Pages

Saturday, November 5, 2016

വായുമലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ 1,800 സ്കൂളുകള്‍ പൂട്ടി

വായുമലിനീകരണം രൂക്ഷം:

 ഡല്‍ഹിയില്‍ 1,800 സ്കൂളുകള്‍ പൂട്ടി

കടുത്ത അന്തരീക്ഷമലിനീകരണവും പുകമഞ്ഞും ഭീഷണിയായതോടെ ഡല്‍ഹിയില്‍ 1,800 സ്കൂളുകള്‍ പൂട്ടി. വായുവിലെ മാലിന്യം സുരക്ഷിതപരിധിയേക്കാള്‍ 13 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ശനിയാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കിയത്. 

അന്തരീക്ഷമലിനീകരണം 17 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. തിങ്കളാഴ്ച വായുവിലെ മാലിന്യത്തിന്റെ അളവ് കുറയുകയാണെങ്കില്‍, സ്കൂള്‍ തുറന്നാല്‍ മതിയെന്നാണ് തീരുമാനം. ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ 1,800 സ്കൂളുകളില്‍ പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 

ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പുകപടലങ്ങള്‍ക്ക് പുറമേ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന്റെ അവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നതുമാണ് സാഹചര്യം വഷളാക്കിയതെന്ന് വിദഗ്ധര്‍ പറഞ്ഞു. വായുവിലെ പരുക്കന്‍ മാലിന്യവസ്തുക്കളുടെ അളവ് ക്യുബിക് മീറ്ററില്‍ 1,200 മൈക്രോഗ്രാം എന്ന അവസ്ഥയിലേക്ക് ഉയര്‍ന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് അറിയിച്ചു. കടുത്ത പുക മൂടിയ അന്തരീക്ഷത്തില്‍ വാഹനമോടിക്കുന്നത് വെല്ലുവിളിയാണെന്ന് നഗരവാസികള്‍ പറഞ്ഞു. കണ്ണുനീറുന്നതും ശ്വാസതടസ്സമുണ്ടാകുന്നതും പതിവായിട്ടുണ്ട്.

തൂവാലയും മാസ്കും കൊണ്ട് വായയും മൂക്കും മൂടിക്കെട്ടിയാണ് ആളുകള്‍ പുറത്തേക്കിറങ്ങുന്നത്. ഡല്‍ഹി മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുമ്പോഴും കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ലോക ആരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഡല്‍ഹി ലോകത്തെ ഏറ്റവും അന്തരീക്ഷമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ ഒന്നാണ്. മലിനീകരണത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന മാരകരോഗങ്ങള്‍  ഡല്‍ഹിയിലെ ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ ഇടിവുണ്ടാക്കിയേക്കുമെന്നും ആരോഗ്യസംഘടനകള്‍ പറയുന്നു.
Prof. John Kurakar



No comments: