Pages

Tuesday, July 18, 2017

മനുഷ്യഹത്യയിലേക്കു നീങ്ങുന്ന ഗോഭക്തി രാജ്യത്തിനപമാനം

മനുഷ്യഹത്യയിലേക്കു നീങ്ങുന്ന
ഗോഭക്തി രാജ്യത്തിനപമാനം

പശുസംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തിയ എല്ലാവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. .സാധുമൃഗമായി കരുതുന്ന പശുവിന്റെ പേരിൽ മനുഷ്യർ മൃഗതുല്യം പെരുമാറുന്ന ഇന്നത്തെ സ്ഥിതി ഭാരതത്തിന് അപമാനമാണ് . മനുഷ്യഹത്യയിലേക്കു നീങ്ങുന്ന ഗോഭക്തി  ഭാരതീയ പാരമ്പര്യത്തിൻറെ ഭാഗമല്ല.പശു സംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്താൻ ആരെയും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വീണ്ടും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് .. മതസൗഹാർദം തകർക്കുന്ന ഇത്തരം ഗുണ്ടായിസങ്ങളെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും അപലപിക്കണമെന്നും അക്രമത്തിനെതിരെ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്  .
പ്രധാനമന്ത്രിയുടെ വാക്കുകൾ പശുസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ  എന്തുകൊണ്ട് മുഖവിലയ്ക്കെടുക്കുന്നില്ല ?പശുവിന്റെ പേരിൽ ആളുകളെ കൊല്ലാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞ് പത്തു ദിവസം തികയുംമുമ്പാണ് കഴിഞ്ഞ ജൂലായ് എട്ടിന് ഡൽഹിയിൽ അറവുശാലയിലേക്കു പോത്തുകളെ കൊണ്ടുപോവുകയായിരുന്ന ആറു തൊഴിലാളികൾ ആക്രമിക്കപ്പെട്ടത്.  ഇത്തരം അക്രമങ്ങൾക്കു പിന്നിൽ പിന്നിൽ അസഹിഷ്ണുക്കളും പ്രാകൃതരും  നാട്ടിൽ സമാധാനം പുലരരുതെന്ന് ആഗ്രഹിക്കുന്നവരുമാണ്. അവരോട് മൃദുസമീപനം പാടില്ല. പശുസംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തിയ എല്ലാവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
 പോത്തിറച്ചി കഴിക്കുന്നതിനോ കശാപ്പു നടത്തുന്നതിനോ വിൽക്കുന്നതിനോ രാജ്യത്ത് വിലക്കില്ലെങ്കിലും തുടർച്ചയായി അക്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പശുവിറച്ചി കഴിക്കുന്നു എന്നാരോപിച്ചാണ് അക്രമങ്ങൾ നടത്തുന്നത്. 2015 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ ദാദ്രിക്കടുത്ത് ബിസാര ഗ്രാമത്തിൽ വീട്ടിൽ പശുവിറച്ചി പാചകംചെയ്തു കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലഖ് എന്ന അമ്പത്തിരണ്ടുകാരനെ തല്ലിക്കൊന്ന സംഭവം ...രാജ്യത്തെയാകമാനം ഞെട്ടിച്ചു. 2016 ജൂലായ് 11 ന് ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച് ദളിത് യുവാക്കളെ ഏതാനും പേർ ചേർന്ന് മർദ്ദിച്ചവശരാക്കുകയും ഉടുതുണിയുരിഞ്ഞ് നഗരപ്രദക്ഷിണം നടത്തിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന്ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ അൽവാറിൽ പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാണക്കാരനായ പെഹ്ലു ഖാനെ ‘ഗോസംരക്ഷണസമിതി’ക്കാർ അടിച്ചുകൊന്നു. രാജസ്ഥാനിലെ ജയ്സാൽ...ജയ്സാൽമേറിൽ നിന്ന് തമിഴ്നാട്ടിലെ മൃഗസംരക്ഷണവകുപ്പ് വാങ്ങിയ പശുക്കളുമായി വന്നവരെ ബാഡ്മേർ ജില്ലയിൽവച്ച് പശുസംരക്ഷകരായി അവകാശപ്പെട്ട  ആൾക്കൂട്ടം ആക്രമിക്കുകയുണ്ടായി. ജൂൺ 28 ന് ജാർഖണ്ഡിൽ പശുവിനെ കൊന്നെന്നാരോപിച്ച് ഒരു ഗോശാല ഉടമയെയും ആൾക്കൂട്ടം ആക്രമിച്ചു.വിശ്വാസത്തെയും രാഷ്ട്രഭരണത്തെയും കൂട്ടിയിണക്കാൻ ശ്രമിച്ചാൽ അത് വലിയ അപകടത്തിന് കാരണമാകും .മനുഷ്യഹത്യയിലേക്കു നീങ്ങുന്ന ഗോഭക്തി രാജ്യത്തിനപമാനം  തന്നെയാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: