Pages

Monday, July 24, 2017

സമൂഹം അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ ജാഗരൂകരാകുക

സമൂഹം അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ
ജാഗരൂകരാകുക

അടുത്തകാലത്തായി  ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും അസഹിഷ്ണുതയുടെ വക്താക്കള്  സകല സീമകളും ലംഘിച്ച്  രംഗത്തിറങ്ങിയിരിക്കുകയാണ് .പലപ്പോഴും മതത്തിന്െറ മൂടുപടം അണിഞ്ഞവരാണ് വര്ഗീയത വളര്ത്തുന്നതെന്ന് കാണാൻ കഴിയും .മതത്തെ കുറിച്ചുള്ള അല്പജ്ഞാനവും  വഴിതെറ്റിയുള്ള  മതപഠനവും പരിശീലനവുമാണ് പലരെയും അസഹിഷ്ണുതയുടെ വക്താക്കളാക്കി മാറ്റിയിരിക്കുന്നത് .ഭീകരമായ തരത്തില്‍ കേരളത്തെ മത തീവ്രവാദം കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ് .
എല്ലാ മതങ്ങളിലും അമിത ആവേശമുള്ളവർ ഉണ്ട് . മനുഷ്യർക്കിടയിൽ ഭിന്നിപ്പിന്റെയും അസഹിഷ്ണുതയുടെയും വിത്ത് വിതക്കുന്നവർ അധർമ്മത്തിന്റെ വക്താക്കളാണ് .സത്യത്തിൽ അവർ  മതത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നത് .ഇന്ത്യൻ ഭരണഘടനയെ പോലും വെല്ലു വിളിച്ച് നീതിന്യായ സംഹിതകളെ സാക്ഷിയാക്കി നടത്തുന്ന  വിധ്വംസക പ്രവര്‍ത്തികള്‍ക്കെതിരായി  എല്ലാ മതവിഭാഗങ്ങളിൽനിന്നും ശബ്ദം ഉയരണം .
സമകാലിക വിഷയങ്ങളില് എഴുത്തുകാരുടെ അഭിപ്രായങ്ങള് ആരായാനും ചര്ച്ച ചെയ്യാനും താത്പര്യം പ്രകടിപ്പിച്ച ഒരു ഭൂതകാലം നമുക്കുണ്ടയിരുന്നു. ഇന്ന് ആ സ്ഥിതികളൊക്ക മാറിവരികയാണ് ."നിങ്ങള് അങ്ങനെ അഭിപ്രായം പറയേണ്ടന്ന്" ആക്രോശിക്കുന്ന ജനക്കൂട്ടങ്ങള് അങ്ങിങ്ങു പെരുകകയാണ്. സൈബര് ഇടങ്ങളാണ് ഇവരുടെ പ്രധാന ഒളിയിടങ്ങള്. വൈരം കലര്ത്തിയ ജാതി നിറച്ച  പോസ്റ്റുകള് പെറ്റുപെരുകുന്നത് ഈ സൈബര് ഇടങ്ങളിലാണ് .
എഴുത്തുകാരന് കെ.പി.രാമനുണ്ണിയുടെയും തൃശ്ശൂര് കേരളവര്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെയും ആക്രോശങ്ങളും ഭീഷണികളുമായും ഇറങ്ങി തിരിക്കാൻ   അസഹിഷ്ണുതയുടെ വക്താക്കൾക്ക്  കഴിഞ്ഞിരിക്കുന്നു .അധ്യാപികയുടെ ശിരസ് നഗ്ന ഉടലിനു മേല് ഫോട്ടോഷോപ്പ് വിദ്യയിലൂടെ പ്രതിഷ്ഠിച്ചും എഴുത്തുകാരന് മതം മാറാന് ആറു മാസത്തെ കാലാവധി നല്കിയും അസഹിഷ്ണുതയുടെ വക്താക്കൾ ശിക്ഷ വിധിച്ചിരിക്കുന്നു .ദീപ ടീച്ചറിനും കെ പി രാമനുണ്ണിക്കും എതിരെയുള്ള കുറ്റപത്രങ്ങള് ഇവയാണ്. ആദ്യം ദീപ ടീച്ചറിന്റെത്... വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈന് വരച്ച സരസ്വതിദേവിയുടെ ചിത്രം കോളേജിലെ ഒരു വിദ്യാര്ഥി സംഘടന ബോര്ഡില് ഉപയോഗിച്ചു. ഇതിനെതിരെ മറ്റൊരു   വിദ്യാര്ഥി സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നായിരുന്നു ആരോപണം. ഇവര്ക്കെതിരെ പ്രതികരിച്ചതാണ് ദീപ എന്ന അധ്യാപികയ്ക്കെതിരെ സൈബര് ആക്രമണത്തിന്നും വധഭീഷണിക്കും വഴിവച്ചത്..
ആക്രമണത്തെ നിയമപരമായി നേരിടാന് ഒരുക്കമാണെന്ന് വ്യക്തമാക്കിയ ദീപ, പോലീസില് പരാതി നല്കിയിട്ടുണ്ട്. ഹിന്ദു -മുസ്ലിം മൈത്രിയെ കുറിച്ച് ഒരു ദിനപത്രത്തില് എഴുതിയ ആറ് ലേഖനങ്ങളാണ് കെ.പി. രാമനുണ്ണിയെ ആറു മാസത്തിനുള്ളില് മതം മാറിക്കോണം എന്ന എന്ന ഭീഷണിക്കത്തിന് കാരണം .. ആറുമാസത്തിനകം മതം മാറണമെന്നും ഇല്ലെങ്കില് ടി ജെ ജോസഫിന്റെതുപോലെ(ന്യൂമാന് കോളേജ് മുന് അധ്യാപകന്) വലതു കൈയും ഇടത് കാലും വെട്ടിക്കളയുമെന്നുമാണ് ഭീഷണി. നിഷ്കളങ്കരായ മതവിശ്വാസികളെ വഴി തെറ്റിക്കുന്നതാണ് ലേഖനമെന്നു ചൂണ്ടിക്കാട്ടിയാണ് ഭീഷണി.ഇന്നത്തെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തിൻറെ  തെളിവാണിതെല്ലാം .മറ്റൊരാളുടെ  മതത്തെ ,വിശ്വാസത്തെ ,അഭിപ്രായത്തെ മാനിക്കാനറിയാത്ത ഒരുകൂട്ടം ആളുകള് വിഷം നിറഞ്ഞ മനസ്സുമായി ഓടിനടക്കുകയാണ് . അവരെ പ്രതിരോധിക്കേണ്ടത് പ്രബുദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന ബഹുഭൂരിപക്ഷസമൂഹമാണ്
അസഹിഷ്ണുതയുടെ വക്താക്കളെ നിയന്ത്രിച്ചില്ലെങ്കിൽ  ഭാരതത്തിൻറെ ഭാവി ഭാഗധേയം നിർണ്ണയിക്കേണ്ട  കുട്ടികളെ പോലും അവർ  വഴിതെറ്റിക്കും .സമൂഹത്തെ ചിന്താപരമായി വളര്‍ത്താതിരിക്കാനാണ്അസഹിഷ്‌ണുക്കൾ  ശ്രമിക്കുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത് . സാംസ്‌കാരിക കേരളം ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം.അവരവരുടെ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ചു തന്നെ നൂറ്റാണ്ടുകളോളം ഈ കേരളക്കരയില്‍ ഹൈന്ദവ ക്രൈസ്തവ മുസ്‌ലിംകള്‍ ജീവിച്ചുവരികയാണ് . എന്നാല്‍, ഈ ആധുനിക യുഗത്തിലാണ് മതം അസഹിഷ്ണുത വളര്‍ത്തുന്ന ഒരു ഉപകരണമാണെന്ന തോന്നലുകള്‍ക്കിട നൽകിയിരിക്കുന്നത് .”മതം ഒരിക്കലും തീവ്രതയെ പ്രോത്സാഹിപ്പിക്കുന്നില്ല. മതം തീര്‍ച്ചയായും സഹിഷ്ണുതയുടേത് മാത്രമാണ്. സമാധാനമാണ് എല്ലാമതങ്ങളുടെയും അടിസ്ഥാനപ്രമാണം .എന്നാല്‍, മതം അനുഷ്ഠിക്കുന്നതില്‍ ചിലര്‍ക്കെങ്കിലും വന്നുപോകുന്ന വീഴ്ചകളും  തെറ്റായ വ്യാഖ്യാനങ്ങളുമാണ്  പ്രശ്‌നമുണ്ടാക്കുന്നത്. ആത്മീയതയുടെ ഏറ്റക്കുറച്ചിലുകള്‍ എല്ലാ മതവിശ്വാസികളിലുമുള്ളതാണ്.  എല്ലാ മതങ്ങളെയും ആചാരങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: