Pages

Saturday, July 2, 2016

ബംഗ്ലാദേശ് ഭീകരാക്രമണം: മരണം 20

ബംഗ്ലാദേശ്
ഭീകരാക്രമണം: മരണം 20  
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഒരു ഇന്ത്യക്കാരിയും മരിച്ചവരില്‍ ഉള്‍പ്പെടും. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് രംഗത്തെത്തി. വെള്ളിയാഴ്ച രാത്രി 9.30നാണ് വിദേശ രാഷ്ട്രങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗുല്‍ഷാന്‍ മേഖലയില്‍ ഭീകരാക്രമണമുണ്ടായത്. സായുധ ധാരികളായ അജ്ഞാത സംഘം ഗുല്‍ഷാനിലെ ഒരു റസ്റ്റോറന്റ് ആക്രമിക്കുകയും വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ദികളാക്കുകയുമായിരുന്നു.

ഉടന്‍ തന്നെ ബംഗ്ലാദേശ് സൈന്യത്തിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴ്‌പ്പെടുത്തിയത്. 20 മൃതദേഹങ്ങളാണ് കഫേക്കുള്ളില്‍നിന്ന് കണ്ടെത്തിയത്. ഭൂരിഭാഗവും മൂര്‍ച്ഛയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്ഫാഖ് ചൗധരി പറഞ്ഞു.
കാലത്ത് 7.40 വരെയും സംഭവസ്ഥലത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സൈനികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആറ് ഭീകരരെ വധിച്ചതായും ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ തുഹിന്‍ മുഹമ്മദ് മസൂദ് പറഞ്ഞു.

18 പേരെയാണ് സൈന്യം മോചിപ്പിച്ചത്. രക്ഷപ്പെട്ടവരില്‍ ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.തരിഷി ജെയ്ന്‍ ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരി. ധാക്കയില്‍ വിദ്യാര്‍ത്ഥിയാണ് ഇവര്‍. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. മരിച്ചവരില്‍ രണ്ട് ജപ്പാന്‍ പൗരന്മാരും ഒരു ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെടും. ആയിരം റൗണ്ടിലധികം വെടിവെപ്പും നൂറിലധികം സ്‌ഫോടനങ്ങളും നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബന്ദികളെ മോചിപ്പിച്ച് നാലു മണിക്കൂറിനകമാണ് ആഅമാഖ് ന്യൂസ് ഏജന്‍സി മുഖേന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയതെന്ന് ഐ.എസിന്റെ ഇന്റര്‍നെറ്റ് നീക്കങ്ങള്‍ നിരീക്ഷിക്കുന്ന യു.എസ് ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വ്യക്തമാക്കി. റസ്റ്റാറന്റിനകത്തെ ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ ചിത്രങ്ങളും ഐ.എസ് പുറത്തുവിട്ടു.

ബംഗ്ലദേശിലെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ലോകനേതാക്കള്‍ ആക്രമണത്തെ അപലപിച്ചത്. ഐ.എസിനോട് (ഇസ്‌ലാമിക് സ്റ്റേറ്റ്) വിധേയത്വമുള്ള താലിബാന്‍ വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തെ ശക്തമായി അപലപിച്ച് ലോകനേതാക്കള്‍ രംഗത്തെത്തി. ആഗോള മൂല്യങ്ങള്‍ക്കെതിരായ ഭീകരവാദത്തെ ലോകം ഒറ്റക്കെട്ടായി നേരിടുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു.... മനുഷ്യജീവന്‍ ആയുധമാക്കിയുള്ള ഭീകരതയെ രാജ്യം ശക്തമായി അപലപിക്കുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ധാക്ക ആക്രമണം പ്രേരണനല്‍കുന്നതായി ഫ്രാന്‍സ് വിേദശകാര്യമന്ത്രാലയവും പ്രസ്താവനയില്‍ പറഞ്ഞു.

Prof. John Kurakar


No comments: