Pages

Wednesday, July 5, 2017

"ദു:ഖിച്ചിരുന്നിട്ട് എന്ത് കാര്യം?

"ദു:ഖിച്ചിരുന്നിട്ട് എന്ത് കാര്യം? എല്ലാം നേരിടണം" ഊര്‍ജ്ജം പ്രസരിക്കുന്ന വാക്കുകളുമായി ഒരു അമ്മ
"അമ്മേ എന്നെ കാണാന്‍ എന്തോ പോലുണ്ടോ?''
"ആരു പറഞ്ഞൂ? ഈ ലോകത്ത് ഏറ്റവും ഭംഗി എന്റെ അപ്പൂനാ....''
"അപ്പോ എല്ലാരും എന്നെ നോക്കി ചിരിക്കുന്നതോ?
അത് എന്റെ അപ്പൂന്റെ കുറവുകൊണ്ടൊന്നുമല്ല.... ‌
അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടാ....
''
ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ ചോദിച്ച അപ്പുവും അവന്റെ മനസു നിറച്ച ഉത്തരങ്ങള്‍ നല്‍കിയ അമ്മയും അവരുടെ ലോകങ്ങള്‍ നേടി. ആള്‍ക്കൂട്ടത്തില്‍ മാറ്റി നിര്‍ത്തപ്പെട്ട മകനെക്കുറിച്ചോര്‍ത്ത് അമ്മ കരഞ്ഞില്ല. മറിച്ച്‌, മാറ്റിനിര്‍ത്തിയവരോട് കലഹിച്ചു. മകന്റെ കഴിവുകള്‍ക്ക് മുന്‍കൂട്ടി പരിധി നിശ്ചയിച്ചവരോട് കയര്‍ത്തു. അവന്‍ അര്‍ഹിക്കുന്നതും ആവശ്യപ്പെടുന്നതുമെല്ലാം പിടിച്ചു വാങ്ങികൊടുത്തു. അപ്പു വളര്‍ന്ന് ഡോ. ശ്യാം പ്രസാദായി. അമ്മ ഉഷ ടീച്ചറുടെ നിശ്ചയ ദാര്‍ഢ്യങ്ങളേക്കാള്‍ ഉയരങ്ങളിലെത്തി. അമ്മയെന്ന വാക്കിന് പൊതുവേ കല്‍പിക്കുന്ന കണ്ണീരിന്റെയും ത്യാഗത്തിന്റെയും ആര്‍ദ്രത ഉഷയുടെ ജീവിതത്തിന് അഭംഗിയാണ്. മറിച്ച് യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാത്ത ഈ പെണ്‍ജീവിതം എല്ലാം നേടുകയായിരുന്നു. എഴുത്തുകാരി കൂടിയായ മട്ടന്നൂര്‍ ഉരുവച്ചാല്‍ 'പ്രതിഭ'യില്‍ ഉഷ ടീച്ചറും മകന്‍ ഡോ. ശ്യാംപ്രസാദും ഏറെ പഠിക്കാനുള്ള രണ്ട് പുസ്തകങ്ങളാണ്.
മൂന്നു മാസം പ്രായമായ മകനെ പരിശോധിച്ച ഡോക്ടറില്‍നിന്നാണ് സെറിബ്രല്‍ പാള്‍സിയെന്ന വാക്ക് ആദ്യമായി ടീച്ചറുടെ മനസില്‍ തറയ്ക്കുന്നത്. ആദ്യത്തെ ഞെട്ടലിനെ ഒരു സത്യമായി ഉള്‍ക്കൊള്ളാന്‍ അധികം സമയമെടുത്തില്ല. ശാസ്ത്രാധ്യാപിക കൂടിയായ ഉഷ ജാതകം നോക്കാനോ ദിവ്യന്‍മാരുടെ അനുഗ്രഹം തേടാനോ നേര്‍ച്ച കൂട്ടാനോ  പോയില്ല. സെറിബ്രല്‍ പാള്‍സിക്ക് വൈദ്യശാസ്ത്രത്തില്‍ ലഭ്യമായ പ്രതിവിധികളെല്ലാം തേടി. മകന്റെ ശാരീരിക പരിമിതികളെ മറികടക്കാന്‍ ഫിസിയോതെറാപ്പി അവന്റെ ജീവിതത്തിന്റെ ഭാഗമാക്കി. തോല്‍ക്കില്ലെന്നുറച്ച ഒരു പെണ്‍ ജീവിതം അവിടെ തുടങ്ങി.
ഡോ. ശ്യാംപ്രസാദ് വീട്ടിലെ പഠനമുറിയില്‍
അപ്പു വളരുന്നു
അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങുമ്പോള്‍ വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ പിടിക്കാന്‍ അപ്പു നന്നേ പാടുപെട്ടു. പേശികള്‍ക്ക് ബലം കൂടുതലായതിനാല്‍ അവ വിചാരിച്ചതുപോലെ ചലിപ്പിക്കാനാവില്ലായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിരലുകളില്‍ പെന്‍സില്‍ റബ്ബര്‍ ബാന്റിട്ട് അവന്‍ എഴുതിത്തുടങ്ങി. വിരലുകള്‍ മുറുകുന്ന വേദന കാണുമ്പോള്‍ അത് അഴിച്ചു കൊടുത്തു. അല്‍പം കഴിയുമ്പോള്‍ അപ്പു പറയും "അമ്മേ പെന്‍സില്‍ കൈയില്‍ വച്ചുതാ... എനിക്ക് അക്ഷരം പഠിക്കണ്ടേ....''  അറിവിന്റെ ലോകത്തേക്ക് നടക്കാന്‍ വെമ്പുന്ന മകന്റെ വാക്കുകള്‍ അമ്മയ്ക്ക് പ്രചോദനമായി. ബുദ്ധിവികാസമുള്ള കുട്ടിയായതിനാല്‍ സാധാരണ സ്കൂളില്‍ ചേര്‍ത്താല്‍ മതിയെന്ന ഡോക്ടറുടെ നിര്‍ദേശവും ആശ്വാസമായി.
സാധാരണ കുട്ടികളോടൊപ്പം അവരുടെ കഴിവുകള്‍ക്കൊപ്പം അവനും വളര്‍ന്നു. സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാനുള്ള പ്രാപ്തി നേടി. മാറ്റി നിര്‍ത്തലും അമിത പരിഗണനയും ഒരേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ടീച്ചര്‍ പറയുന്നു "അവന്‍ പഠിച്ച സ്കൂളിലെ ഒരു ടീച്ചര്‍ എപ്പോഴും ഇവന് അമിത പരിഗണന നല്‍കിയിരുന്നു. എല്ലാ കുട്ടികള്‍ക്കും നല്‍കുന്ന വര്‍ക്കുകള്‍ ഇവന് കൊടുക്കില്ല. ശ്യാം ചെയ്യണ്ട... ശ്യാമിന് വയ്യല്ലോ എന്ന് അവര്‍ ഇടക്കിടെ പറയും. അതുകൊണ്ടെന്താ മറ്റെല്ലാ വിഷയങ്ങളിലും മിടുക്കനായ അവന് ഇന്നും ആ ടീച്ചര്‍ പഠിപ്പിച്ച വിഷയം ഇഷ്ടമല്ല. ഒരിക്കല്‍ കുടുംബത്തിലെ ഒരു കല്യാണത്തിന് ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍ അവനെ മാറ്റി നിര്‍ത്തി. ഞാന്‍ അയാളോട് പറഞ്ഞു, അവനും ഞാന്‍ പ്രസവിച്ച എന്റെ മകനാണ്. ഫോട്ടോയ്ക്ക് അല്‍പം ഭംഗി കുറഞ്ഞുപോകുമായിരിക്കും. എന്നാലും അവനെയും നിര്‍ത്തി ഫാമിലി ഫോട്ടോ എടുത്താ മതി. അങ്ങനെ ഞങ്ങള്‍ ഫോട്ടോയെടുത്തു.
കുടുംബത്തിലെ മറ്റ് കുട്ടികള്‍ ഇടയ്ക്ക് ചോദിക്കും അപ്പു ഏട്ടന്റെ കഴുത്തെന്താ ഇങ്ങനെ? ഞങ്ങള്‍ പറയും മുമ്പേ അവന്‍ മറുപടി പറയും.  അത് അവിടത്തെ സ്ക്രൂ അല്‍പം ലൂസാണെന്ന്. യാഥാര്‍ഥ്യങ്ങളെ അത്രയും സരളമായെടുക്കാന്‍ അവന് കഴിയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ എനിക്ക് നല്‍കിയ സന്തോഷം എത്രയോ വലുതാണ്''.
മാഷെന്നും നല്ല പാതി
ഭിന്നശേഷിക്കാരായ കുട്ടികള്‍ പലപ്പോഴും അമ്മയുടെ മാത്രം ഉത്തരവാദിത്വമായി മാറുന്ന പ്രവണതയില്‍നിന്നും പൂര്‍ണമായും വേറിട്ടു നില്‍ക്കുന്നുണ്ട് ഉഷടീച്ചറുടെ ജീവിതം. 'എവരി പ്രോബ്ളം ഹാസ് എ സൊല്യൂഷന്‍' എന്ന തത്വം ജീവിതത്തിലും പകര്‍ത്തിയ ഗണിതാധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് എ പി പ്രഭാകരന്‍ ടീച്ചറുടെ ജീവിതത്തിന്റെ കരുത്താണ്. എല്ലാഘട്ടങ്ങളിലും കൈപിടിച്ച് ഒപ്പം നടക്കാന്‍ അദ്ദേഹമുണ്ടായി. നവോദയ വിദ്യാലയത്തില്‍നിന്ന് വിരമിച്ച ഇദ്ദേഹം എന്‍ട്രന്‍സ് പരിശീലനക്ളാസുകളിലെ അധ്യാപകനായും റിസോഴ്സ് പേഴ്സണായും ഔദ്യോഗിക ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഒരു എഴുത്തുകാരിക്ക് ആവശ്യമായ അന്തരീക്ഷം കുടുംബജീവിത്തില്‍ ഒരുക്കിത്തരുന്നതിലും അദ്ദേഹം നല്ല പാതിയായി. "ഞാനും മാഷും അവനോട് ഒരിക്കലും ഒന്നിനും 'നോ' പറഞ്ഞിട്ടില്ല. കൂട്ടുകാരോടൊപ്പം സിനിമ കാണാന്‍ പോകുന്നതിനോ ലൈബ്രറിയില്‍ പോവുന്നതിനോ വിദ്യാര്‍ഥികളോടൊപ്പം വിനോദയാത്ര പോവുന്നതിനോ ഒന്നിനും. മറ്റുള്ളവര്‍ക്ക് സമാനമായ ഒരു ജീവിതം മകന് കിട്ടണമെന്നതിലും ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു''.  കുടുംബത്തില്‍ നിന്നും സഹോദരങ്ങളില്‍ നിന്നുമുണ്ടായ അളവറ്റ പിന്തുണയും ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹായിച്ചതും ടീച്ചര്‍ ഓര്‍മിക്കുന്നു.

കീഴടക്കിയ ഉയരങ്ങള്‍
ലാബ് പരീക്ഷകളില്‍ കൈകളുടെ പരിമിതി പ്രയാസമാവുമോ എന്ന തോന്നലിലാണ് ശ്യാം പ്ളസ്ടുവിന് സയന്‍സ് വേണ്ടെന്നു വച്ച് കൊമേഴ്സ് വിത്ത് മാത്സ്‌
പഠിച്ചത്. തുടര്‍ന്ന് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഇക്കണോമിക്സില്‍ ബിരുദവും ബിരുദാനന്തരബിരുദവും. പിജിക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ റെക്കോഡ് മാര്‍ക്കോടെ റാങ്ക് നേടി. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ എംഫില്‍ ചെയ്യുമ്പോള്‍ പബ്ളിക് ഫിനാന്‍സില്‍ അധ്യാപകനായെത്തിയ ഡോ. തോമസ് ഐസകിന്റെ പ്രിയ ശിഷ്യനായി. 'വാര്‍ധക്യത്തിലെ ദാരിദ്യ്രവും സമൂഹത്തിലെ അവഗണനയും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.
ഗുജറാത്തിലെ ആനന്ദില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദ്(ഇര്‍മ)ല്‍ റിസര്‍ച്ച് ഓഫീസറായി. മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ചെയ്തു. ജര്‍മനിയിലും ജപ്പാനിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 35കാരനായ ശ്യാം പ്രസാദ് ഇപ്പോള്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. അപ്പുവിനെക്കുറിച്ച് അമ്മയ്ക്ക് ഒരു പാട് പറയാനുണ്ടെങ്കിലും അമ്മയെക്കുറിച്ച് അപ്പുവിന് പറയാനുള്ളതെല്ലാം ആര്‍ദ്രമായ ഒരു വാചകത്തിലൊതുങ്ങും. "അമ്മയാണ് എന്നെ ഇങ്ങനെയാക്കിയത്''.
എഴുത്തിന്റെ വഴിയില്‍
കോളേജ് പഠനകാലത്ത് തുടങ്ങിയ എഴുത്തിന് ടീച്ചര്‍ ഇതുവരെ ഇടവേള നല്‍കിയിട്ടില്ല. 21 പുസ്തകങ്ങളാണ് കെ ഉഷയുടേതായുള്ളത്. 11 ബാലസാഹിത്യകൃതികളും നാല് ജീവചരിത്രങ്ങളും ഒരു ശാസ്ത്രലേഖനവും ഇതില്‍ ഉള്‍പ്പെടുന്നു. ബര്‍ലിനിലില്‍ ഒരു സ്ത്രീ, റുഡ്യാര്‍ഡ് കിപ്ളിങിന്റെ ജംഗിള്‍ ബുക്ക്, ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ഥ, ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവ പരിഭാഷപ്പെടുത്തി. അഗ്നിവര്‍ണന്റെ സാമാജ്യ്രം എന്ന നോവലും രചിച്ചു.
അധ്യാപന ജീവിതമാണ് ടീച്ചറെ ബാലസാഹിത്യമേഖലയിലേക്ക് അടുപ്പിച്ചത്. ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ടീച്ചര്‍ ക്ളാസില്‍ പറഞ്ഞു തുടങ്ങിയ കുഞ്ഞുകഥകള്‍ പലതും പേനയിലൂടെ പുനര്‍ജനിച്ചു. ഹായ് എന്തൊരു മധുരം, സ്നേഹം പൂക്കുന്ന മരം, ഇരുമ്പും തുരുമ്പും, എങ്ങു നിന്നോ വന്ന തുമ്പി, കൂടുംകാടും തുടങ്ങി കുഞ്ഞുങ്ങളുടെ നന്‍മയും നൈര്‍മല്യവും തുളുമ്പുന്ന അനേകം കഥാസമാഹരങ്ങള്‍  രചിച്ചു.
"ഞാനും അപ്പുവും ഒരുമിച്ചുണ്ടാവുന്ന നേരങ്ങളില്‍ ഞങ്ങള്‍ വായിച്ച കവിതയും കഥയുമെല്ലാം ചര്‍ച്ച ചെയ്യും. മഹാഭാരതമാണ് ഞങ്ങളുടെ ഇഷ്ടവിഷയം. അതിലെ ഓരോ കഥാപാത്രങ്ങളുടെ ആഴത്തെക്കുറിച്ചും ഞങ്ങള്‍ക്ക് എത്ര സംസാരിച്ചാലും മതിവരില്ല.'' ടീച്ചര്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എടക്കാനം സ്വദേശിനിയായ ഉഷ നിര്‍മലഗിരി കോളേജില്‍നിന്ന് ജീവശാസ്ത്രത്തില്‍ ബിരുദവും ഫറൂക്ക് കോളേജില്‍നിന്ന് ബിഎഡും നേടി. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇംഗ്ളീഷ് എംഎ നേടി. ശിവപുരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 28 വര്‍ഷം അധ്യാപികയായും രണ്ട് വര്‍ഷം പ്രധാനാധ്യാപികയായും  സേവനമനുഷ്ഠിച്ചാണ് വിരമിച്ചത്. ശ്യാമിന് താഴെ മക്കളായി സന്ദീപും സന്ധ്യയും.

മകനുവേണ്ടി ഒരു തരിമ്പുപോലും ത്യാഗം ചെയ്തിട്ടില്ലെന്ന് ഉറച്ചു പറയുന്നിടത്ത് ഉഷടീച്ചര്‍ വീണ്ടും വ്യത്യസ്തയാവുകയാണ്്. "അവനു വേണ്ടി ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റിവയ്ക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തില്ല. പ്രത്യേകമായി അവനെ ശ്രദ്ധിക്കുമ്പോഴും ആ തോന്നലില്ലാതെ അവനെ വളര്‍ത്തി. അവനു മുന്നില്‍ ഞങ്ങള്‍ സങ്കടപ്പെട്ടതേയില്ല. സത്യത്തെ യുക്തിബോധത്തോടെ ഉള്‍ക്കൊള്ളാന്‍ അവനും ഞങ്ങളും പ്രാപ്തരായിരുന്നു. മറികടക്കാനുള്ള ശ്രമങ്ങളെക്കറിച്ചു മാത്രം ചിന്തിച്ചു. അങ്ങനെ ഇതാ ഇവിടെ വരെയെത്തി''. ടീച്ചര്‍ പുഞ്ചിരിച്ചു.

Prof. John Kurakar

No comments: