ആറന്മുള വിമാനത്താവള പദ്ധതി ഓർമ്മയിൽ
ആറന്മുള വിമാനത്താവളം ഇനി ഓർമ്മയിൽ.വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയതുൾപ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയതോടെ വിമാനത്താവള പദ്ധതി പൂർണ്ണമായി ഇല്ലാതായി. ആറന്മുള വിമാനത്താവളത്തിന് നൽകിയ തത്വത്തിൽ അംഗീകാരം, ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലാ പ്രഖ്യാപനം, വിമാനത്താവള കമ്പനിയിൽ സംസ്ഥാന സർക്കാർ എടുത്ത ഓഹരിപങ്കാളിത്തം എന്നിവയാണ് എഡിഎഫ് സർക്കാർ റദ്ദാക്കിയത്. ശ്രദ്ധേയമായ നിയമ പോരാട്ടങ്ങളാണ് വിമാനത്താവള പദ്ധതിക്കെതിരായി നടന്നത്.
2003 ൽ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ പഠനത്തിനായി എയർസ്സ്ട്രിപ്പ് പണിയുന്നതുമായി ബന്ധപ്പെട്ട് മൗണ്ട് സിയോൺ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ എബ്രഹാം കലമ്മണ്ണിൽ തരിശുകിടന്ന ആറന്മുളയിലെ പാടശേഖരങ്ങൾ വാങ്ങിക്കൂട്ടി. 350 ഏക്കറോളം ഭൂമിയാണ് വാങ്ങിക്കൂട്ടിയത്. തുടർന്ന് ഈ പാടശേഖരങ്ങൾ എയർ സ്ട്രിപ്പ് നിർമ്മാണത്തിനായി നികത്തിത്തുടങ്ങി. ആറന്മുള പുഞ്ചയിലൂടെ ഒഴുകിയിരുന്ന കരിമാരം തോടും വലിയതോടും നികത്തി. 2010 ൽ ഈ സ്ഥലം എബ്രാഹം കലമ്മണ്ണിൽ കെ ജി എസ് ഗ്രൂപ്പിന് വിറ്റു. 2010ൽ വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. തുടർന്ന് വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വേഗത്തിൽ നീക്കാൻ കെ ജി എസ് ഗ്രൂപ്പ് ശ്രമം നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന യുപിഎ സർക്കാരിൽ സ്വാധീനം ചെലുത്തി കേന്ദ്ര വ്യോമയാന, പ്രതിരോധ, വനം – പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുത്തു. കെജിഎസ് ഗ്രൂപ്പ് പരിസ്ഥിതി ആഘാത പഠനത്തിനായി എൺവിറോകെയർ എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഇവർ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയാറാക്കി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര – വനം പരിസ്ഥിമന്ത്രാലയം വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയും നൽകി.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ വിമാനത്താവള പദ്ധതിക്ക് വേഗത കൈവന്നു. യുഡിഎഫ് സർക്കാർ പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചു. വിമാനത്താവള കമ്പനിയിൽ യുഡിഎഫ് സർക്കാർ 10 ശതമാനം ഓഹരിപങ്കാളിത്തവും എടുത്തു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി 2012ൽ കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങലിൽ നിന്ന് പദ്ധതിക്കനുകൂലമായി കെ ജി എസ് ഗ്രൂപ്പ് എല്ലാ അനുമതികളും നേടി. വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധവുമായി സിപിഐ ആണ് ആദ്യരംഗത്തെത്തിയത്. പിന്നീട് മറ്റ് രാഷ്ട്രീയ പാർട്ടികളും, പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരായി സമരരംഗത്ത് വന്നു. തുടർന്ന് ആറന്മുളയിലെ ജനങ്ങൾ വിമാനത്താവള പദ്ധതിക്കെതിരായി കക്ഷിരാഷ്ട്രീയത്തിനതീതമായി വിമാനത്താവള വിരുദ്ധ ഏകോപന സമിതി രൂപീകരിച്ച് സമരരംഗത്ത് അണിനിരന്നു. 2014 ഫെബ്രുവരി മാസത്തിൽ വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആറന്മുളയിൽ മാസങ്ങൾ നീണ്ടുന്ന സമരത്തിന് തുടക്കം കുറിച്ചു.
12 ഓളം നിയമങ്ങൾ ലംഘിച്ചാണ് കെജിഎസ് ഗ്രൂപ്പ് വിമാനത്താവള നിർമ്മാണവുമായി മുന്നോട്ട് പോയത്. ആറന്മുള വില്ലേജിൽ 388/12, 391/1, 410, എന്നീ സർവേ നമ്പരുകളിലും മല്ലപ്പുഴശേരി വില്ലേജിലെ 108, 246, 248, 249, 252,
251/1 എന്നീ സർവേ നമ്പരുകളിലും ഉൾപ്പെട്ട പുറമ്പോക്കു തോട്, ചാല്, എന്നിവ കൈയേറിയാണ് 10 വർഷം മുമ്പ് ഭൂമിയുടെ മുൻ ഉടമയായ ഏബ്രഹാം കലമണ്ണിൽ വിമാനത്താവളത്തിനായി 35 ഏക്കറിൽ അധികം ഭൂമി മണ്ണിട്ടു നികത്തിയത്. ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി വില്ലേജുകളിലായി 500 ഏക്കർ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വ്യാവസായ മേഖല പ്രഖ്യാപനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുത്തതോടെ 1500ൽ അധികം സ്ഥലം പരിധിക്കുള്ളിലായി.
ആറന്മുളയിലെ ഭൂമി വിമാനത്താവള നിർമ്മാണ കമ്പനിക്കുവേണ്ടി അനധികൃതമായി നികത്തുന്നതിനെതിരെ സി പി ഐ മുൻ ജില്ലാ സെക്രട്ടറി പി പ്രസാദ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറന്മുളയിൽ ഇനി ഒരു ഇഞ്ചു ഭൂമി പോലും നികത്തരുതെന്ന് ജസ്റ്റിസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ, ബാബു പി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ആറന്മുള സ്വദേശി മോഹനൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ആറന്മുളയിലെ തോടുകൾ പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ചന്ദ്രശേഖരൻ നായർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഭൂമി നികത്തരുതെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
പി പ്രസാദ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എ പദ്മകുമാർ, തുടങ്ങി പരിസ്ഥിതി പ്രവർത്തകർ വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമായ ഗ്രീൻ ട്രൈബ്യുണലിനെ സമീപിച്ചു. വിശദമായ വാദത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി അനുമതി നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചു. നികത്തിയ തോടും ചാലും ഒരു മാസത്തിനകം പുനഃസ്ഥാപിക്കണമെന്ന് കളക്ടറോട് നിർദേശിച്ച് 2014 ജൂൺ 16 ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിവിധി നടപ്പാക്കാൻ അന്നത്തെ കളക്ടർ തയാറായില്ല.
കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷവും പദ്ധതിക്കനുകൂലമായ അനുമതികൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പ് നീക്കം നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം നടപ്പിലായില്ല. ഈ വർഷം ജൂലൈ 29 ന് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം കെ ജി എസ് ഗ്രൂപ്പിന് അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മുമ്പ് പഠനം നടത്തിയ കമ്പനിയെ ഒഴിവാക്കി എസ്ജിഎസ് ്രെപെവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം കെ ജി എസ് ആരംഭിക്കുകയും ചെയ്തു.
യുപിഎ സർക്കാരിന്റെ കാലത്ത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ആറന്മുള വിമാനത്താവള പദ്ധതി ഉൾപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി മഹേഷ് ശർമ്മ ആറന്മുള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് രാജ്യസഭയിൽ അറിയിച്ചത് എതിർപ്പിന് ഇടയാക്കിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആറന്മുളയിൽ വിമാനത്താവള പദ്ധതി നടപ്പാക്കുയില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ആറന്മുളയിലെ തരിശുകിടക്കുന്ന പാടശേഖരത്ത് നെൽകൃഷി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 29 ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആറന്മുളയിലെത്തി നെൽവിത്തെറിഞ്ഞ് നെൽകൃഷി ആരംഭിക്കുകയും ചെയ്തു.
Prof. John Kurakar
No comments:
Post a Comment