Pages

Thursday, September 28, 2017

പൊതുമേഖലയെ തകർക്കരുത്


പൊതുമേഖലയെ തകർക്കരുത്

പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം .സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തിനെതിരേ സംസ്ഥാന സർക്കാരും, എല്ലാ ജനവിഭാഗങ്ങളും ശക്തമായി ഇടപെടേണ്ട സമയമാണിത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ  ഓരോന്നായി സ്വകാര്യവത്ക്കരിക്കുകയാണ് .. പൊതുമേഖലയിലെ 76 സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനും ഓഹരി വിറ്റഴിക്കുന്നതിനും അടച്ചുപൂട്ടുന്നതിനും നീതി ആയോഗ്‌ നൽകിയ ശുപാർശകൾ സർക്കാർ അംഗീകരിച്ച്‌ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടങ്ങികഴിഞ്ഞു .
എഫ്‌എസിടി, കൊച്ചി കപ്പൽ നിർമാണശാല, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌, ഹിന്ദുസ്ഥാൻ ഓർഗാനിക്‌, ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌, ഹിന്ദുസ്ഥാൻ ലൈഫ്‌ കീയർ തുടങ്ങി കേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാമെന്ന്‌ നീതി ആയോഗ്‌ ശുപാർശ നൽകി കഴിഞ്ഞു. കൊച്ചി കപ്പൽ നിർമാണശാലയുടെ 25 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള പരസ്യവും വന്നുകഴിഞ്ഞു .ഇത്‌ പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും തൊഴിലാളികളെയും ജീവനക്കാരെയും വഴിയാധാരമാക്കാനും മാത്രമേ ഇടവരുത്തുകയുള്ളൂ.രാജ്യത്തിന്റെ വികസനത്തിൽ അല്ലെങ്കിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ എക്കാലവും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വ്യവസായരംഗത്തു മാത്രമല്ല, സേവനരംഗങ്ങളിലും പൊതുമേഖലയ്ക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു.
 എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണനയും സേവനവും എന്ന ഗാന്ധിയൻ ദർശനവും സോഷ്യലിസ്റ്റ് ജനാധിപത്യം എന്ന നെഹ്റുവിന്റെ സാന്പത്തിക ദർശനവും പൊതുമേഖലയുടെ വളർച്ചയ്ക്കു സഹായകമായി. എന്നാൽ ലാഭത്തിന് അമിത പ്രാധാന്യം നൽകപ്പെടുന്ന പുതിയ കാലത്ത് ഗാന്ധിയുടെയും നെഹ്റുവിന്റെയും സാമൂഹ്യ സാന്പത്തിക ദർശനങ്ങൾ പഴഞ്ചരക്കായിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്തായി കേന്ദ്ര സർക്കാരിനു പൊതുമേഖലയിൽ ആഭിമുഖ്യം വല്ലാതെ കുറഞ്ഞുവരുകയാണ്. കോർപറേറ്റ് സംസ്കാരം വേരുപിടിച്ചതോടെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനമണ്ഡലങ്ങളിൽ സ്വകാര്യ മേഖലയും ചുവടുറപ്പിച്ചു. പ്രഫഷണലിസവും നവ സാങ്കേതിക വിദ്യകളും പുതിയ കാലത്തെ പ്രസ്ഥാനങ്ങൾക്കു വലിയ വിജയം നേടിക്കൊടുത്തു. അതേസമയം പല പൊതുമേഖലാ സ്ഥാപനങ്ങളും പഴയ പ്രവർത്തന രീതിയിൽനിന്നു മാറാതെ നിന്നത് അവയുടെ പിന്നോക്കം പോകലിനു കാരണമായി. ഇപ്പോഴിതാ ലാഭത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യമേഖലയ്ക്ക് അടിയറവു വയ്ക്കാനുള്ള നീക്കങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സജീവമായി നടക്കുന്നു.  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ സ്വകാര്യവത്കരണത്തിനു കളമൊരുങ്ങിക്കഴിഞ്ഞു. വൻ നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയും വില്പനയ്ക്കു വയ്ക്കുന്നു.
ടെലികോം രംഗത്തു വന്പൻ കോർപറേറ്റുകൾ പിടിമുറുക്കിയതോടെ ബിഎസ്എൻഎൽ തകർച്ചയിലേക്കു കൂപ്പു കുത്തുകയാണ്. എന്തിന്, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പലതും സ്വകാര്യവത്കരണത്തിന്റെ പാതയിലാണ്. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൊച്ചി കപ്പൽനിർമാണശാലയുടെ കാര്യവും ആ ദിശയിലാണ്. രാജ്യത്തെ പൊതുമേഖലയിലുള്ള ഒന്നാംനിര കപ്പൽ നിർമാണശാലയെന്ന ഖ്യാതി ഉണ്ടായിരുന്ന സ്ഥാപനമാണിത്. ആധുനീകരണത്തിന്റെ കാര്യത്തിൽ ഇടക്കാലത്തുണ്ടായ അലംഭാവം കപ്പൽശാലയുടെ പ്രവർത്തനത്തിനു ക്ഷീണമുണ്ടാക്കിയെങ്കിലും പിന്നീട് ഊർജം വീണ്ടെടുത്തു. ഇപ്പോൾ മെച്ചപ്പെട്ട ലാഭമുണ്ടാക്കി പ്രവർത്തിക്കുന്ന കപ്പൽശാല സ്വകാര്യവത്കരിക്കുന്നതിന്റെ ഉദ്ദേശ്യം ദുരൂഹമാണ്. കഴിഞ്ഞ സാന്പത്തിക വർഷം കപ്പൽശാല 333 കോടി രൂപയാണു ലാഭമുണ്ടാക്കിയത്. കോർപറേറ്റുകൾക്കു  പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലും കണ്ണുണ്ട്. ലാഭത്തിൽ പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യ മേഖലയ്ക്കു കാഴ്ചവയ്ക്കുന്ന നയം സർക്കാർ സ്വീകരിക്കുന്പോൾ നഷ്ടത്തിലോടുന്നവയെ ചുളുവിൽ തട്ടിയെടുക്കാൻ അവർക്കു കഴിയും .
ടെലികോം രംഗത്തെ കടുത്ത മത്സരത്തെ അതിജീവിക്കാൻ ബിഎസ്എൻഎലിന്  കഴിയണം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ പലതിന്റെയും തകർച്ചയ്ക്കൊരു കാരണം ഉപഭോക്തൃ സൗഹൃദ സേവനം നൽകുന്നതിലുള്ള പരാജയമാണ്. അതുപോലെതന്നെ യൂണിയനുകളുടെ ദുഃസ്വാധീനവും കടുംപിടിത്തങ്ങളും ഈ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കു വിഘാതമാകുന്നു.കെഎസ്ആർടിസിയുടെയും കെഎസ്ഇബിയുടെയും കാര്യത്തിലും ഇക്കാര്യം പ്രസക്തമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ  തകർന്നാൽ  ഭാരതത്തിലെ ജനതയുടെ തകർച്ചയായിരിക്കും .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: