തെരുവ്‌നായ ശല്യം: മലയാളികള്‍ നിയമം കൈയിലെടുക്കുമെന്ന് സുപ്രീംകോടതി സമിതി
തെരുവ്നായ പ്രശ്നത്തില്‍ സജീവ നടപടികള്‍ സ്വീകരിക്കാത്ത കേരളത്തിനെതിരെ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതിയുടെ റിപ്പോര്ട്ട്. കേരളത്തിലെ തെരുവ് നായകളുടെ വളര്ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്ത കാരണം അവയുടെ വളര്ച്ചാനിരക്ക് മനുഷ്യര്ക്ക് ഭീഷണിയാവുന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതു നിമിഷവും കൈവിട്ടു പോകാവുന്ന നിലയിലാണ് സംസ്ഥാനത്തെ കാര്യങ്ങള്‍. നായകളെ പൊതുജനം തല്ലിക്കൊല്ലുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്ക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ ജനങ്ങള്‍ നിയമം കൈയിലെടുത്ത് തെരുവ് നായകളെ കൊന്ന് തീര്ക്കും. നായകളെ നിയന്ത്രിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം .ഇപ്പോള്‍ തന്നെ കേരളത്തിലെ പലപ്രദേശങ്ങളിലും തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പാലിക്കുന്ന നിസ്സംഗ മനോഭാവം കേരളത്തിലെ ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികളും, സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായകളുടെ ആക്രമണത്തിനിരയാവുന്നത്. ഇവരിലധികവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും മുന്‍ കേരള ഹൈക്കോടതി ജസ്റ്റിസ് എസ് സിരിഗജന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് എസ് സിരിഗജനെ കൂടാതെ സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ ഹെല്ത്ത് സര്വ്വീസ് ഡയറക്ടറും സുപ്രീംകോടതി നിയമിച്ച സമിതിയില്‍ അംഗങ്ങളാണ്.
സംസ്ഥാനത്ത് പലയിടത്തും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. ജയിലില്‍ പോവാനും തയ്യാറായാണ് പലരും പലരും നായകുരുതിക്ക് ഇറങ്ങുന്നത്. മാംസത്തില്‍ വിഷം കുത്തിവച്ച് ആളുകള്‍ നായകളെ കൊല്ലുന്നത് കേരളത്തിലെ പരസ്യമായ രഹസ്യമാണ്. നിയമം ലംഘിച്ചും തെരുവ് നായകളെ കൊല്ലുന്ന രീതി കേരളത്തിലെ പലയിടത്തും വ്യാപിക്കുകയാണ്. നായകളെ കൊന്ന് തള്ളുന്നതിനെതിരെ മൃഗസ്നേഹികളും ഒരു വശത്ത് പ്രതിഷേധമുന്നയിക്കുന്നുണ്ട്. ജനന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തെരുവ് നായകള്‍ പെരുക്കുന്നത് തടയണമെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാല്‍ മാത്രമേ അടുത്ത മൂന്ന് വര്ഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കുവാന്‍ സാധിക്കൂ. തെരുവ് നായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാര്ഗ്ഗമായി വന്ധ്യംകരണത്തെ കാണാന്‍ സാധിക്കില്ല അത്രയേറെയാണ് കേരളത്തിലെ നായകളുടെ എണ്ണമെന്ന് മൃഗസ്നേഹികളുടെ വാദത്തെ തള്ളിക്കൊണ്ട് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ലക്ഷത്തിനടുത്ത് തെരുവ് നായകള്‍ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ കഴിഞ്ഞ ഒരു വര്ഷം കൊണ്ട് സര്‍ക്കാര്‍ വന്ധ്യംകരിച്ചത് 4384 നായകളെ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ നായകടിയേറ്റവര്‍ക്ക് നല്കുന്ന ആന്റി റാബിസ് മരുന്നുകള്ക്ക് ക്ഷാമമുണ്ടെന്നും പേവിഷ പ്രതിരോധചിക്തസയ്ക്ക് വന്‍ തുകയാണ് സ്വകാര്യ ആസ്പത്രികള്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നായകടിയേറ്റ അറുപതോളം പേര് നഷ്ടപരിഹാരം തേടി സമിതിക്ക് മുന്പിലെത്തിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാത്ത കാരണം അവരുടെ ആവശ്യം പരിഗണിക്കാന്‍ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്ട്ടിലെ പല വിവരങ്ങളും തെറ്റാണെന്ന പരാതിയുമായി മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. വന്ധ്യംകരണം നടത്തിയ നായകളുടെ കണക്കില്‍ തെറ്റുണ്ടെന്നും, കടിയേറ്റവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം തങ്ങള്ക്ക് ലഭിച്ച മറുപടിയില്‍ ആരോഗ്യവകുപ്പ് പറയുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Prof. John Kurakar
No comments:
Post a Comment