ഭീകരതക്ക് മതമില്ല .
ഭീകരതക്ക് മതമില്ല .മതത്തെ
തെറ്റായി വ്യാഖ്യാനിച്ചും വളച്ചോടിച്ചും പ്രചരിപ്പിച്ചും മതത്തിൻറെ പേരിൽ മനുഷ്യനെ
കൊല്ലുകയാണ് . ധാക്കയിലും ബാഗ്ദാദിലും നടന്ന
ഭീകരാക്രമണം ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ബംഗ്ളാദേശ് ആസ്ഥാനമായ ധാക്കയില്‍
അതിനീചമായ ആക്രമണത്തില്‍ 20 വിദേശികളാണ് കൊലക്കത്തിക്കിരയായത്. അടുത്തദിവസം രാവിലെ ഇറാഖ് തലസ്ഥാനത്ത്
131 നിരപരാധികളുടെ ശരീരം ഛിന്നഭിന്നമായി. ധാക്കയില്‍
സായാഹ്ന സൌഹൃദത്തിനും നോമ്പുതുറയ്ക്കുമായി ഹോളി ആര്‍ട്ടിസാന്‍
റെസ്റ്റോറന്റില്‍ എത്തിയവരില്‍ 40 പേരെ രാത്രി മുഴുവന്‍
ബന്ദിയാക്കി. വിദേശികളായ 20 പേരെ തെരഞ്ഞുപിടിച്ച് കഴുത്തറുത്ത്
കൊല്ലുകയായിരുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍,
ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ബംഗ്ളാദേശില്‍ വസ്ത്രവ്യാപാരിയായ ഡല്‍ഹി
സ്വദേശി സഞ്ജയ് ജയിനിന്റെ മകള്‍
പതിനെട്ടുകാരി താരുഷി ജയിനിന്റെ ദാരുണാന്ത്യം
ഇന്ത്യക്ക് തീരാവേദനയായി. അമേരിക്കയില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കുന്ന
ഈ മിടുക്കി അച്ഛനോടൊപ്പം
കുറച്ചുനാള്‍ കഴിയാന്‍ എത്തിയതായിരുന്നു ബംഗ്ളാദേശില്‍.
ബാഗ്ദാദില്‍ റമദാന്‍ തിരക്കിലായിരുന്ന രണ്ടു
മാര്‍ക്കറ്റുകളില്‍ സ്ഫോടകവസ്തുക്കള്‍
നിറച്ച ട്രക്കുകള്‍ ഓടിച്ചുകയറ്റിയാണ് കൂട്ടക്കൊല. ഇരുരാജ്യങ്ങളിലെയും കിരാത ആക്രമണത്തിന്റെ ഉത്തരവാദിത്തം
ഇസ്ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. റമദാനിലെ
27–ാം പുണ്യദിനത്തിന്റെ തൊട്ടുപിന്നാലെ നടത്തിയ ഈ നിഷ്ഠുര
നരഹത്യകള്‍ക്ക് അവകാശവാദം ഉന്നയിച്ചവരോട്
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന തൊടുത്ത
ചോദ്യം ഇന്ന് ലോകമാകെ അലയടിക്കുകയാണ്.
'എന്തുതരം മുസ്ളിങ്ങളാണ് നിങ്ങള്‍? റമദാനിലെ സന്ധ്യാപ്രാര്‍ഥനയുടെ പുണ്യത്തിനുപകരം ആളെ
കൊല്ലാനാണോ നിങ്ങള്‍ പോയത്. നിങ്ങള്‍ക്ക് ഒരു മതവുമില്ല.
ഭീകരതയാണ് നിങ്ങളുടെ മതം.' ഷേഖ്
ഹസീനയുടെ വാക്കുകളിലെ വികാരവും രോഷവും ലോകമാകെ
ഏറ്റെടുക്കുകയാണ്. ഇനിയൊരു ജീവന്‍പോലും
ബലികൊടുക്കാതെ ഭീകരരെ പിടിച്ചുകെട്ടണം. അതിനായി
മനുഷ്യരെ സ്നേഹിക്കുന്ന മനസ്സുകളും ഉണര്‍ന്നെണീക്കണം.
മതഭീകരതയുടെ വിഷവിത്തുകള്‍ പിഴുതെടുക്കണം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പുതുനാമ്പുകള്‍ക്കായി മണ്ണൊരുക്കണം. ഇതാണ്
ഷേഖ് ഹസീനയുടെ വാക്കുകളില്‍
നിറയുന്ന സന്ദേശം.
സമകാലിക ലോകം നേരിടുന്ന
ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്നാണ് 'ഇസ്ളാമിക്
സ്റ്റേറ്റ്' എന്ന പേരില്‍ നടത്തുന്ന
അതിക്രൂരമായ ഭീകരപ്രവര്‍ത്തനങ്ങള്‍. ധാക്കയില്‍
നടത്തിയ നിന്ദ്യമായ മനുഷ്യഹത്യയുടെ വിവരങ്ങള്‍
മനസ്സിനെ വിറങ്ങലിപ്പിക്കും. തീവ്രവാദവും
വംശീയതയും കൂടുകൂട്ടിയ മനസ്സുകളിലേക്ക് നിരപരാധികളുടെ നിലവിളികള്‍ എത്തുക എളുപ്പമല്ല. സ്കൂളുകളും
ആശുപത്രികളും വ്യാപാരസമുച്ചയങ്ങളും ആരാധനാലയങ്ങളും സ്ഫോടനങ്ങളില്‍ ചിന്നിച്ചിതറുമ്പോള്‍ നിസ്സഹായമാകുന്നത് രാജ്യങ്ങള്‍മാത്രമല്ല; ഈ
ലോകംതന്നെയാണ്. ആരും ജയിക്കാത്ത ഈ
യുദ്ധത്തില്‍ തോല്‍ക്കുന്നത് മനുഷ്യനും.
ഭീകരപ്രവര്‍ത്തനം അടുത്തകാലത്തായി
ബീഭത്സരൂപം പൂണ്ടിരിക്കുകയാണ് . മനുഷ്യരാശിയെ ആകെ ഭയപ്പെടുത്തുകയാണ്.
ഭീകരവിഭാഗങ്ങളില്‍ പലതും മതത്തെ ചാരിയാണ്
നില്‍ക്കുന്നത്. എന്നാല്‍എല്ലാ മതവും മനുഷ്യ
നന്മയിൽ അധിഷ്‌ഠിതമാണ് .മാനവികതയുടെ
പര്യായമായ ഇസ്ളാമികതയുടെ പേരിട്ട് ഭീകരതയെ ഓമനിക്കുന്നവരെ
ഒരു മതവിശ്വാസിയും അംഗീകരിക്കില്ല.
സാമ്രാജ്യത്വത്തെ പഴിചാരി മനുഷ്യരാശിയെ ആക്രമിക്കുന്ന
'ഐഎസ്' ഭീകരതയ്ക്ക് ഒരു മതവിശ്വാസിയുടെയും
പിന്തുണ ലഭിക്കില്ല. ഭീകരതയുടെ വേരറുക്കാൻ ലോകജനത
ഒന്നായി നിൽക്കണം .
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment