Pages

Monday, September 19, 2016

നിയമത്തിന്റെ പഴുതുകൾ കുറ്റവാളി രക്ഷപെടാൻ ഇടയാക്കുന്നു

നിയമത്തിന്റെ പഴുതുകൾ
കുറ്റവാളി രക്ഷപെടാൻ ഇടയാക്കുന്നു

സൗമ്യ വധക്കേസിൽ സുപ്രിംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി കേരളം ഞെട്ടലോടെയാണ് കേട്ടത് .  ഗോവിന്ദചാമി സൗമ്യയെ കൊലപ്പെടുത്തിയെന്നതിന്‌ തെളിവെവിടെ എന്ന്‌ കോടതിയുടെ ചോദ്യം   നിയമത്തിന്റെ പഴുതുകളും പ്രോസിക്യൂഷന്റെ വീഴ്ചകളുമാണ് വ്യക്തമാക്കുന്നത് . വേണ്ടത്ര തെളിവുകൾ ഉണ്ടായിട്ടും ഗോവിന്ദചാമിയെപ്പോലെ ഒരു പ്രഖ്യാപിത കുറ്റവാളി നിയമത്തിന്റെ കൈകളിൽ നിന്നും താരതമ്യേന മൃദുവായ ശിക്ഷമാത്രം ഏറ്റുവാങ്ങി രക്ഷപ്പെടാൻ ഇടയായത് പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ചേർന്ന്‌ ഒത്തുകളിക്കുകയാണെന്ന സംശയം സൗമ്യയുടെ അമ്മയുടേതു മാത്രമല്ല അതീവ ക്രൂരമായി ഒരു പെൺകുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന്‌ തള്ളിയിട്ട്‌ ബലാത്സംഗം ചെയ്ത്‌ കൊന്ന വാർത്ത കേട്ട്‌ ഞെട്ടിയ മുഴുവൻ കേരളത്തിന്റെയും വികാരമാണ്‌.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന മഹദ്‌ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത്‌. പ്രിംകോടതിയുടെ ഇപ്പോഴത്തെ വിധിയിൽ  ജനങ്ങൾക്ക്ഉത്കണ്ഠയുണ്ട്. കോടതി ഗോവിന്ദചാമിക്കു നൽകുന്ന സംശയത്തിന്റെ ആനുകൂല്യം മുഖവിലയ്ക്കെടുത്താൽപ്പോലും തെളിയിക്കപ്പെട്ട മറ്റു ഹീനങ്ങളായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും അയാളെ മോചിപ്പിക്കാനാവില്ല. പ്രതി സമൂഹത്തിന്റെ  നിലനിൽപ്പിന്‌ കനത്ത ഭീഷണിയാണെന്ന്‌ അയാളുടെ ക്രിമിനൽ പശ്ചാത്തലവും നിലവിലുള്ള കേസുകളും മറ്റും നിസംശയം തെളിയിക്കുന്നു.

ട്രെയിനിൽ നിന്നും സ്വയം ചാടിയതാണെന്ന വാദത്തിനെ അംഗീകരിച്ചാൽ പോലും മരണത്തോട്‌ മല്ലടിക്കുന്ന ഒരു പാവം പെൺകുട്ടിയെ ബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതി മനുഷ്യനാണോ ?ഗോവിന്ദചാമിക്ക്‌ ലഭ്യമായ നിയമസഹായം സൂചിപ്പിക്കുന്നത്‌ നിയമത്തിന്റെ കരങ്ങൾക്ക്‌ കടന്നെത്താനാവാത്ത ദുരൂഹമായ അധോലാകങ്ങളിലേയ്ക്കാണ്‌. അത്തരം ബന്ധങ്ങളും സ്വാധീനവുമുള്ളവർക്ക്‌ ഏത്‌ കൊടും കുറ്റകൃത്യങ്ങൾ നടത്തിയാലും നിയമത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപെടാനാവുമെന്നാണ് .ഗോവിന്ദചാമിമാർ നിയമവാഴ്ചയെ നോക്കികുത്തിയാക്കി പൊതുസമൂഹത്തിൽ വിഹരിക്കാൻ ഇനി  അനുവദിച്ചുകൂടാ .വിധിക്കെതിരെ പുനഃപരിശോധന ഹർജിയുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന കേരള മുഖ്യമന്ത്രി വാക്കുകൾ പ്രതീക്ഷയോടെയാണ് ജനം കേട്ടത് .


പ്രൊഫ്.ജോൺ കുരാക്കാർ

No comments: