റോഡപകടങ്ങളിൽ
തിരുവനന്തപുരംരാജ്യത്ത് ഒന്നാമത്
റോഡപകടങ്ങളുടെ കാര്യത്തിൽ തലസ്ഥാന നഗരം
രാജ്യത്ത് തന്നെ ഒന്നാമതെന്ന് റിപ്പോർട്ട്.
ദേശീയ ശരാശരിയുടെ ഇരട്ടിയാണ് തലസ്ഥാന
ജില്ലയിലെ വാഹനാപകടങ്ങളുടെ തോത് എന്നാണ് ദേശീയ
ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ
വ്യക്തമാക്കുന്നത്. രാജ്യത്തെ 53 നഗരങ്ങളിലെ കണക്കുകൾ ഉദ്ധരിച്ചാണ്
തലസ്ഥാനത്തെ വാഹന അപകടങ്ങളുടെ ഭീകരത
ക്രൈം റെക്കോഡ്സ് ബ്യൂറോ വെളിപ്പെടുത്തിയിരിക്കുന്നത്.
ദേശീയ ക്രൈം റെക്കോഡ്സ്
ബ്യൂറോയുടെ കണക്കനുസരിച്ച് 12,440 അപകടങ്ങളാണ് കഴിഞ്ഞ വർഷം തലസ്ഥാന
നഗരിയിൽ ഉണ്ടായത്. ദേശീയ ശരാശരി
5,700 ആയിരിക്കെയാണ് കേരളത്തിന്റെ തലസ്ഥാന ജില്ല അപകടങ്ങളിൽ
മറ്റ് വലിയ നഗരങ്ങളെ പിന്തള്ളി
ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പതിനായിരത്തിലധികം
അപകടങ്ങളുമായി കൊച്ചിയും 8,068 അപകടങ്ങളുമായി തൃശൂരും പട്ടികയിൽ ഇടം
നേടിയിട്ടുണ്ട്.
വാഹനം ഓടിക്കുമ്പോൾ നിരത്തിൽ
കാട്ടേണ്ട മര്യാദകളെല്ലാം ലംഘിച്ചതുൾപ്പെടെ 2,191 മേജർ അപകടങ്ങളാണ് കഴിഞ്ഞവർഷം
ജില്ലയിൽ ഉണ്ടായത്. ഇതിൽ 164 പേർ
മരിച്ചു. 1774പേർക്ക് ഗുരുതര പരിക്കേറ്റപ്പോൾ
874 പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
തലസ്ഥാനത്തെ വാഹന അപകടങ്ങളിൽ പകുതിയിലേറെയും
ബൈക്ക് അപകടങ്ങളാണ്. റേസിങ് ബൈക്കുകളിൽ ചീറിപ്പാഞ്ഞും
മദ്യപിച്ചും ഹെൽമറ്റ് ഇല്ലാതെയും വാഹനം
ഓടിച്ചവരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും.
കേരളത്തിലെ മറ്റ് നഗരങ്ങളെ
അപേക്ഷിച്ച് തലസ്ഥാനത്ത് വാഹനപ്പെരുപ്പം ആണ് അപകട നിരക്ക്
ഉയരാൻ കാരണമായി പറയുന്നു. വാണിജ്യ
നഗരമായ കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോൾ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം തലസ്ഥാനത്താണ് കൂടുതൽ.
ഭരണസിരാകേന്ദ്രമെന്ന പദവിക്കൊപ്പം രാജ്യാന്തര പ്രസിദ്ധമായ ശ്രീപത്മനാഭ
സ്വാമി ക്ഷേത്രവും മെഡിക്കൽ കോളജ്
ഉൾപ്പെടെയുള്ള വൻകിട ആശുപത്രികളും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന
ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമാണ് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും
ജില്ലയിലേക്കുള്ള വാഹന പ്രളയത്തിന് പ്രധാന
കാരണം. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും
അപകടനിരക്ക് ഉയരുന്നതിന് മറ്റൊരു കാരണമാണ്. പോലീസും
മോട്ടോർ വാഹന വകുപ്പും തുടർച്ചയായി
ബോധവത്കരണ നടപടികൾ സ്വീകരിച്ചിട്ടും ഡ്രൈവർമാരുടെ
മത്സര മനോഭാവം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
Prof. John Kurakar
No comments:
Post a Comment