട്രാവലര് യാത്രയ്ക്ക് ഒരാള്ക്ക് 1300 രൂപയും, 12 പേര്ക്കുള്ള എസി ട്രാവലര് യാത്രയ്ക്ക് ഒരാള്ക്ക് 1600 രൂപയുമാണ് പാക്കേജ് നിരക്ക്. ആഹാരം, ടൂര്ഗൈഡ്, വാഹനപാസ്, ഇന്ഷുറന്സ്, ഫസ്റ്റ് എയ്ഡ് എന്നിവ പാക്കേജില് ഉള്പ്പെടും. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില് നിന്ന് എത്തുന്ന സഞ്ചാരികള്ക്ക് കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലും തിരുവല്ല, ആറന്മുള, മല്ലപ്പള്ളി ഭാഗങ്ങളില് നിന്ന് എത്തുന്നവര്ക്ക് കോഴഞ്ചേരി ടൂറിസ്റ്റ് ഫെസിലിറ്റേഷന് സെന്ററിലും മറ്റ് സ്ഥലങ്ങളില് നിന്ന് എത്തുന്നവര്ക്ക് റാന്നിയിലുമായാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്.മഴക്കാലത്തോ മഴകഴിഞ്ഞ ഉടനെയോ ഗവിയിൽ ചെന്നാൽ പച്ചപ്പിന്റെ സൗന്ദര്യം എന്താണെന്ന് നാമറിയും. കാട്ടിൽ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയാം. കോട കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളിൽ കാട്ടാനകളുണ്ടാവും, കാട്ടുപോത്തുകളുണ്ടാവും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും കാട്ടരുവികളുടെ കളകളാരവവും സന്തോഷമേകും.
പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോൾ വിനോദസഞ്ചാരവുമാണ് ഗവിയുടെ ജീവിതം. ആ ജീവിതത്തെ അറിയാനും കാണാനും എന്നതിലപ്പുറം ഒരു കാടിന്റെ ഏറ്റവും ആഴത്തിലുള്ള വികാരവും അനുഭൂതികളും സ്വന്തമാക്കാൻ കേരളത്തിലെ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് ഗവി. വിദേശികളാണ് ഇത് ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ളത്. ലോകത്തിൽത്തന്നെ അവശ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഗവിയെ അടയാളപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഗവിയിലെ വിനോദസഞ്ചാരത്തിന്റെ ചുമതല. ഇവരുടെ പാക്കേജ് പ്രകാരം ബുക്കുചെയ്ത് പോവുന്നതിലൂടെ താമസമടക്കം എല്ലാ സൗകര്യങ്ങളോടെയും ഗവിയെ അറിയാം. ഇതുവഴി പോവുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ ചുമ്മാ ഒരു യാത്രയാവാം. പലപ്പോഴും ആനയെയും കാട്ടുപോത്തിനെയും ഇത്തരം യാത്രകളിലും കാണാറുണ്ട്. കുമളിയിലോ വണ്ടിപ്പെരിയാറിലോ പോയി ജീപ്പുവിളിച്ച് ഗവിയിലൂടെ ഒരു സഫാരിയാണ് മറ്റൊരു വഴി. ഗവിയുടെ തൊട്ടടുത്താണ് കൊച്ചുപമ്പ. അവിടെ ബോട്ടിങ് സൗകര്യമുണ്ട്.
കോഴിക്കോട്ടുനിന്ന് പോവുകയാണെങ്കിൽ തൃശ്ശൂർ, ചാലക്കുടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, ഈരറ്റുപേട്ട, മുണ്ടക്കയം, പീരുമേടു വഴി വണ്ടിപ്പെരിയാർ എത്തുക. അവിടെനിന്ന് വള്ളക്കടവ് ചെക്‌പോസ്റ്റിൽ എൻട്രൻസ് ഫീ അടച്ച് അനുമതിവാങ്ങിവേണം കാനനപാതയിലേക്കു പ്രവേശിക്കാൻ. ഗവി കൊച്ചുപമ്പ വഴി പത്തനംതിട്ടയ്ക്കുപോവാം. അല്ലെങ്കിൽ ഗവിയും കൊച്ചുപമ്പയും കണ്ട് തിരിച്ചുപോരാം. ട്രെയിനിലാണ് പോവുന്നതെങ്കിൽ എറണാകുളത്തിറങ്ങി തൊടുപുഴയെത്തി മേല്പറഞ്ഞ റൂട്ടിലൂടെത്തന്നെ വരാം. അല്ലെങ്കിൽ തിരുവല്ല ഇറങ്ങി പത്തനംതിട്ടവന്ന് സീതത്തോട്, ആങ്ങാമൂഴി വഴിയും വരാം.
പത്തനംതിട്ടയിൽനിന്ന് രാവിലെ 6.30-നാണ് കെ.എസ്. ആർ.ടി.സി.ബസ്. 11-ന് അത് ഗവിയിലെത്തും. പിന്നെ 12.30-നും ഒരു ബസ്സുണ്ട്. അത് അഞ്ചിന് ഗവിയിലെത്തും. കുമളിയിൽ നിന്ന് രാവിലെ 5.30-നാണ് ബസ്. ഗവിയിൽ ഏഴിനെത്തും. പിന്നെ ഒന്നരയ്ക്കുള്ള ബസ്സ് മൂന്നിനെത്തും. ഈ ബസ്സിൽ യാത്രചെയ്യാൻ ഒന്നുകിൽ കുമളിയിലെത്തി രാവിലെ 5.30-ന് പുറപ്പെടുന്ന ബസ്സോ 1.20-ന് പുറപ്പെടുന്ന ബസ്സോ പിടിക്കുക. അല്ലെങ്കിൽ പത്തനംതിട്ടയിൽനിന്ന് രാവിലെ 6.30-നോ 1.20-നോ പുറപ്പെടുന്ന ബസ് പിടിക്കുക.108 രൂപയാണ് ടിക്കറ്റുനിരക്ക്. മുഴുവൻ റൂട്ടും താത്‌പര്യമില്ലെങ്കിൽ ഗവിയിൽ ഇറങ്ങി അവിടം കറങ്ങിയശേഷം തിരിച്ച് കുമളിക്കുള്ള ബസ്സിൽത്തന്നെ പോകാം. പത്തനംതിട്ടയിൽ നിന്നാണെങ്കിലും അങ്ങനെ യാത്ര ബ്രേക്ക് ചെയ്യാം. ഏറ്റവുംനല്ലത് രാവിലെ കുമളിയൽനിന്ന് പുറപ്പെടുന്ന ബസ്സാണ്. വന്യമൃഗങ്ങളെ കാണാനുള്ള അവസരം കൂടുതലായിരിക്കും.
കുമളിയിൽനിന്ന് 50 കിലോമീറ്റർ അകലെ വണ്ടിപ്പെരിയാറിൽനിന്ന് 28 കിലോമീറ്ററാണ് ഗവിക്ക്. കോട്ടയത്തുനിന്ന് 128 കി.മീ. എറണാകുളത്തുനിന്ന് 168 കിലോമീറ്ററും. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയാണ് -160 കിലോമീറ്റർ.’ഓർഡിനറി’ സിനിമകണ്ട് അതുപോലൊരു ഗവിയാണ് കാണേണ്ടതെന്ന് വാശി പിടിക്കരുത്. കാരണം ആ ചിത്രം ഗവിയേക്കാൾ കൂടുതൽ കുട്ടിക്കാനത്തും പീരുമേട്ടിലുമൊക്കെയാണ് ഷൂട്ടുചെയ്തത്.
ബസ്സിന്റെ ബോർഡിൽ ഗവി എന്നു പേരിട്ടിട്ടുണ്ടെന്നേയുള്ളൂ. ചിലരിവിടെവന്ന് പ്രശ്നമുണ്ടാക്കാറുള്ളതുകൊണ്ടാണ് ഇതുപറഞ്ഞത്. ഇതെന്തൂട്ട് ഗവി എന്ന് ചിലർ ചോദിക്കുമത്രെ. ഓർഡിനറിയിൽക്കണ്ട ഗവിയെവിടെ, ഇവിടെ എവിടാ കുഞ്ചാക്കോ ബോബൻ താമസിച്ച വീട് എന്നെല്ലാം ചോദിക്കും. ഓർഡിനറിയല്ല ഗവി. ഇത് ശരിക്കും എക്‌സ്‌ട്രാ ഓർഡിനറിയാണ്. കാടിനെ അറിയാനും ആസ്വദിക്കാനും വരുന്നവർ ഗവിയെ മനസ്സിലേറ്റിയേ പോവൂ. വിദേശികളാണെങ്കിൽ ഈ ശാന്തതയിൽ വെറുതെയിരിക്കും. ചിലപ്പോൾ വായിച്ചുകൊണ്ടിരിക്കും. ഈ പ്രകൃതിയെത്തന്നെ ഏറെ വായിക്കാനുണ്ട്.
കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വിവിധ പാക്കേജുകളുണ്ട്. താമസം, ഏലത്തോട്ടത്തിലൂടെ ട്രെക്കിങ്, ജംഗിൾ സഫാരി, ബോട്ടിങ്, ശബരിമല വ്യൂപോയിന്റ് സന്ദർശനം എന്നിവ അടങ്ങിയ വിവിധ പാക്കേജുകൾക്ക് ഒരാൾക്ക് 2500-3000 എന്നിങ്ങനെ ചെലവു വരും. ഭക്ഷണവും ഗൈഡ്ഫീയും ഇതിൽ ഉൾപ്പെടും. ഇതിന്റെ വിശദവിവരങ്ങൾക്കായി താഴെകൊടുക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽമതി.കുമിളിയിലും തേക്കടിയിലും ചില ട്രാവൽ ഏജൻസികൾ അമിതതുക ഈടാക്കി സഞ്ചാരികളെ കബളിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ കെ.എഫ്. ഡി.സി.യുടെ വെബ്‌സൈറ്റു വഴി ബുക്കുചെയ്തു പോകുന്നതാണ് നല്ലത്. യാത്രയ്ക്കിടയിൽ ഈ കാര്യങ്ങൾകൂടി ഓർക്കുക-കൈയും തലയും പുറത്തിടരുത്. കാഴ്ചകളിൽ ഹരം കയറി കൈയും തലയും പുറത്തിടരുത്, മരച്ചില്ലകൾ കണ്ണിൽ കൊള്ളും. പ്ലാസ്റ്റിക്കടക്കം ഒരു മാലിന്യവും വലിച്ചെറിയരുത്. വന്യമൃഗങ്ങളെ കാണുമ്പോൾ ബഹളംവെക്കരുത്. കാനനവഴികളിൽ ഇറങ്ങി നടക്കരുത്. പുകവലി പാടില്ല.
Contact- 9947492399, 8547809270, 8289821300, 8289821305, 8289821306, 9446112034, 994682140 കെ.എസ്. ആർ.ടി.സി. പത്തനംതിട്ട: 0468 2222366, കുമളി: 0486 2323400

Prof. John Kurakar


No comments: