Pages

Tuesday, December 13, 2016

വര്‍ധ ചുഴലിക്കാറ്റ്: മഴയ്ക്ക് ശമനം; മരണം പത്തായി

വര് ചുഴലിക്കാറ്റ്

മഴയ്ക്ക് ശമനം; മരണം പത്തായി



വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയ്ക്ക് ശമനം. വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച കാറ്റിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതുവരെ പത്ത് പേര്‍ മരിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടുരുകയാണ്. അടച്ചിട്ടിരുന്ന ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്നുള്ള തീവണ്ടികള്‍ പതിവുപോലെ സര്‍വീസ് നടത്തി.കഴിഞ്ഞദിവസം ചെന്നൈയില്‍ ഇറങ്ങേണ്ട, വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള ഇരുപത്തഞ്ചിലധികം വിമാനങ്ങള്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു.
വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. പാര്‍വതി (85), കര്‍ണാ ബെഹ്‌റ (24), കാര്‍ത്തിക്ക് (മൂന്ന്), വൈകുണ്ഡനാഥന്‍ (42), മണി (60), രാധ (75), അമാനുള്ള (45) എന്നിവരാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ ചുമരും മേല്‍ക്കൂരയും ഇടിഞ്ഞുവീണാണ് ഇവരില്‍ പലരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 130-150 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 15-25 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കണ്‍ട്രോള്‍ റൂം നമ്പര്‍: തമിഴ്‌നാട് – 044 593990, ആന്ധ്ര – 0866 2488000
നേരത്തെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴിക്കാറ്റ് മണിക്കൂറില്‍ നൂറ്റിമുപ്പതുമുതല്‍ നൂറ്റിയന്‍പത് കിലോമീറ്റര്‍ വരെ വേഗത്തിലാണ് കരയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം അതിശക്തമായി തുടര്‍ന്നു. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

Prof.JohnKurakar



No comments: