ഡാര്‍വിനും പതഞ്ജലിയും
ഇന്നത്തെ ശാസ്ത്രജ്ഞന്മാരിലോ വിദ്യാഭ്യാസ വിദഗ്ദ്ധരിലോ എത്ര പേര്‍ക്കറിയാം ആധുനിക ജീവപരിണാമ സിദ്ധാന്തത്തിനു രൂപംനല്‍കിയ ചാള്‍സ് ഡാര്‍വിന്‍ ജനിക്കുന്നതിന്
അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ പരിണാമപ്രതിഭാസത്തിന്റെ യഥാര്‍ത്ഥസ്വഭാവമെന്താണെന്ന് പതഞ്ജലി മഹര്‍ഷി വെളിവാക്കിയിരുന്നുവെന്ന കാര്യം? യോഗസൂത്രങ്ങളിലെ
നാലാം അധ്യായമായ കൈവല്യപാദത്തിലെ രണ്ടാം സൂത്രമാണ് ‘ജ്യാത്യന്തരപരിണാമഃ
പ്രകൃത്യപൂരാത്’ എന്നത്.പ്രകൃതിയില്‍ ലീനമായിരിക്കുന്ന
വൈഭവങ്ങളുടെ ആവിഷ്‌കാരമാണ് പരിണാമ പ്രതിഭാസത്തില്‍ സംഭവിക്കുന്നത്
എന്നാണ് ഇതിനര്‍ത്ഥം. ഡാര്‍വിന്റെ വീക്ഷണത്തില്‍ ജീവജാലങ്ങളും പ്രകൃതിയും തമ്മില്‍ നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞുവന്ന പുതിയ ഘടനകളില്‍ നിന്ന് യാദൃച്ഛികമായി ആവിര്‍ഭവിച്ച കഴിവുകളാണ് മനുഷ്യന്റെ ചിന്താശക്തിയുള്‍പ്പെടെ ഉയര്‍ന്ന ജന്തുക്കളില്‍ കാണുന്ന കഴിവുകളെല്ലാം എന്നാണല്ലൊ.
പ്രകൃതിയെയും അതിന്റെ ഉത്ഭവരംഗത്തെയും കുറിച്ച് അല്‍പമെങ്കിലും ആഴത്തിലുള്ള അറിവ് ആധുനിക ശാസ്ത്രത്തിന് ലഭിച്ചത് 20-ാം ശതകത്തോടെയാണ്. ‘പ്രജ്ഞാനം ബ്രഹ്മഃ’ എന്ന അടിസ്ഥാനപരമായ അറിവിനെ ആസ്പദമാക്കിയുള്ളതാണ് യോഗസിദ്ധാന്തത്തിലെ ഈ സൂത്രം. അനന്തമായ വൈഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നു ബ്രഹ്മം എന്ന അടിസ്ഥാന ഉണ്മ. ആ വൈഭവങ്ങലുടെ ആവിഷ്‌കാരമാണ് പരിണാമപ്രതിഭാസത്തിലൂടെ സംഭവിക്കുന്നത് എന്നാണ് പതഞ്ജലി മഹര്‍ഷി ഈ സൂത്രത്തിലൂടെ വെളിവാക്കുന്നത്. പ്രകൃതിയിലേക്ക്
നോക്കുമ്പോള്‍ എന്തെല്ലാം കലാപരമായ ഡിസൈനുകളും സംവിധാനങ്ങലും മൂല്യങ്ങളുമാണ് കാണാന്‍ കഴിയുക! കുരുവിയുടെ ശില്‍പചാതുര്യം, മയില്‍പ്പീലിയിലെ കലാപാടവം, സന്തതികളോടുള്ള
ഉത്തരവാദിത്തം തുടങ്ങി എത്രയെത്ര സംവിധാനങ്ങളാണ് പ്രകൃതിയിലുള്ളത്.ജീവിതസായാഹ്നത്തിലെത്തിയപ്പോള്‍ ഡാര്‍വിനും ഫ്രോയിഡുമൊക്കെ ഇതെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ തുടങ്ങിയെന്നതിന്റെ
സൂചനകളുണ്ട്.
അപ്പോള്‍ ചോദിച്ചേക്കാം, ശാസ്ത്രത്തിന്റെ യാന്ത്രിക സമീപനമല്ലേ മനുഷ്യനെ വിനാശത്തിന്റെ വക്കില്‍ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത്? എല്ലാ ഭൗതികവാദങ്ങളും സിദ്ധാന്തങ്ങളും ഇന്ന് നിസ്സഹായമായി കഴിഞ്ഞിരിക്കുന്നു. ഡൈമോക്കിള്‍സിന്റെ വാളുപോലെ ഏതു നിമിഷവും പൊട്ടിവീണ് സ്വന്തം നിലനില്‍പ്പും ഭൂതലവും എല്ലാം ഇല്ലാതാകും എന്ന നിലയിലാണല്ലൊ ബുദ്ധിജീവിയെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യന്‍ തന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആ നാശത്തിന് നിസ്സഹായമായി വിധേയനാകാന്‍ വിധിക്കപ്പെട്ടതാണോ
മനുഷ്യവംശം?സ്വതന്ത്രനാകാന്‍ ശപിക്കപ്പെട്ടവനാണ്
മനുഷ്യന്‍ എന്ന് എക്‌സിന്റന്‍ഷ്യലിസ്റ്റായ സാത്ര് വളരെ നെഗറ്റീവ് ആയി ഒരിക്കല്‍ പറഞ്ഞുവച്ചത്രേ!
വാസ്തവത്തില്‍ സ്വതന്ത്രനാകാന്‍ വിധിക്കപ്പെട്ടവന്‍
തന്നെയാണ് മനുഷ്യന്‍. അതിനാല്‍, ഇത്തരം ഒരു സ്ഥിതിയെ ബുദ്ധിപൂര്‍വം തന്നെ മനുഷ്യന് തരണം ചെയ്യാന്‍ സാധ്യമാണ്-മനുഷ്യാവസ്ഥയെക്കുറിച്ച് സമഗ്രമായ വിദ്യാഭ്യാസം ലഭിക്കുമെങ്കില്‍. ഇതിനായി ജീവശാസ്ത്രപരമായ വ്യക്തിത്വ ജനെറ്റിക്‌സിനെയും വിശ്വജനീനമായ ജനെറ്റിക്‌സിനെയും തമ്മില്‍ സംയോജിപ്പിച്ചു
മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കണം.വാസ്തവത്തില്‍ ഡാര്‍വിന്റെ ജീവശാസ്ത്രപരമായ പരിണാമവീക്ഷണവും പതഞ്ജലിയുടെ വിശ്വശാസ്ത്രപരമായ പരിണാമവീക്ഷണവും പരസ്പര പൂരകമാണ്.
No comments:
Post a Comment