Pages

Wednesday, September 28, 2016

കുരയ്‌ക്കുന്ന നീതി

കുരയ്ക്കുന്ന നീതി


എം എം പൌലോസ്

പട്ടികള്‍ കടിക്കുന്നു എന്നതാണ് മനുഷ്യന്റെ ആരോപണം. ബഹുമാനപ്പെട്ട മനുഷ്യാ, താങ്കളുടെ വാദത്തില്‍ കഴമ്പില്ല. പട്ടികള്‍ മനുഷ്യരെ മാത്രമല്ല കടിക്കുന്നത്. ആട്, കോഴി, താറാവ് ഇത്യാദികളെയും കടിക്കാറുണ്ട്. അവര്‍ക്കൊന്നും മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് കടികൊണ്ടു പോകുന്നു. സംഘടിതമായി ചെറുക്കാനും അവര്‍ക്ക് കഴിയില്ല.
അങ്ങനെ പട്ടികളുടെ കാലവും വന്നു. 
പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട് എന്ന പഴമൊഴി കാലാനുസൃതമായി പരിഷ്ക്കരിച്ചു.
പട്ടികള്‍ കടിക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട് എന്നാക്കി.
മനുഷ്യകേന്ദ്രീകൃതസമൂഹം എന്നതില്‍ നിന്നും നായകേന്ദ്രീകൃതസമൂഹം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.
ജനാധിപത്യസമൂഹത്തില്‍ പട്ടികള്‍ക്കുമുണ്ട് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം.
പട്ടികള്‍ ആരുടെയും പട്ടികളല്ല.

അസ്തിത്വം, സ്വത്വം എന്നൊക്കെ  പറയുന്ന സാധനം മനുഷ്യന് മാത്രമല്ല, പട്ടികള്‍ക്കുമുണ്ട്.
എല്ലാത്തിനും പുരാണത്തില്‍ നിന്ന് ഒരു തെളിവെങ്കിലും ഹാജരാക്കലാണല്ലോ നടപ്പുരീതി. എങ്കില്‍ പട്ടികള്‍ക്കുമുണ്ട് അങ്ങനെ പറയാന്‍ ഒരെണ്ണം.സ്വര്‍ഗാരോഹണത്തിന് പോകുമ്പോള്‍ യുധിഷ്ഠിരനൊപ്പം ഒരു പട്ടി മാത്രമാണ് ഉണ്ടായത്. പട്ടിയെ യുധിഷ്ഠിരന്‍ തള്ളിക്കളഞ്ഞില്ല. പട്ടിയില്ലാതെ തനിക്ക് സ്വര്‍ഗം വേണ്ടെന്ന് പട്ടാങ്ങായിത്തന്നെ പറഞ്ഞു.
അതോടെ പട്ടിക്ക് സന്തോഷമായി. പട്ടി വേഷംമാറിവന്ന ധര്‍മരാജാവായിരുന്നു. ഒരു ടെസ്റ്റ് കേസായിരുന്നു അത്.
ഇന്നും പട്ടികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നാവുകളുണ്ട്.അതില്‍ അവതാരങ്ങളുണ്ടോ എന്നറിയില്ല. ചെറിയ അവതാരമാണ് താനും എന്ന് കരുതുന്നവരാണല്ലോ പൊതുവെ എല്ലാവരും. 
മേനക ഗാന്ധി അവതാരമാണോ എന്നറിയാന്‍ ചുരുങ്ങിയത് രണ്ട് മൂന്ന് നൂറ്റാണ്ടെങ്കിലും കഴിയും. അതുവരെ വെയ്റ്റ് ചെയ്യൂ... പ്ളീസ്!
പട്ടികള്‍ കടിക്കുന്നു എന്നതാണ് മനുഷ്യന്റെ ആരോപണം.

ബഹുമാനപ്പെട്ട മനുഷ്യാ, താങ്കളുടെ വാദത്തില്‍ കഴമ്പില്ല.
പട്ടികള്‍ മനുഷ്യരെ മാത്രമല്ല കടിക്കുന്നത്. ആട്, കോഴി, താറാവ് ഇത്യാദികളെയും കടിക്കാറുണ്ട്. അവര്‍ക്കൊന്നും മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് കടികൊണ്ടു പോകുന്നു. സംഘടിതമായി ചെറുക്കാനും അവര്‍ക്ക് കഴിയില്ല.
ആരോപണം രണ്ട്. പട്ടികള്‍ അപ്രതീക്ഷിതമായി ആക്രമിക്കുന്നു.
മുന്‍കൂര്‍ നോട്ടീസ് തരാന്‍ പട്ടികടിയെന്താ വല്ല ബാങ്കെടപാടുമാണോ? പട്ടിക്ക് കടിക്കണമെന്ന് തോന്നുമ്പോളാണ് കടിക്കുക. അതിന് അതിന്റേതായ സാമൂഹ്യ–രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളുണ്ടാവും.

ഒരു വിവാദത്തിന് വേണ്ടിയോ മാധ്യമശ്രദ്ധക്കോ വേണ്ടി ഒരു പട്ടിയും ഇന്നോളം കടിച്ചിട്ടില്ല. ബാഹ്യശക്തിക്ക് വിധേയമായും പട്ടികള്‍ കടിച്ചിട്ടില്ല. സ്വന്തം മനസ്സാക്ഷിക്കനുസരിച്ചാണ് എല്ലാ പട്ടികളും ഇന്നോളം പെരുമാറിയിട്ടുള്ളത്. പട്ടികടി എന്നത് പട്ടിയുടെ ആവിഷ്ക്കാരമാണ്. എല്ലാ ആവിഷ്ക്കാരത്തിനും സ്വാതന്ത്യ്രമുണ്ട്. പട്ടികടി ഒരു സര്‍ഗാത്മകപ്രവര്‍ത്തനമാണ്. അത് കടിയല്ല, കലയാണ്. പട്ടികടി ഒറ്റനോട്ടത്തില്‍ ഒരുപോലെയാണെന്ന് തോന്നാമെങ്കിലും ഓരോ പട്ടിക്കും അതിന്റേതായ ശൈലിയുണ്ട്. ചിലത് ആഴത്തില്‍ കടിക്കുമ്പോള്‍ ചിലത് ഒരു തലോടല്‍ പോലെ കടന്നുപോകും. ചിലത് കടിച്ചു കുടയുമ്പോള്‍ മറ്റ് ചിലത് കടിച്ചശേഷം ഒന്നുമറിയാത്ത പോലെ നടന്നു പോകും. ചിലത് കുരച്ചവസാനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഒട്ടും ശബ്ദമുണ്ടാക്കാതെ കടിച്ചു പോകും.

കടി ഒരര്‍ഥത്തില്‍ കവിത പോലെ തന്നെ. ചിലത് സംസ്കൃതവൃത്തത്തില്‍ കടിക്കും. ചിലത് മലയാളവൃത്തത്തില്‍ കടിക്കും ചിലത് വൃത്തമില്ലാതെ കടിക്കും. ചിലത് അലങ്കാരമയമായ കടിയായിരിക്കും. മറ്റ് ചിലത് വാങ്മയങ്ങളുടെ കടി.
നീണ്ടുനില്‍ക്കുന്ന കടികളുമുണ്ട്.

യാദൃശ്ചികമാവാം, കവിയരങ്ങുകള്‍ സജീവമായ കാലത്ത് പട്ടികടി കുറവായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പട്ടി കടിക്കുന്നത് അതിന്റെ സ്വന്തം ഇച്ഛക്കനുസരിച്ചാണ്. നായേച്ഛ എന്ന് പറയാം.
ലോകം മനുഷ്യന് മാത്രമുള്ളതാണ് എന്ന അഹംഭാവത്തില്‍ നിന്നാണ് പട്ടിവിരുദ്ധമനോഭാവം ഉണ്ടാകുന്നത്. ഈ ലോകം മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്.
മുള്ളുമുരട് മൂര്‍ഖന്‍പാമ്പ് എന്നിവയെല്ലാം ഭൂമിയുടെ അവകാശികളാണ്. പാമ്പിനെയും കുരങ്ങനെയും ആരാധിക്കും പക്ഷേ, പട്ടികളെ മാത്രം ആരാധിക്കില്ല എന്ന് പറയുന്നതില്‍ പക്ഷഭേദമില്ലേ?
അതുകൊണ്ട് മിസ്റ്റര്‍ ആന്റ് മിസിസ് പട്ടികളോട് സമഭാവനയോടെ പെരുമാറാന്‍ പഠിക്കുക. അവരുമായും ആശയവിനിമയത്തിന് തയ്യാറാകുക.

അപ്പോള്‍ ശ്രീമതി മേനകാ ഗാന്ധി, ഒരു സംശയം. പട്ടിയെ കല്ലെറിയുന്നവരെപ്പോലെ അതിനെ കൂട്ടിലിടുന്നവരെയും ശിക്ഷിക്കണ്ടേ?
അത് ക്രൂരതയല്ലേ?
അവരുടെ സ്വാതന്ത്യ്രത്തിലുള്ള കൈയേറ്റമല്ലേ?
അതും മനുഷ്യകേന്ദ്രീകൃത ചിന്തയുടെ ഉല്‍പ്പന്നമല്ലേ? 
മനുഷ്യനുവേണ്ടി കുരയ്ക്കാനും മനുഷ്യനുവേണ്ടി വാലാട്ടാനും മനുഷ്യനുവേണ്ടി കാവല്‍നില്‍ക്കാനുമുള്ളതാണോ പട്ടികള്‍?
അത് അടിമത്തമല്ലേ?
പട്ടികളെ അവരുടെ സ്വന്തം ജീവിതം നയിക്കാന്‍ അനുവദിക്കാതിരിക്കലല്ലേ?
പട്ടിയുടെ സ്വാതന്ത്യ്രം നിഷ്ക്കരുണം ഹനിക്കലല്ലേ?
മനുഷ്യന്‍ രമ്യഹര്‍മ്യങ്ങള്‍ പണിത് സുഖിക്കുമ്പോള്‍ പട്ടിക്ക് വേണ്ടി വില കുറഞ്ഞകൂടുകള്‍ പണിത് അതില്‍ തള്ളുകയല്ലേ?
ആ കൂടുകള്‍ പോലും ഇപ്പോള്‍ കാര്‍ന്നോമ്മാരെ തള്ളാനായി ഉപയോഗിക്കുകയല്ലേ? പട്ടികളുടെ വിലയിടിച്ചു കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമല്ലേ ഇത്?
ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയല്ലെ പാരില്‍? എത്ര പട്ടിക്കൂടുകള്‍ വീടിനകത്തുണ്ട്? എല്ലാം പുറത്തല്ലേ? പട്ടിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലല്ലല്ലോ ഒരു നായിന്റമക്കളും പട്ടിക്കൂടിന്റെ പൂട്ട് പണിയുന്നത്? പട്ടിക്കൂടിന്റെ വാതില്‍ ഏത് പട്ടിക്ക് സ്വയം തുറക്കാന്‍ കഴിയും? പട്ടിയുടെ സ്വന്തം വീടെന്ന് പട്ടിക്കൂടിനെ ക്കുറിച്ച് ഏത് പട്ടിക്ക് പറയാന്‍ കഴിയും?

തിരിഞ്ഞുനിന്ന് കടിക്കുന്ന ഏത് പട്ടിക്കാണ് നായസ്നേഹികള്‍ ചോറ് കൊടുക്കുന്നത്. നിങ്ങളെ അലോസരപ്പെടുത്തുന്ന 'ബൌ...ബൌ' വരുമ്പോള്‍ മിണ്ടാതിരിക്കട എന്ന് ധാര്‍ഷ്ട്യത്തോടെ പറയുന്നതെന്തിനാണ്. വൈകുന്നേരത്തെ നിഴല്‍ ചായുമ്പോള്‍, പടിഞ്ഞാറെ ആകാശം കുങ്കുമച്ചാറണിയുമ്പോള്‍ മനോഹരമായ ആ കാഴ്ചയില്‍ മതിമറന്ന് പട്ടികള്‍ 'ബൌ ബൌ' എന്ന് നീട്ടിപ്പാടുമ്പോള്‍ ഏത് നായസ്നേഹിയാണ് താക്കീത് നല്‍കാത്തത്?
'പപ്പീ... ഇവ്ടെ... അവ്ടെ... ടോമീ... പൊറത്ത്്...' എന്നിങ്ങനെ പട്ടികളുടെ സ്വാതന്ത്യ്രത്തില്‍ കൈവയ്ക്കാതെ ഏത് നായസ്നേഹിയാണ് അവരെ വളര്‍ത്തുന്നത്?
ആജ്ഞകളല്ലേ നിങ്ങളുടെ നായ പരിപാലനം. അല്ലാതെ പരസ്പര സ്വാതന്ത്യ്രത്തിലധിഷ്ഠിതമായ ഒരു തുറന്ന സമൂഹമല്ലല്ലോ നിങ്ങളുടെ മനസ്സില്‍?
നിങ്ങളുടെ മനസ്സില്‍ യജമാനനുണ്ട്. മനുഷ്യനെ കിട്ടാത്തതിനാല്‍ പട്ടിയെക്കൊണ്ട് തൃപ്തിയടയുന്നു.  
വീട്ടിലെ പട്ടികളുടെ തുടലാദ്യം അറുക്ക്. എന്നിട്ട് ലോകം കേള്‍ക്കെ ഉറക്കെ പ്രഖ്യാപിക്ക്– 'എല്ലാ പട്ടികളും സ്വതന്ത്രരാവട്ടെ... നിയന്ത്രണങ്ങളും പരിമിതികളുമില്ലാത്ത ലോകത്ത് എല്ലാ പട്ടികളും കുരച്ചും കളിച്ചും വളരട്ടെ... ഏത് കേന്ദ്രമന്ത്രിയുടെ വീട്ടിലേക്ക് ഏത് സമയത്തും ഏത് പട്ടിക്കും കടന്നു ചെല്ലാന്‍ കഴിയട്ടെ...'
നിങ്ങള്‍ക്ക് കാറില്‍ മടിയിലിരുത്തി കൊണ്ടുപോകാനും കട്ടിലില്‍ ഉറക്കിക്കിടത്താനുമുള്ളതാണോ പട്ടികള്‍?

പട്ടികളുടെ സുഖമെന്താണെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? പട്ടികളുടെ സുഖമെന്തെന്ന് തീരുമാനിക്കാനുള്ള അവകാശം പട്ടികള്‍ക്കുതന്നെ വിട്ടുകൊടുക്കുക.
പട്ടികള്‍ കുരയ്ക്കുമ്പോള്‍ എത്ര പട്ടിസ്നേഹികള്‍ പടി തുറന്നിട്ടുണ്ട്? 'വരൂ... ഇരിക്കൂ... ഒരു ജ്യൂസ് കഴിച്ച് പോകാം...' എന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുന്ന എത്ര നായസ്നേഹികളുണ്ട്?
പോകാന്‍ ധൃതികൂട്ടുന്ന പട്ടികളോട് 'ഇന്നു പോകണ്ട... സ്പെന്‍ഡ് എ ഡേ വിത്ത് മീ... നാളെ പോകാം...'എന്ന് ആതിഥ്യമര്യാദയോടെ പറയുന്ന എത്ര നായസ്നേഹികളുണ്ട്?
തെരുവില്‍ ഏറ് കൊണ്ട് വലയുന്ന പട്ടികളുടെ നടുവിലേക്കിറങ്ങിച്ചെന്ന് 'കരയണ്ടമക്കളേ... നിങ്ങള്‍ക്ക് ഞാനുണ്ട്...' എന്ന് നെഞ്ച് വിരിച്ച് പറയാന്‍ കഴിവുള്ള എത്ര പട്ടികളുണ്ട് ഈ നാട്ടില്‍? കാറില്‍ നിന്നിറങ്ങി ഒന്നര കിലോമീറ്ററെങ്കിലും മണ്ണില്‍ ചവുട്ടി നടന്ന്, അനാഥപ്പട്ടികളുടെ ഹൃദയഭേദകമായ കുരയ്ക്ക് കാതോര്‍ക്കുന്ന എത്ര പട്ടികളുണ്ട് നമ്മുടെ നാട്ടില്‍?
പട്ടികളുടെ നടുവില്‍ നിന്നാണ് പട്ടികളുടെ വിമോചകര്‍ വരേണ്ടത്. അല്ലാതെ പത്രത്തില്‍ പട്ടിചമഞ്ഞ പടം വന്നിട്ടല്ല.

പട്ടികളിലുമുണ്ട് വര്‍ണാശ്രമധര്‍മം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവ അതിലുമുണ്ട്. ശ്വാനപ്രദര്‍ശനം ശൂദ്രന് നിഷിദ്ധം. ശൂദ്രാദി പിന്നോക്ക നായകള്‍ക്ക് അതിന്റെ വഴിയില്‍ കൂടി നടക്കാന്‍ പോലും അവകാശമില്ല. തെരുവിലെ നാടോടിപ്പട്ടികള്‍ക്ക് അതിലെന്ത് കാര്യം? കാറില്‍ ശ്ളോകം ചൊല്ലിപ്പോകുന്ന പട്ടികള്‍ വഴിയില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ നോക്കി കുരയ്ക്കുന്നത് കേട്ടിട്ടില്ലേ? വര്‍ണവിവേചനമാണ് ആ കുരയ്ക്ക് പിന്നില്‍.
ജര്‍മന്‍ ഷെപ്പേഡിന്റെ നാലയലത്ത് ചെല്ലാന്‍ നാടന്‍ പട്ടികള്‍ക്ക് കഴിയുമോ? അത് ഒന്നാം ലോക പട്ടി. ഇത് മൂന്നാം ലോക പട്ടി. റോട്ട്വീലറിന്റെ മുന്നില്‍ ചെല്ലാന്‍ ചാളത്തല തിന്ന് വളരുന്ന കൊടിച്ചിപ്പട്ടികള്‍ക്ക് എന്തവകാശം?
ചാത്തന്‍, കാളി, കണ്ടന്‍, കോരന്‍, വെള്ളു, ചെള്ളു എന്നൊക്കെ പറയുന്ന പോലെയാണോ ലാബ്രഡോര്‍ റിട്രീവര്‍, ബുള്‍ ഡോഗ്, സൈബീരിയന്‍ ഹസ്ക്കി, പഗ്, ബോക്സര്‍, ചിഹ്വാഹ്വ, ഡാഷുണ്ട് എന്നൊക്കെ പറയുന്നത്?
എല്ലാം പട്ടികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

ക്രൂരമായ വിവേചനം.
നിങ്ങള്‍ ഉറക്കെയുറക്കെ കുരയ്ക്കൂ. ബൌ... ബൌ... ഉറക്കം നടിക്കുന്നവരുടെ കര്‍ണപുടങ്ങളില്‍ അത് പതിക്കട്ടെ. ബധിരകര്‍ണങ്ങള്‍ തുറക്കട്ടെ.
നായസ്നേഹികളേ, തുടങ്ങൂ നായകള്‍ക്കായി നവോത്ഥാനപ്രസ്ഥാനം. നായിന്റ മക്കളെ ഉണരുവിന്‍...
മനുഷ്യകേന്ദ്രീകൃതമായ ഈലോകത്ത് മറ്റ് മര്യാദകേടുകളും നടക്കുന്നുണ്ട്. നായക്ക് വേണ്ടി പോരാടുന്നതിനിടയില്‍ അത് മറന്നു പോകരുത്.
എല്ലാം ഇതോടെ ശരിയാക്കണം.
ഒരു 'കാളപ്രസ്ഥാനം' തുടങ്ങണം. കാളകളുടെ കഴുത്തില്‍ നുകംകെട്ടി കൊച്ചുവെളുപ്പാന്‍ കാലത്തെ കണ്ടത്തില്‍ ഉഴുകാന്‍ നിര്‍ത്തുന്ന ഏര്‍പ്പാട് ഇപ്പോഴും പലസ്ഥലത്തും ഉണ്ട്. കൃഷി നിലച്ചെങ്കിലും ഈ ആചാരം തുടരുന്നു. വണ്ടിക്കാളകളുടെ 'വരിയുടയ്ക്കുന്ന' നിഷ്ഠൂരമായ പ്രവൃത്തിയും നടമാടുന്നു.
നിങ്ങളുടെ നുകം പേറാനുള്ളതല്ല സര്‍വസ്വതന്ത്രരായ കാളകള്‍. ആര്‍ക്കും കൈകാലുകള്‍ വീശി നടക്കാവുന്ന ഈ ലോകത്ത് കാളകള്‍ മാത്രം നുകം പേറണോ?
അത് കഴിഞ്ഞ് ഉടന്‍ തന്നെ 'കുതിര മൂവ്മെന്റ്' തുടങ്ങണം. കുതിരയുടെ പിന്നില്‍ വണ്ടി കെട്ടുന്ന പ്രാകൃത സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നു. മനുഷ്യപിണ്ഡങ്ങളെ വലിച്ച് ചുമച്ച് കുരച്ച് മരിക്കാനുള്ളതാണോ കുതിച്ച് പായേണ്ട കുതിരജന്മം? മേനകാ ഗാന്ധിക്ക് തലസ്ഥാനത്ത് തന്നെ കാണാമല്ലോ ഇത്തരം കാഴ്ച. അതിനുശേഷം 'ഗോ വിമോചന പ്രസ്ഥാനം' തുടങ്ങാം. ഗോവധ നിരോധനം പോലെ തന്നെ ഗോവിമോചനവും. ഒന്ന് വിപുലീകരിക്കുന്നു. അത്രമാത്രം.
പശു അതിന്റെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ചുരത്തുന്ന പാല് മനുഷ്യന്‍ ഉരുക്കുമുഷ്ടികള്‍ ഉപയോഗിച്ച് കറന്നെടുക്കുന്നു.
അനീതി.

എന്തുകൊണ്ട് സിംഹത്തിന്റെയോ പുലിയുടെയോ പാല് കറന്നെടുക്കുന്നില്ല?
എളിതരമുള്ളിടത്താണ് വാതം അല്ലേ? നടക്കില്ല.
അങ്ങനെ നാം കൊതുകിന് വേണ്ടിയുള്ള പോരാട്ടത്തിന് തയ്യാറാവും.
കടിക്കുന്ന നായയെ കല്ലെറിയാന്‍ പാടില്ലെങ്കില്‍ കടിക്കുന്ന കൊതുകിനെ അടിക്കാനും പാടില്ല. പട്ടിക്കുവേണ്ടി പറയുന്ന ന്യായങ്ങളൊക്കെ കൊതുകിനും ബാധകമാണ്.
അങ്ങനെ നാം പുതിയ ഒരു ലോകത്തേക്ക് പ്രവേശിക്കുന്നു!.

No comments: