Pages

Tuesday, July 12, 2016

കുരുമുളക്‌ കർഷകരെ കൂടി പട്ടിണിക്കിടരുത്

കുരുമുളക്കർഷകരെ കൂടി പട്ടിണിക്കിടരുത്

ഭാരതത്തിലെ കർഷകരുടെ സ്ഥിതി പരിതാപകരമാണ് പ്രത്യകിച്ചും കേരളത്തിൽ .റബ്ബർ കർഷകരുടെ നട്ടെല്ലൊടിഞ്ഞു .നെൽകൃഷി തകർന്നു . ഏറ്റവുമൊടുവിൽ കുരുമുളക്‌ ഇറക്കുമതിനയം ഉദാരവൽക്കരിച്ചതോടെ, രാജ്യത്തെ കുരുമുളക്‌ കർഷകർ പ്രതിസന്ധിയിലായി. ഏതാണ്ട്‌ 21,450 ടൺ കുരുമുളകാണ്‌ 2014-15 വർഷക്കാലയളവിൽ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിരുന്നത്‌. ഈ ഇനത്തിൽ 1200 കോടി രൂപ ലഭിക്കുകയും ചെയ്തു. അതേസമയം 11,500 ടൺ കുരുമുളകാണ്‌ 2016 ൽ രാജ്യം അധികമായി ഇറക്കുമതി ചെയ്തത്‌. ഇത്‌ 2015 നെ അപേക്ഷിച്ച്‌ 1500 ടൺ കൂടുതലാണ്‌. ഇപ്പോൽ ശ്രീലങ്കയിൽ നിന്നും 25,000 ടൺ കുരുമുളക്‌ ഇറക്കുമതി ചെയ്യാനുളള അനുമതികൂടി കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. ഇന്ത്യ – ശ്രീലങ്ക സ്വതന്ത്ര വ്യാപാരക്കരാറിലെ വ്യവസ്ഥകളനുസരിച്ചാണ്‌ ഇതു ചെയ്തിരിക്കുന്നത്‌. ഈ നടപടി കേരളത്തിലെ കുരുമുളക്‌ കർഷകരെ സാരമായി ബാധിക്കും .

2016-17 വർഷത്തേക്കുള്ള ഉഭയകക്ഷി കരാർ പ്രകാരമാണ്‌ കേന്ദ്ര വിദേശ വ്യാപാര ഡയറക്ടറേറ്റ്‌ 12 കമ്പനികൾക്ക്‌ കുരുമുളക്‌ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്‌. ഇടക്കാലത്ത്‌ നേരിട്ട വരൾച്ചയുടെ ഫലമായി പ്രതിസന്ധിയിലായ കേരളത്തിലെ കുരുമുളക്‌ കർഷകർ ഇതോടെ തകർന്ന അവസ്ഥയിലായിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ ഇന്ത്യയുടെ ശരാശരി കുരുമുളക്‌ ഉൽപാദനം 65,000 ടണ്ണാണ്‌. ഒരു വർഷം ഏകദേശം 20,000 – 22,000 ടൺ കുരുമുളക്‌ കയറ്റുമതി ചെയ്യുകയും ചെയ്യാറുണ്ട്‌. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ കുരുമുളക്‌ കർഷകർ നേരിട്ട തിരിച്ചടിയുടെ ഫലമായി ആഭ്യന്തര ഉൽപാദനം കുറയുകയുണ്ടായി. കൃഷിക്കാർക്ക്‌ ആവശ്യമായ താങ്ങ്‌ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കഴിഞ്ഞകാലങ്ങളിൽ വൻവീഴ്ച വരുത്തി. ഇതേതുടർന്ന്‌ പല കർഷകരും ജീവനൊടുക്കാൻപോലും നിർബന്ധിതരായി. എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ ഇന്ത്യൻ കുരുമുളകിന്‌ കിലോയ്ക്ക്‌ 700 രൂപ വരെ കിട്ടാൻ തുടങ്ങി. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായിരുന്ന 630 രൂപയിൽ നിന്നാണ്‌ ഈ വർധനവുണ്ടായത്‌.
അങ്ങനെയിരിക്കെയാണ്‌ ഓർക്കാപ്പുറത്ത്‌ ശ്രീലങ്കയിൽ നിന്നും കുരുമുളക്‌ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം വന്നത്‌. കഴിഞ്ഞ വർഷം ഇറക്കുമതി 17,000 ടണ്ണായിരുന്നത്‌ ഇപ്പോൾ 20,000 ടണ്ണായി വർധിപ്പിച്ചു. ഇറക്കുമതി വർധനവ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുക കേരളത്തിലെ കുരുമുളക്‌ കർഷകരെയാണ്‌. ഒരു സുരക്ഷാസംവിധാനവും ഒരുക്കാതെയാണ്‌ ആഗോളവിപണി താൽപര്യങ്ങൾക്ക്‌ വഴങ്ങി കേരളത്തിലെ കർഷകരെ കേന്ദ്രസർക്കാർ വഞ്ചിച്ചിരിക്കുന്നത്‌. കുരുമുളക്‌ സത്ത്‌ കൊണ്ടുണ്ടാക്കുന്ന ഒളിയോറസിൻ വ്യവസായത്തിന്‌ ഇറക്കുമതി ചെയ്യുന്ന കുരുമുളക്‌ വ്യാപകമായി ഉപയോഗിക്കുന്ന പക്ഷം അത്‌ ആഭ്യന്തര കമ്പോളത്തിൽ കുരുമുളകിന്റെ വിലയിടിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നുണ്ട്‌. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കുരുമുളക്‌ നിലവാരം കൂടിയ നാടൻ കുരുമുളകുമായി കൂട്ടിക്കലർത്തി ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും വിൽപന നടത്തുമെന്നും കർഷകർ സംശയിക്കുന്നു. കേരളത്തിലെ കുരുമുളക്‌ ഗുണമേന്മയുള്ളതായതിനാൽ ലോക രാജ്യങ്ങളിൽ പ്രിയം കൂടുതലായിരുന്നു. വിപണി വിലയിലുണ്ടായ വർധനവും കൂടിയായപ്പോൾ കുരുമുളക്‌ കർഷകർ ഏറെ സംതൃപ്തരായിരിക്കുമ്പോഴാണ്‌ ഇടിത്തീപോലെ വ്യാപാരക്കരാർ വന്നിരിക്കുന്നത്‌. ഇതിനുപുറമേ അന്താരാഷ്ട്ര തലത്തിൽ രാജ്യം ഏർപ്പെട്ട മറ്റു ചില വ്യാപാരക്കരാറുകൾ കൂടി കർഷകർക്ക്‌ ദ്രോഹമാകാൻ പോവുകയാണ്‌. പത്ത്‌ ആസിയാൻ രാജ്യങ്ങളും ചൈന അടക്കമുള്ള മറ്റ്‌ ആറു രാജ്യങ്ങളും ഉൾപ്പെടുന്ന മേഖലാ സമഗ്രസാമ്പത്തിക സഹകരണ കരാർ അഥവാ ആർഡിഇപി അത്തരത്തിലൊന്നാണ്‌. സ്വതന്ത്ര വ്യാപാരക്കരാറിനേക്കാൾ കനത്ത ആഘാതമുണ്ടാക്കാൻ പോകുന്നതാണ്‌ ഈ കരാർ.
ആഭ്യന്തര വിപണി കൈയടക്കാൻ ആഗോള ഉൽപാദകർക്ക്‌ രാജ്യത്തിന്റെ കമ്പോളവാതിലുകൾ മലർക്കെ തുറന്നുകൊടുക്കുന്ന കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ കർഷകരെ കടക്കെണിയിൽപ്പെടുത്തുകമാത്രമല്ല അവരെ ആത്യന്തികമായി അവരുടെ തൊഴിൽ മേഖലകളിൽ നിന്നും നിഷ്കാസനം ചെയ്യുകകൂടിയാണ്‌. കാർഷിക മേഖല പ്രതിസന്ധിയിൽ നിന്നും തകർച്ചയുടെ പടുകുഴിയിലേക്ക്‌ കൂപ്പുകുത്താൻ പോവുകയാണ്‌. റബർ കർഷകരുടെ കാര്യത്തിൽ കേരളം ഇത്‌ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. കുരുമുളക്‌ കർഷകരെക്കൂടി ഈ കുഴിയിലേക്ക്‌ തള്ളിവിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. നാണ്യവിളകളെ പ്രതിസന്ധിയിലാക്കി കർഷകരുടെ ജീവിതം തകർക്കുന്ന തീരുമാനങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം. അതിനായുള്ള സമ്മർദ്ദം സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമേൽ ചെലുത്തേണ്ടതുണ്ട്‌. കർഷകരുടെ  പ്രതിഷേധം  കേന്ദ്രസർക്കാർ കാണാതെ പോകരുത് .


പ്രൊഫ.ജോൺ കുരാക്കാർ

No comments: