Pages

Tuesday, September 6, 2016

അഴിമതി വിരുദ്ധ സൂചിക 
അഴിമതികുറയാൻ ഇടയാകട്ടെ

സംസ്ഥാനത്ത് ആദ്യമായി  അഴിമതി വിരുദ്ധ സൂചികയ്ക്ക് രൂപം നല്‍കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വകുപ്പ് തയ്യാറെടുക്കുകയാണ്. വിവിധ മേഖലകളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും അവ കണ്ടെത്തിയാലുടന്‍ എടുക്കുന്ന തുടര്‍നടപടികളെ കുറിച്ചുമുള്ള വിവരങ്ങളാണ് അഴിമതി വിരുദ്ധ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് മാസം തോറും പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വൈകിപ്പിക്കുക, കൈക്കൂലി വാങ്ങുക, പൊതുവഴികളുടെ അറ്റകുറ്റപ്പണികള്‍ വൈകിക്കുക, അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, നെല്‍വയലുകള്‍ നികത്തുക, അനര്‍ഹര്‍ അധികാരസ്ഥാനത്തിരിക്കുക, വിദ്യാലയങ്ങള്‍ക്ക് സമീപം മദ്യശാലകള്‍ നടത്തുക തുടങ്ങിയ അഴിമതികാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിജിലന്‍സ് അധികാരികളെ അറിയിക്കാന്‍ കഴിയും.
എറൈസിങ് കേരള, വിസില്‍ നൗ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആഗസ്റ്റില്‍ തന്നെ പ്രവര്‍ത്തനക്ഷമമാകും. ഈ ആപ്ലിക്കേഷനുകള്‍ വഴി ജനങ്ങള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ശബ്ദരേഖകളും വിജിലന്‍സിന് കൈമാറാം. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കിയാണ് അഴിമതിക്കെതിരായ പോരാട്ടത്തിന് വിജിലന്‍സ് തുടക്കമിടുന്നത്. സര്‍ക്കാരാഫീസുകളില്‍ നടക്കുന്ന കൈക്കൂലിക്കും അഴിമതിക്കും ഈ സൂചികകളുടെ ആരംഭത്തോടെ ഒരു പരിധിവരെയെങ്കിലും അറുതി വരുമെന്ന പ്രതീക്ഷയാണ് പൊതുജനങ്ങള്‍ക്കുള്ളത്. വിജിലന്‍സ് വിഭാഗം കാര്യക്ഷമമല്ലാത്തതും ശിക്ഷകള്‍ കര്‍ശനമല്ലാത്തതുമാണ് കൈക്കൂലിക്കാരേയും അഴിമതിക്കാരേയും വളര്‍ത്തി വലുതാക്കി നാടിന് തന്നെ ശാപമാക്കി മാറ്റുന്നത്. അഴിമതിക്കെതിരെ പോരാടാനുള്ള  വിജിലന്‍സ് ഡയറക്ടറുടെ നീക്കം പൊതുജനങ്ങള്‍ക്ക് തീർച്ചയായും  സഹായമാകും . സമൂഹത്തിൽ നിന്ന് അഴിമതി  ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതാം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: