Pages

Thursday, November 10, 2016

DONALD TRUMP( ഡൊണള്‍ഡ് ട്രംപ്)

DONALD TRUMP
ഡൊണള്ഡ് ട്രംപ്
ഒട്ടു പ്രതീക്ഷിക്കാതെയാണ് അമേരിക്കയുടെ അമരത്തേക്ക് കോടീശ്വരനായ ബിസിനസുകാരനും ടിവിതാരവുമൊക്കെയായ ഡൊണള്‍ഡ് ട്രംപ് എത്തുന്നത്. വിവാദങ്ങളുടെ നായകനെന്നാണ് ട്രംപിനെ അമേരിക്കന്‍ ജനത വിശേഷിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വിവാദ പ്രസ്താവനകള്‍ കൊണ്ട് ട്രംപ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഏത് കാര്യത്തിനും തുറന്നടിച്ച് ട്രംപ് അഭിപ്രായം പറയുമെങ്കിലും പിന്തുണയ്ക്കുന്നവര്‍ അമേരിക്കയില്‍ ധാരാളമുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.1946 ജൂണ്‍ 14-ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ജമൈക്ക എസ്റ്റേറ്റ്സിലാണ് ട്രംപ് ജനിച്ചത്. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഫ്രെഡ് ട്രംപിന്റെയും മേരി ട്രംപിന്റെയും അഞ്ചുമക്കളില്‍ നാലാമന്‍. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും പിതാവിന്റെ കമ്പനിയില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്നു ട്രംപ്. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് പതിമൂന്നാം വയസില്‍ ട്രംപിനെ ഒരു മിലിട്ടറി അക്കാദമിയിലേക്ക് അയച്ചു. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ട്രംപ് എഴുപതുകളിലാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസ്സ് രംഗത്തേയ്‌ക്കെത്തുന്നത്. ജ്യേഷ്ഠനായ ഫ്രെഡ് ജൂനിയര്‍ പൈലറ്റാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പിതാവിന്റെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് ബിസിനസ്സില്‍ പിച്ചവച്ച് തുടങ്ങുന്നത്.
ട്രംപിന്‍റെ കുടുംബം
മദ്യപാനത്തെ തുടര്‍ന്ന് 1981-ല്‍ 43-കാരനായ ജ്യേഷ്ഠനായ ഫ്രെഡറിക് ജൂനിയര്‍ മരിച്ചു. ഈ മരണം മദ്യപാനവും പുകവലിയും പൂര്‍ണമായി ഉപേക്ഷിക്കുന്നതിലേക്ക് ഡൊണാള്‍ഡ് ട്രംപിനെ നയിച്ചു. പിന്നീട് പിതാവില്‍ നിന്ന് ലഭിച്ച 10 ലക്ഷം ഡോളറില്‍ നിന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലേക്ക് പ്രവേശിച്ചു. പിന്നീട് കമ്പനി തുടങ്ങിയ ട്രംപ് പുരോഗതിയിലേക്ക് കുതിച്ചു.27-ാമത്തെ വയസ്സില്‍ ഇവാന സെല്‍നിക്കോവ എന്ന ചെക്ക് അത്‌ലറ്റിക്കിനെ ട്രംപ് ജീവിത സഖിയാക്കി. ഈ ബന്ധത്തില്‍ ഡൊണാള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക് എന്നീ മക്കളും ട്രംപിനുണ്ട്. 1990-ലാണ് ട്രംപ്-ഇവാന ദമ്പതിമാര്‍ പിരിഞ്ഞത്. പിന്നീട് 1993-ല്‍ നടിയായ മാര്‍ല മാപ്പ്ള്‍സിനെ ട്രംപ് വിവാഹം ചെയ്തു. ടിഫാനി എന്ന മകള്‍ ഈ ബന്ധത്തില്‍ ട്രംപിന് ഉണ്ട്. 1999-ല്‍ ഈ ബന്ധവും ഉപേക്ഷിച്ച ട്രംപ് 2005-ലാണ് ഇപ്പോഴത്തെ ഭാര്യയായ മെലാനിയ നൗസിനെ (ഇപ്പോള്‍ മെലാനിയ ട്രംപ്) വിവാഹം ചെയ്തത്. ട്രംപിന് ഈ ബന്ധത്തിലുള്ള മകനാണ് ബാരണ്‍ വില്യം ട്രംപ്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹം 1987-ല്‍ തന്നെ ട്രംപ് പ്രകടിപ്പിച്ചിരുന്നു. റീഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി 2000-ത്തില്‍ തന്നെ ട്രംപ് മത്സര രംഗത്ത് എത്തിയിരുന്നു. പിന്നീട് 2016 ന്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് 2015 ല്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.ട്രംപിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു തുടക്കം മുതല്‍ വിവാദങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുര്‍ന്നിരുന്നു. ഒരു പരിധിവരെ ട്രംപിന്റെ നാവാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിക്കുന്നതെന്ന് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ വരെ പറഞ്ഞു. പ്രൈമറികളില്‍ നാക്കുപിഴകള്‍ ആവര്‍ത്തിച്ചപ്പോള്‍ പിന്നീട് എല്ലാം ശരിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ വിശ്വസിച്ചു പക്ഷേ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. കോടീശ്വരനായിട്ടും നികുതി അടയ്ക്കാത്തതും, കറുത്തവര്‍ഗക്കാരോടും ന്യൂനപക്ഷങ്ങളോടുമെല്ലാമുള്ള എതിര്‍പ്പ്, സ്ത്രീകളോടുള്ള ട്രംപിന്റെ സമീപനം എന്നിവയെല്ലാം തിരിച്ചടിയാകുമെന്ന് വിശേഷിപ്പിച്ച ഘടകങ്ങളായിരുന്നു. രാജ്യത്തേക്ക് മുസ്ലീം ജനവിഭാഗത്തെ കയറ്റരുതെന്നു പറഞ്ഞതും സ്ത്രീകളെക്കുറിച്ചുള്ള സംഭാഷണം പുറത്തുവന്നതുമെല്ലാം ട്രംപ് പരാജയപ്പെട്ടേക്കുമെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിശ്വസിക്കുന്നതിനിടയാക്കി.

ഏറ്റവുമൊടുവില്‍ ഒരു ഡസനോളം സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തി. അതിനെ ഒരു തരത്തിലും നേരിടാനാകാതെ പാര്‍ട്ടി കുഴങ്ങി. എന്നാല്‍ പിന്നീട് അങ്ങോട്ട് ട്രംപ് ജയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി അമേരിക്കയില്‍ നടത്തിയ പ്രസംഗങ്ങള്‍ എടുത്താല്‍ നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും അമ്പരപ്പിക്കുകയാണ്. ട്രംപ് അമേരിക്കയുടെ പ്രഥമ പൗരനായി മാറിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തെത്തുമ്പോള്‍ ട്രംപിന് ഭരണ പരിചയക്കുറവ് അനുഗ്രഹമാകുമോ അല്ലയോ എന്ന് കാലം ഉത്തരം നല്‍കട്ടെ. യൂറോപ്പും അറബ് രാജ്യങ്ങളും ആശങ്കപ്പെട്ടാലും അന്താരാഷ്ട്ര തീവ്രവാദത്തോട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ പ്രവര്‍ത്തിയിലേയ്ക്ക് വന്നാല്‍ ലോകത്തിലെ നിര്‍ണായക ജനാധിപത്യ ശക്തിയായ ഭാരതത്തിന് അത് ചെയ്യുമെന്ന് കരുതാം.

No comments: