Pages

Friday, September 2, 2016

ഗ്രീന്‍ ടീ ഗുണകരം തന്നെ

ഗ്രീന്ടീ ഗുണകരം തന്നെ 
ഗ്രീന്‍ ടീക്ക് നമ്മുടെ നാട്ടില്‍ ഏറെ പ്രിയമേറി വരുന്ന സമയമാണിത്. തലവേദന മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങളുടെ ഒറ്റമൂലിയായി ചൈനീസ് നാട്ടുവൈദ്യം ശുപാര്‍ശ ചെയ്യുന്നത് ഗ്രീന്‍ ടീയെ ആണ്. വൈറ്റമിന്‍ ബി, ഫോളേറ്റ് , പൊട്ടാസിയം മഗ്‌നീഷ്യം, കഫീന്‍ എന്നിവ അടങ്ങിയ ഗ്രീന്‍ ടീ ആരോഗ്യത്തിനു ഏറെ ഉത്തമമാണെന്നുള്ളതിന് സംശയമേ വേണ്ട. ഗ്രീന്‍ ടീ ഔഷധമൂല്യമുള്ളതാകുന്നത് അത് സംസ്‌ക്കരിക്കുന്ന രീതികൊണ്ടാണ്.അമിതവണ്ണം, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ തടയുന്നതിനും, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളുടെ ഫലപ്രദമായ ചികില്‍സയ്ക്കും ഗ്രീന്‍ ടീ യുടെ ഉപയോഗം പ്രയോജനം ചെയ്യുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ സ്വാധീനിക്കാനും ഗ്രീന്‍ ടീക്ക് കഴിയും.2015ല്‍ ബ്രിട്ടീഷ് ഡയറ്റിക് അസോസിയേഷന്‍ ഗ്രീന്‍ ടീ യുടെ ക്യാന്‍സര്‍ പ്രതിരോധ ശക്തിയെ കുറിച്ച് നടത്തിയ പഠനത്തില്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങളെ കുറിച്ചു വിവരിക്കുന്നുണ്ട്. ക്യാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ഹെര്‍സെപ്റ്റില്‍ എന്ന മരുന്ന് ഗ്രീന്‍ ടീ യോടൊപ്പം ഉപയോഗിക്കുമ്പോള്‍ ഏറെ ഫലപ്രദമാണ് എന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട് എന്നാല്‍ ,ശാസ്ത്രീയമായ അംഗീകാരം ഈ വാദത്തിനു ഇനിയും ലഭിച്ചിട്ടില്ല.
ഗ്രീന്‍ ടീ യില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നത് കൊണ്ടാണിത്. അധിക നേരം ഗ്രീന്‍ ടീ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചാല്‍ അതിലടങ്ങിയ കഫീനിന്റെ ഗുണം കുറയും. ശരിയായ ചൂടില്‍ ശരിയായ അളവില്‍ ഗ്രീന്‍ ടീ ഉണ്ടാക്കുന്നതിലാണ് കാര്യമെന്നു സാരം. രക്തധമനികളുടെ പ്രവര്‍ത്തനത്തിനെ ഉത്തേജിപ്പിക്കുക വഴി അള്‍ഷിമേഴ്‌സ് രോഗത്തിന്റെ കാഠിന്യത്തെ ഒരു പരിധി വരെ ചെറുക്കുവാനും ഇതിനു കഴിയും.
വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗ്രീന്‍ ടീ വേണ്ട പ്രയോജനം നല്‍കില്ല എന്ന് മാത്രമല്ല, ചിലപ്പോള്‍ മറ്റു ചില അസ്വസ്ഥതകള്‍ക്കും കാരണവുമായേക്കാം. ഗ്രീന്‍ ടീ വെറുവയറ്റില്‍ രാവിലെ തന്നെ കുടിയ്ക്കരുത്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഡീഹൈഡ്രേഷന്‍ വരുത്താനുള്ള സാധ്യത ഏറെയാണ്. തന്മൂലം ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കപ്പെടുകയും ചെയ്‌തേക്കാം. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതു വയറിനേയും കരളിനെയും ബാധിക്കും. ശരീരം വല്ലാതെ തണുപ്പുള്ളതാക്കുമെന്നും ചൈനീസ് ചികിത്സാശാസ്ത്രം പറയുന്നു.
ഏതെങ്കിലും, ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നതിനേക്കാള്‍ നല്ലത്, ഭക്ഷണ ശേഷമുള്ള ഇടവേളകളില്‍ ഇത് കഴിക്കുന്നതാണ്. വൈറ്റമിന്‍ ബി1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് ബാധിയ്ക്കും.

Prof. John Kurakar



No comments: