Pages

Saturday, October 22, 2016

കംപ്യൂട്ടറിലും വിവരസാങ്കേതിക വിദ്യയിലും പ്രാവിണ്യമുള്ളവരെ ബാങ്കുകളിൽ പ്രത്യക ഓഫീസർമാരായി നിയമിക്കണം


കംപ്യൂട്ടറിലും വിവരസാങ്കേതിക വിദ്യയിലും പ്രാവിണ്യമുള്ളവരെ ബാങ്കുകളിൽ പ്രത്യക ഓഫീസർമാരായി നിയമിക്കണം
ഇന്ന് എടിഎം തട്ടിപ്പുകള്‍ വ്യാപകമായിരിക്കുകയാണ് .മുപ്പത്തിരണ്ട്‌ ലക്ഷത്തിൽപ്പരം എടിഎം കാർഡുകൾ സുരക്ഷിതമല്ലെന്ന കണ്ടെത്തിയിരിക്കുന്നു . രാജ്യത്ത്‌ ഏറ്റവും കൂടുതൽ എടിഎംകാർഡുകൾ നിലവിലുള്ളത്‌ കേരളത്തിലാണെന്ന്‌ അറിയുന്നു .  ഏറ്റവും കൂടുതൽ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത്‌ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണ്‌. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല . റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മാനദണ്ഡങ്ങളനുസരിച്ച്‌ തട്ടിപ്പിന്റെ ഉത്തരവാദിത്തം ഇടപാടുകാർക്കല്ലെന്ന്‌ വ്യക്തമായാൽ നഷ്ടം നികത്താൻ ബാങ്കുകൾ ബാധ്യസ്ഥമാണ്‌. തട്ടിപ്പിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന്‌ നിർണയിക്കുക ശ്രമകരമാകയാൽ ഇടപാടുകാരുടെ ആശങ്ക ഇരട്ടിക്കുക സ്വാഭാവികമാണ് .
 ചൈനയിൽ നിന്നും യുഎസിൽ നിന്നും ഇന്ത്യൻ ബാങ്ക്‌ ഇടപാടുകാരുടെ പണം നഷ്ടമായത്‌ എടിഎം തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.ഇന്ത്യൻ ബാങ്കുകളുടെ സൈബർ സുരക്ഷ സംശയത്തിന്റെ നിഴലിലാണ്‌. ബാങ്കിങ്‌ രംഗത്തെ സൈബർ തട്ടിപ്പുകൾ ലോകവ്യാപകമാണ്‌. മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവത്തിൽ പ്രതിവർഷം 1,26,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന്‌ ഉണ്ടാകുന്നതായി വ്യവസായികളുടെ സംഘടന പറയുന്നു . 2015 ൽ ഇന്ത്യൻ ബാങ്കുകളിൽ 12,000 ലക്ഷത്തോളം ക്രഡിറ്റ്‌-ഡബിറ്റ്‌ കാർഡ്‌-നെറ്റ്‌ ബാങ്കിങ്‌ തട്ടിപ്പുകൾ നടന്നതായി രാജ്യസഭയിൽ കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തെ മുഴുവൻ പൗരന്മാരെയും ബാങ്ക്‌ അക്കൗണ്ട്‌ ഉടമകളാക്കിമാറ്റിയിരിക്കുന്ന ഈ കാലഘട്ടത്തിൽ  ബാങ്ക്‌ ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തത് ആശങ്കാജനകമാണ്‌ .കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എടിഎം കാർഡുകളാണ്  പല ബാങ്കുകളും ഉപയോഗിക്കുന്നത് .തങ്ങളുടെ ഇടപാടുകാർക്ക് വേണ്ടത്ര പരിശീലനം നൽകാനുള്ള  കംപ്യൂട്ടർ വിദഗ്ദ്ധർ പല ബാങ്കുകളിലും ഇല്ല . ഇടപാടുകാരുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ബാങ്കുകളും സർക്കാരും കൈമലർത്തുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത് .
രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച സമസ്ത രഹസ്യങ്ങളും കയ്യാളുന്ന ആധാർ സംവിധാനവും കുറ്റമറ്റതാണെന്ന് പറയാൻ കഴിയുമോ ?. ഉപഭോക്താവ് കബളിക്കപ്പെട്ടതായി പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പരാതിയുടെ രജിസ്റ്റര്‍ നമ്പറടക്കം ഉള്‍പെടുത്തി മറുപടി നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായിരിക്കണമെന്നും റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഇറക്കിയ കരട് നിര്‍ദേശത്തില്‍ പറയുന്നു.കംപ്യൂട്ടറിലും വിവരസാങ്കേതിക വിദ്യയിലും പ്രാവിണ്യമുള്ളവരെ ബാങ്കുകളിൽ പ്രത്യക ഓഫീസർമാരായി നിയമിക്കണം .ഓരോ ഇടപാടുകാർക്കും പരിശീലനം നൽകുകയും വേണം .നൂതന സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ പഴയതുപോലെ ഇനി ബാങ്കുകൾക്ക് മുന്നോട്ടുപോകാനാവില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: