Pages

Friday, October 7, 2016

ബന്ധു നിയമനങ്ങൾ വിവാദത്തിൽ

ബന്ധു നിയമനങ്ങൾ
വിവാദത്തിൽ
സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐ·ഇ) മാനേജിങ് ഡയറക്ടറായി നിയമിച്ചത് മുഖ്യമന്ത്രി ഇടപെട്ടതോടെ റദ്ദാക്കി. വിവാദനിയമനം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടു പറഞ്ഞതിനു തൊട്ടുപിന്നാലെ നിയമന ഉത്തരവ് വ്യവസായവകുപ്പു റദ്ദാക്കുകയായിരുന്നു....
അതേസമയം നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും മറ്റു നിയമന നീക്കങ്ങളിൽ നിന്നു വകുപ്പു പിന്മാറിയിട്ടില്ല. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ സഹോദരി കൂടിയായ പി.കെ.ശ്രീമതിയുടെ മകനെ കെഎസ്ഐ·ഇ എംഡിയായി നിയമിച്ച ഉത്തരവ് ശനിയാഴ്ചയാണു പുറത്തിറങ്ങിയത്. ഇന്നലെ സംഭവം വിവാദമായതോടെ തന്റെ ബന്ധുക്കൾ പല സ്ഥലത്തും ഉണ്ടാകുമെന്നും പരാതി കിട്ടിയാൽ നോക്കാം എന്നുമായിരുന്നു മന്ത്രി ജയരാജന്റെ ആദ്യ പ്രതികരണം. എന്നാൽ നിയമനം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെയാണു കഥമാറിയത്. തൊട്ടുപിന്നാലെ സുധീറിന്റെ നിയമനം റദ്ദാക്കിയ വ്യവസായവകുപ്പ് നേരത്തേ എംഡിയായിരുന്ന ഡോ.എം.ബീനയ്ക്കു ചുമതല നൽകി.
കഴിഞ്ഞ ഇടതു സർക്കാരിൽ പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായപ്പോൾ മകൻ സുധീറിന്റെ ഭാര്യ ധന്യയെ പാചകക്കാരിയായി നിയമിച്ചിരുന്നു. ഇവർക്കു പിന്നീടു പിഎ ആയി ഗസറ്റഡ് റാങ്കിൽ സ്ഥാനക്കയറ്റം നൽകി. ഇതു വിവാദമായപ്പോൾ റദ്ദാക്കിയെങ്കിലും പെൻഷൻ ലഭിക്കാനുള്ള സർ‌വീസ് കാലം അതിനകം പൂർത്തിയാക്കിയിരുന്നു. അതേസമയം, പാർട്ടി നേതാക്കളുടെ അടുത്ത ബന്ധുക്കളുടെ നിയമനം തുടരുകയാണ്....
സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദനെ വ്യവസായ വകുപ്പിനു കീഴിലുള്ള കഴക്കൂട്ടത്തെ കിൻഫ്ര അപ്പാരൽ പാർക്ക് മാനേജിങ് ഡയറക്ടറായി നിയമിച്ചു. വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആൻഡ് സിറാമിക്സ് ലിമിറ്റഡിൽ ജനറൽ മാനേജരായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച പി.കെ.ചന്ദ്രാനന്ദന്റെ മകൾ ബിന്ദുവാണു വനിതാ വികസന കോർപറേഷൻ എംഡി.

കെഎംഎംഎൽ വെൽഫെയർ മാനേജരായിരുന്നു ബിന്ദു. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകൻ, സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ എന്നിവരെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതപദവിയിൽ നിയമിക്കാൻ നീക്കം നടക്കുന്നു. മാനേജിങ് ഡയറക്ടർ പദവിക്കായി വ്യവസായവകുപ്പു തന്നെ നിശ്ചയിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കു നിയമനം നൽകുന്നത്. അതേസമയം, വ്യവസായ സ്ഥാപനങ്ങളിൽ എം‍ഡിമാരെ നിയമിക്കുന്നത് പരിചയസമ്പത്തു മുൻനിർത്തിയായിരിക്കണമെന്നാണു മുഖ്യമന്ത്രി കോഴിക്കോട്ടു പറഞ്ഞത്. നല്ല കഴിവുറ്റവരെയാണു സാധാരണ ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Prof. John Kurakar

No comments: