Pages

Tuesday, September 26, 2017

എത്യോപ്യന് ഓര്ത്തഡോക്സ് സഭയും മലങ്കര ഓര്ത്തഡോക്സ് സഭയുംതമ്മിൽ ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കും


എത്യോപ്യന് ഓര്ത്തഡോക്സ് സഭയും മലങ്കര ഓര്ത്തഡോക്സ് സഭയുംതമ്മിൽ  ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കും

എത്യോപ്യന് ഓര്ത്തഡോക്സ് സഭയും മലങ്കര ഓര്ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും, സംയുക്ത സംരംഭങ്ങള് ആരംഭിക്കാനും ലക്ഷ്യമാക്കിയുളള ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുമെന്ന് ഇത്യോപ്യന് പാത്രിയര്ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രസ്താവിച്ചു. ഇരു സഭകളിലെയും സുന്നഹദോസുകള് ചര്ച്ച ചെയ്ത് അംഗീകരിച്ചതാണ് ഈ ഉടമ്പടി. സ്ലീബാ പെരുന്നാളിന് മുഖ്യ അതിഥിയായി എത്തിയ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില് ഒരുക്കിയ സ്വീകരണ സമ്മേളനത്തില് ആമുഖപ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം സ്വീകരണഗാനത്തോടെയാണ് പരിശുദ്ധ കാതോലിക്കാ ബാവായെ വരവേറ്റത്. സമ്പന്നമായ എത്യോപ്യന് സഭയുടെ പാരമ്പര്യം ഓര്ത്തഡോക്സ് സഭകള്ക്ക് പ്രചോദനമേകുന്നതാണെന്ന് മറുപടി പ്രസംഗത്തില് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. സ്വീകരണത്തില് പരമ്പരാഗത വേഷധാരികളായ പതിനായിരക്കണക്കിന് സഭാംഗങ്ങള് സംബന്ധിച്ചു. പാത്രിയര്ക്കേറ്റ് പാലസിന്റെ കവാടത്തില് എത്തി പാത്രിയര്ക്കീസ് ബാവാ കാതോലിക്കാ ബാവായെ സ്വീകരിച്ചു. ഇരുവരും തമ്മില് സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി.
പരിശുദ്ധ കാതോലിക്കാ ബാവായും, എത്യോപ്യന് പാത്രിയര്ക്കീസും ഫെഡറല് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി. ഏകദേശം ഒരു മണിക്കൂര് ദൈര്ഘ്യമുളളതായിരുന്നു കൂടികാഴ്ച്ച. മലങ്കര ഓര്ത്തഡോക്സ് സഭയും, എത്യോപ്യന് ഓര്ത്തഡോക്സ് സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും പാത്രിയര്ക്കേറ്റ് അരമനയിലേക്ക് മടങ്ങി.
ആഡീസ് അബാബ വിമാനത്താവളത്തില് സുന്നഹദോസ് സെക്രട്ടറി ആര്ച്ച് ബിഷപ്പ് ആബൂന സേവേറിയോസിന്റെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിലുളള സംഘമാണ് കാതോലിക്കാ ബാവായെയും സംഘത്തെയും സ്വീകരിച്ചത്. ചര്ച്ച് ഡവലപ്പ്മെന്റ് കമ്മീഷന് ചെയര്മാന് ആബൂനാ സാമുവേല്, സൗത്ത് ഒമോ ഭദ്രാസന മെത്രാപ്പോലീത്ത ആബൂന ഫിലിപ്പോസ് തുടങ്ങിയവരും ഇരുപതില്പരം ആര്ച്ച് ബിഷപ്പുമാരും സ്വീകരണ ചടങ്ങില് പങ്കെടുത്തു.

Prof. John Kurakar


No comments: