Pages

Wednesday, July 26, 2017

ഇന്ത്യൻ റെയിൽവേയെകുറിച്ചുള്ള പരാതി എന്ന് അവസാനിക്കും ?

ഇന്ത്യൻ റെയിൽവേയെകുറിച്ചുള്ള പരാതി 
എന്ന് അവസാനിക്കും ?

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതുംവലിയതുമാണ് ഇന്ത്യൻ റെയിൽവേ.  ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.അടുത്തകാലത്തായി ഏറ്റവും കൂടുതൽ പരാതികളാണ് നമ്മുടെ റെയിൽവേ യെ കുറിച്ച് കേൾക്കുന്നത് .
ഇന്ത്യൻ റെയിൽവേയുടെ വൃത്തിഹീനതയും ട്രെയിനുകളിൽനിന്നുള്ള മാലിന്യങ്ങൾ ഉളവാക്കുന്ന ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങളും സംബന്ധിച്ച വാർത്തകൾ രാജ്യത്തിന്റെ അന്തസിനു വലിയ കോട്ടമുണ്ടാക്കിയിരിക്കുകയാണ് . ട്രെയിനുകളിൽനിന്നുള്ള മനുഷ്യവിസർജ്യം റെയിൽ പാളങ്ങളെ മലിനപാതകളാക്കുന്നു. യാത്രക്കാർക്ക്- പ്രത്യേകിച്ചു ദീർഘദൂര യാത്രക്കാർക്ക്- അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ റെയിൽവേ എന്നും പിന്നിലാണ്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലഭിക്കുന്ന ഭക്ഷങ്ങൾ തീരെ മോശമെന്ന  തുടങ്ങിയ പരാതിക്ക് ഒരു പരിഹാരവും ഉണ്ടാകുന്നില്ല.
കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിൽ ഇന്ത്യൻ റെയിൽവേയിലെ പല കാര്യങ്ങളുടെയും പരിതാപകരമായ സ്ഥിതിയും കെടുകാര്യസ്ഥതയും വിവരിക്കുന്നുണ്ട്. വൃത്തിയും വെടിപ്പുമില്ലാത്ത കേറ്ററിംഗ് യൂണിറ്റുകളിലും ട്രെയിനുകളിലും അണുബാധയുള്ള ഭക്ഷണമാണു യാത്രക്കാർക്കു ലഭിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുത്ത 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും നടത്തിയ പരിശോധനയിൽ ഒരിടത്തുപോലും വൃത്തിയും വെടിപ്പുമുള്ള കേറ്ററിംഗ് സർവീസ് കണ്ടെത്താനായിട്ടില്ലന്ന് പാർലമെന്റിൽ വച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു .കുടിവെള്ള വിതരണത്തെ കുറിച്ചും വ്യാപകപരാതിയാണ് .
ട്രെയിനുകളിൽ നിന്നുള്ള മനുഷ്യവിസർജ്യം പാളങ്ങളിൽ വീഴാതിരിക്കുന്നതിന് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ കോച്ചുകളിലും 2019 സെപ്റ്റംബറിനകം ബയോ ടോയ്ലെറ്റ് സ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടായി. സ്ഥിതി ഇപ്പോഴും പഴയതുപോലെതന്നെയാണ് . രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ ദുരവസ്ഥ സ്വകാര്യവത്കരണംകൊണ്ടു പരിഹരിക്കാൻ കഴിയുമെന്നാണ്സർക്കാർ കരുതുന്നത്.കഴിക്കാന്‍ അനുയോജ്യമല്ലാത്ത ഭക്ഷണ വസ്തുക്കള്‍, വൃത്തിയില്ലാത്ത അന്തരീക്ഷം, മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അനധികൃത ബ്രാന്‍ഡുകളുടെ കുടിവെള്ളം തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് സിഎജി കണ്ടെത്തിയത്. ജനങ്ങൾക്ക്  വിശ്വസിക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനമായി ഇന്ത്യൻ റെയിൽവേക്ക് എന്നെങ്കിലും മാറാൻ കഴിയുമോ ?റെയിൽവേയെകുറിച്ചുള്ള പരാതി എന്ന് അവസാനിക്കും ?

പ്രൊഫ്. ജോൺ കുരാക്കാർ


No comments: