Pages

Wednesday, October 26, 2016

PROF. JOSEPH MUNDASSERY (പ്രൊഫ. ജോസഫ്‌ മുണ്ടശേരിയുടെ ഓർമയ്ക്ക്‌ 39 വർഷം)

പ്രൊഫ. ജോസഫ്മുണ്ടശേരിയുടെ ഓർമയ്ക്ക്‌ 39 വർഷം
അഞ്ജന ആർ പ്രസാദ്
പ്രഭാഷകൻ, നിരൂപകൻ, നോവലിസ്റ്റ്, വിദ്യാഭ്യാസ ചിന്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  എഴുത്തുകാരനായിരുന്നു പ്രൊഫ. മുണ്ടശേരി ' നമ്മുടെ സാമൂഹിക സാംസ്കാരിക രംഗത്തെ ചലനാത്മകമാക്കിയ മഹാനായിരുന്നു അദ്ദേഹം . 1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. മുണ്ടശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലാണ് 57ലെ മന്ത്രിസഭയെ പിരിച്ചു വിടാൻ കാരണമായത്. വിദ്യാഭ്യാസത്തെ മാനേജ്മെന്റുകളുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന്
മോചിപ്പിക്കാനും സ്വകാര്യസ്കൂൾ അധ്യാപകരെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനും വേണ്ടിയാണ് ബില്ല് അവതരിപ്പിച്ചത്. ഇതോടെ ജാതി-മത ശക്തികൾ സംഘടിക്കുകയും, ബാലറ്റുപേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കുകയുമായിരുന്നു 
 തീർത്തും ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നാണ് മുണ്ടശേരി ജ്വലിച്ചുയർന്നത്. അതുകൊണ്ടുതന്നെ കീഴടങ്ങാത്ത ഇഛാശക്തിയും പൊരുതുന്ന മനസ്സും അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നു.1926ൽ ബിരുദം നേടിയ ശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഭൗതികശാസ്ത്രത്തിൽ ഡെമോൺസ്ട്രേറ്ററായി. പിൽക്കാലത്ത് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായ സി അച്യുതമേനോനും ഇഎംഎസും മുണ്ടശേരിയുടെ വിദ്യാർഥികളായിരുന്നു. 1928ൽ മലയാളം എംഎ കരസ്ഥമാക്കിയ മുണ്ടശേരി സെന്റ് തോമസിൽ പ്രഫസറായി. പ്രൊഫ എം പി പോൾ അന്ന് അവിടെ അധ്യാപകനായിരുന്നു. എംപി പോളിനോടൊപ്പം കോളജിൽ അധ്യാപകനായി പ്രവർത്തിച്ചത് മുണ്ടശേരിയുടെ സൗന്ദര്യബോധത്തേയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. 1952ൽ മുണ്ടശേരിയെ മാനേജ്മെന്റ് കോളജിൽ നിന്ന് പുറത്താക്കി. ഇഎംഎസിന്റെ ആദ്യമന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിക്കൊണ്ട്് മുണ്ടശേരി അതിന് മധുരമായി പ്രതികാരം വീട്ടി.
കമ്മ്യൂണിസ്റ്റ് ആശയങ്ങളും കാഴ്ചപ്പാടുകളുമാണ് മുണ്ടശേരിയെ മുന്നോട്ടുനയിച്ചത്. പഴയ കൊച്ചി രാജ്യത്തിലെ പ്രജാമണ്ഡലത്തിലൂടെയാണ് മുണ്ടശേരി സജീവ രാഷ്ട്രീയക്കാരനായത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനാകുകയായിരുന്നു. മംഗളോദയം പ്രസിദ്ധീകരണശാലയുടെയും മാസികയുടെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തും നവജീവൻ പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചും നമ്മുടെ സാംസ്കാരിക രംഗത്തെ ചലനാത്മകമാക്കി.
മലയാള സാഹിത്യവിമർശനത്തിലെ വേറിട്ട ശബ്ദമായിരുന്നു പ്രൊഫ. മുണ്ടശേരിയുടേത്. കുമാരനാശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികളെ വിശകലനം ചെയ്തുകൊണ്ടാണ് മുണ്ടശേരി വിമർശകന്റെ കിരീടമണിയുന്നത്. ‘മാറ്റൊലി’ എന്ന പുസ്തകത്തിൽ ആശാനെ കവികളുടെ കവി എന്ന് പ്രൊഫ. മുണ്ടശേരി സംബോധന ചെയ്തു. വള്ളത്തോളിനെതിരെ ഗുണദോഷ സമ്മിശ്രമായ നിരൂപണം നടത്തിയ മുണ്ടശേരി ഉള്ളൂരിനെ അതിരൂക്ഷമായി ആക്രമിച്ചു. നാടകീയതയാണ് കവിതയുടെ ആത്മാവ് എന്ന് നിരീക്ഷിച്ചുകൊണ്ട് ഉള്ളൂരിനെ കടന്നാക്രമിച്ചു. മലയാള കവിതയിലെ പ്രതാപശാലിയായ ഉള്ളൂരിന്റെ വിഗ്രഹത്തെ ഉടച്ചുകൊണ്ട് വലിയ കലാപങ്ങൾക്കാണ് മുണ്ടശേരി തുടക്കമിട്ടത്. ‘അന്തരീക്ഷം’ എന്ന പുസ്തകത്തിൽ പിന്നീട് തന്റെ കണ്ടെത്തലിന് കൂടുതൽ ബലം നൽകുകയായിരുന്നു പ്രൊഫ. മുണ്ടശേരി. മാർക്ക്സിയൻ ദർശനവും ടെയിന്റെ സമൂഹ്യശാസ്ത്ര വിമർശന കാഴ്ചപ്പാടുമായിരുന്നു മുണ്ടശേരിയുടെ സൗന്ദര്യബോധത്തെ നിർണയിച്ചത്. മലയാളത്തിലെ സാമൂഹ്യശാസ്ത്ര വിമർശനത്തിന് അസ്തിവാരമിട്ട വിമർശകൻ കൂടിയായിരുന്നു മുണ്ടശേരി. പുരാണകഥയിൽ ശാപകഥകൂടി ചേർത്തുകൊണ്ട് ശകുന്തളയെ മറന്നുപോയതിന് ദുഷ്യന്തനെ ന്യായീകരിക്കുന്ന കാളിദാസനെ കണക്കറ്റ് വിമർശിച്ചുകൊണ്ടാണ് സാമൂഹ്യശാസ്ത്ര വിമർശനത്തിന് എല്ലുറപ്പുള്ള പശ്ചാത്തലം അദ്ദേഹം ഒരുക്കിയത്. അങ്ങനെ കാളിദാസൻ കാലത്തിന്റെ ദാസനായിരുന്നുവെന്ന് ‘കാലത്തിന്റെ കണ്ണാടി’ എന്ന പുസ്തകത്തിൽ മുണ്ടശേരി ഉറക്കെ വിളിച്ചുപറഞ്ഞു.
ഒരു നല്ല വിമർശകൻ വിഗ്രഹഭഞ്ജകനായിരിക്കണം എന്ന സത്യത്തെ യാഥാർത്ഥ്യമാക്കുന്നതായിരുന്നു മുണ്ടശേരിയുടെ വിമർശനങ്ങൾ. ശബ്ദാഢംബരത്തിൽ ശ്രദ്ധ കാണിക്കുകയും വിഷയസ്വീകരണത്തിൽ ആത്മാർത്ഥതയില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്യുന്ന ജി ശങ്കരക്കുറുപ്പിനെ വിമർശിച്ചുകൊണ്ട് മുണ്ടശേരി വീണ്ടും വിഗ്രഹഭഞ്ജകനാകുന്നു. മയൂരസന്ദേശത്തെ കടന്നാക്രമിച്ചുകൊണ്ട് സന്ദേശം അതൊന്നേയുള്ളു എന്നും അത് മേഘസന്ദേശമാണെന്നും പറഞ്ഞ് കേരളവർമ്മ വലിയകോയിതമ്പുരാന്റെ വിഗ്രഹത്തെയും മുണ്ടശേരി ഉടയ്ക്കുന്നു. ഇങ്ങനെ വിഗ്രഹങ്ങളെ ഉടയ്ക്കുന്നവർ പകരം ചില വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുമെന്നുള്ളത് ചരിത്രം. ഉള്ളൂരിന്റെ വിഗ്രഹത്തെ ഉടച്ച മുണ്ടശേരി കുമാരനാശാന്റെ വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. കേരളവർമ്മ വലിയകോയിതമ്പുരാന്റെ വിഗ്രഹത്തിന് പകരം ഏ ആർ രാജരാജവർമ്മയെയും പ്രതിഷ്ഠിക്കുകയാണ് മുണ്ടശേരി. പാശ്ചാത്യ-പൗരസ്ത്യ സൗന്ദര്യ ശാസ്ത്രങ്ങളുടെ സമഞ്ജസമായ സമ്മേളനമായിരുന്നു പ്രൊഫ. മുണ്ടശേരിയുടെ വിമർശനം. ‘കാവ്യപീഠിക’ എന്ന പുസ്തകത്തിൽ അരിസ്റ്റോട്ടിൽ മുതൽ റിച്ചാർഡ്സ് വരെയുള്ളവരുടെയും ഭരതമുനി മുതൽ കുന്തകൻ വരെയുള്ളവരുടെയും സാഹിത്യ സിദ്ധാന്തങ്ങളെ അവതരിപ്പിച്ചുകൊണ്ട് കലയുടെ ആസ്വാദനത്തിൽ കിഴക്കും പടിഞ്ഞാറും ഒന്നാകാനേ തരമുള്ളുവെന്ന് പറഞ്ഞുവയ്ക്കുകയാണ് പ്രൊഫ. മുണ്ടശേരി.
മലയാളത്തിലെ ഒന്നാന്തരം പ്രഭാഷകനായിരുന്നു മുണ്ടശേരി മാഷ്. കവിതയുടെ കാലം കഴിഞ്ഞുപോയി എന്നും ഇനി ഗദ്യത്തിന്റെ കാലമാണെന്നും മുണ്ടശേരി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ ഗദ്യത്തെക്കുറിച്ച് നിരന്തരം പ്രഭാഷണം നടത്തിയ പ്രൊഫ. മുണ്ടശേരിക്ക് ഗദ്യത്തിന്റെ സൗന്ദര്യാവതാരകനാകാൻ കഴിയാതെ പോയി. മലയാള സാഹിത്യ നിരൂപണരംഗത്ത് വിപ്ലവകരമായ ആശയങ്ങൾ അവതരിപ്പിച്ചപ്പോഴും സാഹിത്യസംസ്കാരത്തിന്റെയും സാമൂഹ്യബോധത്തിന്റെയും യുക്തിചിന്തയുടെയും ബലിഷ്ഠമായ അടിത്തറയിൽ മുണ്ടശേരി ചുവടുറപ്പിച്ചിരുന്നു. സാഹിത്യകൃതിയുടെ ആത്മസത്തയിലേയ്ക്കും എഴുത്തുകാരന്റെ പ്രതിഭയെ ആഴത്തിൽ അളന്നുപഠിച്ച് കൃതിയുടെ യഥാർത്ഥ പൊരുൾ കാട്ടിത്തരുന്ന വിമർശനരീതിയായിരുന്നു മുണ്ടശേരിയുടേത്. ഓരോ കാവ്യത്തെയും അതിന്റെ അന്തരീക്ഷത്തിൽ കാണുകയും ഉള്ളറകളിലേയ്ക്ക് ആഴ്ന്നിറങ്ങി ആസ്വദിക്കുകയും ചെയ്യുന്നതായിരുന്നു മുണ്ടശേരിയുടെ നിരൂപണ പദ്ധതി. ഒരു ഘട്ടത്തിൽ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഏറ്റവും വലിയ വക്താവും പ്രചാരകനുമായിരുന്ന മുണ്ടശേരി ‘രൂപഭദ്രതാവാദം’ അവതരിപ്പിച്ചുകൊണ്ട് സംഘത്തിൽ നിന്ന് തെറ്റിപ്പിരിയുകപോലും ചെയ്തു. കാലഘട്ടത്തിന്റെ അഭിരുചി മനസ്സിലാക്കി അതിനനുകൂലമായ, സൗന്ദര്യപരമായ പശ്ചാത്തലമൊരുക്കിയ വിമർശകനായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശേരി. അങ്ങനെ കാലഘട്ടത്തിന്റെ നിരൂപകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1977 ഒക്ടോബർ 25ന് മുണ്ടശേരി ചരിത്രത്തിലേയ്ക്ക് ദീർഘമായി നടത്തിയ യാത്രകൾ അവസാനിപ്പിച്ച് ഈ ലോകത്തിൽ നിന്ന് വിടവാങ്ങി.
Prof. John Kurakar


No comments: