Pages

Sunday, July 10, 2016

കേരളത്തില്‍ ഭിന്നലിംഗക്കാര്‍ നികൃഷ്ട ജീവികളോ?

കേരളത്തില് ഭിന്നലിംഗക്കാര്
നികൃഷ്ട ജീവികളോ?
രാജി ആര്‍
മലയാളി നല്‍കുന്ന ഔദാര്യം പറ്റിയാണോ കേരളത്തില്‍ ഭിന്നലിംഗക്കാര്‍ ജീവിക്കുന്നത്? അവര്‍ നമ്മളില്‍ ഒരാള്‍ ആണെന്ന ചിന്ത പോലും മലയാളിക്കില്ല. ലൈംഗികതയുടെ മധുരം നുകരുന്ന ഒരു ഉപകരണമായാണ് ഭിന്നലിംഗക്കാരെ കാണാന്‍ നമുക്കിഷ്ടം. നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കുന്നു. കേരളത്തില്‍ ഒരു ചെറു ന്യൂനപക്ഷമായ ഭിന്നലിംഗക്കാര്‍ സംരക്ഷണം അര്‍ഹിക്കുന്നു. അത് സര്‍ക്കാരില്‍ നിന്നോ, നീതിപീഠത്തില്‍ നിന്നോ, നിയമപാലകരില്‍ നിന്നോ അല്ല. സാധാരണക്കാരനായ നമ്മള്‍ മലയാളിയില്‍ നിന്നാണ് ഈ സംരക്ഷണം അവര്‍ പ്രതീക്ഷിക്കുന്നത്.
നമ്മുടെ രാജ്യത്ത് ഭിന്നലിംഗക്കാര്‍ ഉന്നത പദവികളില്‍ ഇന്ന് എത്തുന്നുണ്ട്. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പല തസ്തികകളിലേക്കും ഇവര്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ഉയര്‍ന്ന നീതിപീഠം നിര്‍ദേശിച്ചിട്ടുണ്ട്. ചാനലുകളില്‍ നൃത്തം ആടുന്നതിനു വേണ്ടിയും, സുഖഭോഗങ്ങള്‍ക്ക് വേണ്ടിയും, മിമിക്രി ഷോകള്‍ക്ക് വേണ്ടിയും ഇവരെ നമ്മള്‍ ഉപയോഗിക്കുകയും ഇവരുടെ വ്യക്തിത്വത്തെ ഹനിക്കുകയും ചെയ്യുന്നു. നിരവധി പരിപാടികളില്‍ ഇവര്‍ പരിഹാസ്യ കഥാപാത്രങ്ങള്‍ ആകുന്നു.
നമ്മുടെ വൈകൃതം നിറഞ്ഞ ലൈംഗിക തൃഷ്ണ ഇവരുടെ മേല്‍ അടിച്ചേല്പിക്കുവാനുള്ളതല്ല. നികൃഷ്ട പദങ്ങള്‍ ഉപയോഗിച്ച് ഇവരെ ശാപവചനങ്ങള്‍ ചൊരിയലാണ് നമ്മുടെ സഹജമായ സ്വഭാവം. അതിനുമൊക്കെ അപ്പുറത്ത് ഒരു സ്ത്രീക്കും പുരുഷനും ഉള്ള അതേ സ്വാതന്ത്ര്യം, അതേ പരിഗണന, അതേ ഭാവം, അതേ നോട്ടം, അതേ പെരുമാറ്റം, അതേ ബോധം ഇതെല്ലാം ഭിന്നലിംഗക്കാരും അനുഭവിക്കേണ്ടതാണ്.
മാന്യമായ പെരുമാറ്റം, മാന്യമായ സഹകരണം ഇതാണ് നമ്മളില്‍ നിന്നും ഭിന്നലിംഗക്കാര്‍ ആഗ്രഹിക്കുന്നത്. സമൂഹത്തില്‍ നിന്നും, കുടുംബങ്ങളില്‍ നിന്നും ഇതവര്‍ക്ക് ലഭിക്കട്ടെ. ഇവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മ്മാണം കേരളമാണ് ആദ്യമായി നടപ്പാക്കിയതെന്ന ബോധം നമ്മള്‍ക്കുണ്ടാകണം. നമ്മളില്‍ ഒരാളായി തന്നെ ഇവര്‍ ജീവിക്കട്ടെ.
സമൂഹത്തില്‍ ജീവിക്കാന്‍ പുരുഷനും സ്ത്രീക്കും അവകാശമുണ്ടെന്നതുപോലെ തന്നെ ഭിന്നലിംഗക്കാരും ആ അവകാശത്തിന് അര്‍ഹരാണ്. എന്നാല്‍ അത് പലപ്പോഴും ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും പലപ്പോഴും അരങ്ങേറുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാതെ ഭിന്നലിംഗക്കാര്‍ നേരിടുന്ന പീഡനങ്ങളും പ്രതിസന്ധികളും തേഞ്ഞുമാഞ്ഞ് പോകുന്നു. ഇതിനെ ചോദ്യം ചെയ്ത് ചിലരെങ്കിലും രംഗത്ത് വരുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതല്ലാതെ മാറ്റങ്ങള്‍ പേരിനു മാത്രമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ കരുതല്‍ വേണം. വിദ്യാലയങ്ങളില്‍ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ അനിവാര്യമാണ്. ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ളവ ഇതില്‍പ്പെടുന്നുണ്ട്.
കുടുംബത്തില്‍ നിന്നും ആട്ടിയിറക്കി തെരുവില്‍ പോലും സൈ്വര്യമായി നടക്കാന്‍ കഴിയാത്തവരാണ് ഭിന്നലിംഗക്കാര്‍. മൂത്രപ്പുരകളില്‍ പോലും പ്രവേശനം നിഷേധിക്കുന്നവര്‍. സമൂഹത്തിന്റെ ഉള്ളറകളില്‍ ഒളിച്ചിരിക്കുന്നവര്‍.
മികച്ച വിദ്യാഭ്യാസം  നേടിയിട്ടും അവഗണനയും   പരിഹാസവും  മാത്രമാണ്   ലഭിക്കുന്നതെന്ന്. ജോലിയെടുത്ത് ജീവിക്കാന്‍ പോലും  അവസരം ലഭിക്കാത്തവര്‍ ഭിക്ഷയെടുക്കെണ്ട അവസ്ഥയിലേക്ക് മാറുകയാണ്  ഭിന്നലിംഗക്കാരുടെ അവസ്ഥ.
കേരളത്തില്‍  ഇവര്‍ തിരസ്‌കരിക്കപ്പെട്ട  വിഭാഗക്കാരാണ്. ആണ്‍ശരീരത്തില്‍പ്പെട്ടുപോയ  പെണ്ണും പെണ്‍ശരീരത്തില്‍പ്പെട്ടു പോയ ആണുമായി ജീവിക്കുന്ന ഭിന്നലിംഗക്കാര്‍ക്ക് പലതുണ്ട്  പറയാന്‍.ആണും പെണ്ണുമല്ലാതെ പിറന്നതിനാല്‍ വീട്ടുകാര്‍ തെരുവില്‍ തള്ളിയവര്‍. വലുതായപ്പോള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടവര്‍.ലൈഗിംക ജോലികള്‍ക്കായി മാത്രം നിയോഗിച്ചതെന്ന് സമൂഹം കരുതുന്നവര്‍. പക്ഷേ കേള്‍ക്കാന്‍ സമൂഹത്തിനോ നിയമത്തിനോ താല്‍പ്പര്യമില്ല.
തമിഴ്‌നാട്ടില്‍ ചെന്നൈ, സേലം, വിഴുപുരം തുടങ്ങിയ സഥ്‌ലങ്ങളില്‍    5000 ഭിന്നലിംഗക്കാര്‍ താമസിക്കുന്നുണ്ട്. അതില്‍ 1000 മലയാളികളുണ്ട്.
കേരളത്തില്‍ 10,000 ഭിന്നലിംഗക്കാരുണ്ട്.  പക്ഷേ തെരഞ്ഞെടുപ്പില്‍  വളരെ കുറച്ചു പേര്‍ വോട്ടര്‍ പട്ടികയില്‍  ഭിന്നലിംഗക്കാര്‍
എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. 2014 ല്‍ ഭിന്നലിംഗക്കാരെ  അംഗീകരിക്കുന്ന  സുപ്രീം കോടതി  വന്നതിനു ശേഷം  ഭി്ന്നലിംഗക്കാര്‍ക്ക്  കുറച്ച് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കേരളത്തിലാണ് ആദ്യമായി  ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ വോട്ടവകാശം  വിനിയോഗിച്ചത്.ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തിയായ സൂര്യയും തൃശൂരില്‍ സുജിതയുമാണ്   സംസ്ഥാനത്ത് ആദ്യമായി  സമ്മതിദാനാവകാശം  നേടിയവര്‍.ആദ്യമായിട്ടാണ്  കേരള ഗവണ്‍മെന്റ്  ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി വോട്ട വകാശം നല്‍കിയത്.കേരളത്തില്‍   എസ് എഫ് ഐയുടെ  അംഗത്വ വിതരണ  കാര്‍ഡീല്‍ മറ്റുള്ളവര്‍ ( ആണ്‍/ പെണ്‍/ മറ്റുള്ളവര്‍) എന്ന് രേഖപ്പെടുത്തിയത്  ഭിന്നലിംഗക്കാര്‍ക്ക്  അഭിമാനിക്കാവുന്ന നിമിഷമാണ്. അടിസ്ഥാനപരമായ വിദ്യഭ്യാസം, തൊഴില്‍സംവരണം, സംരക്ഷണം എന്നിവയാണ്  ഭിന്നലിംഗക്കാര്‍ക്ക് ആവശ്യം വേണ്ടത്. ഭിന്നലിംഗക്കാര്‍  മിക്കവരും പ്രാഥമിക    വിദ്യഭ്യാസം  പൂര്‍ത്തീയാകാത്തവരാണ്.   സ്‌കൂളില്‍ പഠിക്കുമ്പോള്‍  ആദ്യ നാളുകളിലാവാം  തങ്ങള്‍ ഭിന്നലിം
ഗക്കാരാണെന്ന് തിരിച്ചറിയുന്നത്. സ്‌കൂള്‍ വിദ്യഭ്യാസ കാലഘട്ടത്തില്‍  പെണ്ണെ , ചാന്തുപൊട്ടെ എന്നുള്ള  വിളികള്‍ കേട്ട് മടുത്ത് കുട്ടികള്‍ സ്‌കൂളിലേക്ക് പോകാത്ത  അവസഥയാവും. അതൊടു കൂടി  വിദ്യഭ്യാസം  പൂര്‍ണമായി നിര്‍ത്തുകയും ചെയ്യും. പിന്നെ മിക്കവരും ചെയ്യുന്ന ലൈഗിംകജീവിതത്തിലേക്ക് ഊളിയിട്ട് പോകുകയാണ്  ചെയ്യുന്നത്. പണം വീട്ടിലേക്ക് വരുമ്പോള്‍ മാതാപിതാക്കള്‍  അന്വേഷിക്കാറുമില്ല. അങ്ങനെ അവര്‍ പൂര്‍ണ്ണമായും ലൈഗിംകജീവിതത്തിലേക്ക് കടക്കുന്നു.
പക്ഷേ  ഇപ്പോള്‍ മാറ്റങ്ങള്‍  സംഭവിക്കുന്നുണ്ട്. ഇപ്പോള്‍ബ്യൂട്ടീഷന്മാരും, കോസ്റ്റും ഡിസൈനര്‍മാരായും  നര്‍ത്തകരായും  ജോലി ചെയ്തു ജീവിക്കുന്നുണ്ട് ഇപ്പോള്‍ കേരളത്തിലെ   ഭിന്നലിംഗക്കാര്‍.
ഇന്ത്യ മഹാരാജ്യത്തു ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി അഥവാ ഭിന്നലിംഗ നയം ആദ്യമായി പ്രാബല്യത്തില്‍ വന്ന സംസ്ഥാനമെന്നതില്‍ അഭിമാനിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും.പക്ഷെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അരങ്ങേറിയ രണ്ടു വ്യത്യസ്ത സംഭവങ്ങള്‍ ഇതിലേക്കൊരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു. കൊച്ചി പോലീസ് അന്യസംസ്ഥാനക്കാരായ ഭിന്നലിംഗക്കാരെയും മര്‍ദ്ദിച്ചു അവശരാക്കി. എറണാകുളം വളഞ്ഞമ്പലത്താണ് പോലീസിന്റെ തേര്‍വാഴ്ച നടന്നത്.
ബെംഗളൂരുവില്‍നിന്ന് ബസില്‍ വരികയായിരുന്ന അമ്മയെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ പോലീസുകാര്‍ ഭിന്നലിംഗക്കാരിയായ പൂര്‍ണയെ മര്‍ദിച്ചത്. വിവരമറിഞ്ഞ് എത്തിയ ആയിഷയേയും മര്‍ദിച്ചു.
അവശരായ ഇരുവരെയും പോലീസുകാര്‍ വഴിയില്‍ ഉപേക്ഷിച്ച് പോയി. കൈകാലുകള്‍ക്കും മുഖത്തും ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയ ഐഷ, പൂര്‍ണ എന്നിവര്‍ക്കാണ് പോലീസിന്റെ ലാത്തിയടി എല്‍ക്കേണ്ടി വന്നത്. പോലീസ് ലാത്തികൊണ്ട് നിരവധി തവണ അടിച്ചതായി ഇവര്‍ പറഞ്ഞു.അടിയും ഇടിയും കഴിഞ്ഞ ശേഷം കേരളം വിട്ടു മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേക്കു പോയി ജോലി ചെയ്യാനും പോലീസ് ഉപദേശിച്ചു.ഇവിടെ കഴിയാന്‍ പറ്റില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആളുകളാണെന്ന് പറഞ്ഞപ്പോള്‍ തുണിയുരിഞ്ഞ് നോക്കുകയും ലാത്തി കൊണ്ട് സ്വകാര്യഭാഗങ്ങളില്‍   മര്‍ദ്ദിക്കുകയും ചെയ്തു.ഭിന്നലിംഗക്കാരായവര്‍ക്ക് മര്‍ദനമേറ്റതിന് എതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ പൂര്‍ണയും ആയിഷയും എറണാകുളം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായാരുന്നു.
ഭിന്നലിംഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ശീതള്‍ ശ്യാം അവരുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ഭിന്നലിംഗക്കാര്‍ക്കു നേരെ കൊച്ചി പോലീസില്‍ നിന്നുമുണ്ടായ കൊടിയ പീഡന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.
ാകുളത്തു നിന്നും ഭിന്നലിംഗക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനുള്ള പോലീസിന്റെ നിഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് ഈ മര്‍ദ്ദനമെന്ന്  സംഘാടക പ്രവര്‍ത്തകര്‍ പറഞ്ഞു.
തുടര്‍ന്നു പ്രതിഷേധ പ്രകടനങ്ങളും കുത്തിയിരുപ്പ് സമരവുമായി മുന്നോട്ടു പോയതിന്റെ  ഫലമായി  കൊച്ചി മെട്രോയില്‍  ജോലി നല്‍കുമെന്നാണ്  പ്രഖ്യാപനം . ഭി്ന്നലിംഗക്കാര്‍ക്ക് ഈ ഒരു പ്രഖ്യാപനം   വളരെ ആശ്വാസകരമാണ്.  ഹൗസ്‌കീപ്പിങ്ങ്, കസ്റ്റമര്‍കെയര്‍ എന്നീ വിഭാഗങ്ങളിലാണ്  പണി നല്‍കുമെന്നാണ്  പ്രഖ്യാപനം.കൊച്ചി മെട്രോയില്‍ മാത്രം  ജോലി നല്‍കുന്നതില്‍ ഒതുങ്ങി പോകരുത്.
വിദ്യാഭ്യാസത്തിന് അനുയോജ്യമായ മുഖ്യധാരാ ജോലികള്‍ നല്‍കാന്‍  നമ്മുടെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം  നടത്തണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയും പദ്ധതികള്‍ രൂപീകരിച്ചത് സന്തോഷകരമായ കാര്യമാണ്. വിദ്യാഭ്യാസ രംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ട്രാന്‍ജെന്‍ഡര്‍ കുട്ടികള്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അറുപത് കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയത് അഭിമാനകരമാണ്.
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നും  ബജറ്റില്‍ പ്രത്യേകം എടുത്തു പറഞ്ഞ കാര്യമാണ്.
കേരളത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവഗണനയും പരിഹാസങ്ങളും ഏല്‍ക്കേണ്ടി വരുന്ന ഭിന്നലിംഗക്കാര്‍ക്ക് കാര്യമായിട്ടെല്ലങ്കില്‍ക്കൂടി ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.സര്‍ക്കാരിന്റെ ചെറുതല്ലാത്ത സഹായങ്ങള്‍ തങ്ങള്‍ക്ക് സഹായമകമാകുമോ എന്നാണ് ഭിന്നലിംഗക്കാര്‍ ഉറ്റുനേക്കുന്നത്.
Prof.JohnKurakar


No comments: