Pages

Friday, June 17, 2016

SCHOOL BUS (സ്‌കൂള്‍ബസ് (സിനിമ)

സ്കൂള്ബസ് (സിനിമ)

ബോബി & സഞ്ജയ്‌യുടെ ഒമ്പതാമത്തെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സ്‌കൂള്‍ ബസ്. ജയസൂര്യ, അപര്‍ണാഗോപിനാഥ്, കുഞ്ചാക്കോ ബോബന്‍, നന്ദു, സുധീര്‍ കരമന എന്നിവരോടൊപ്പം ബാല താരങ്ങളായ ആകാശ്മുരളീധരന്‍, ആഞ്ജലീന റോഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അജോയ്‌യുടെ കാഴ്ചപാടുകളെ അവതരിപ്പിക്കുന്ന സ്‌കൂള്‍ബസില്‍ സ്‌കൂളിലെ വികൃതിക്കിടയില്‍ സുഹൃത്തിനു പരിക്കു പറ്റുമ്പോള്‍ അധ്യാപകരുടേയും മാതാപിതാക്കളുടേയും സുഹൃത്തിന്റെ മാതാപിതാക്കളുടേയും ശാസനകളെ ഭയന്ന് അജോയ് ഒളിച്ചോടുന്നു. ഒളിച്ചോടുന്ന കുട്ടിയെ സാഹസികമായി പോലീസും മാതാപിതാക്കളുമടങ്ങുന്ന സംഘം കണ്ടെത്തുന്നതോടുകൂടി ചിത്രം ശുഭപര്യവസായായി അവസാനിക്കുന്നു. എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രം മുതല്‍ വൈവിദ്ധ്യപൂര്‍ണ്ണമായ പ്രമേയങ്ങളുടെ തിരഭാഷ്യമെഴുതുന്ന ബോബി-സഞ്ജയ്മാരുടെ പ്രതിഭ സ്‌കൂള്‍ ബസിനെ മികവുറ്റതായിത്തീര്‍ക്കുന്നു.
അധ്യാപകരുടേയും മാതാപിതാക്കളുടേയും ശിക്ഷണങ്ങളെ ഭയന്ന് ഒളിച്ചോടുന്ന കുട്ടികളുടെ കഥ മലയാള സിനിമയില്‍ പുതുമകള്‍ ഒന്നും തന്നെ സമ്മാനിക്കുന്നില്ല. സ്‌കൂള്‍ബസിലെ കുട്ടികളുടെ പലായനം കാടിന്റെ വന്യതയിലേയ്ക്കാണ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മധ്യവര്‍ഗ്ഗമാതാപിതാക്കളുടെ ഐഡിയല്‍ പേരന്റിംഗിനിടയില്‍ സ്‌കൂള്‍ കുട്ടികളുടെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, ഭയവിഹ്വലതകള്‍, മുന്‍വിധികള്‍ എന്നിവ പരിഗണിക്കപ്പെടാതെ പോകുന്നു. അത്തരമൊരു അരക്ഷിതാവസ്ഥയില്‍ സ്‌കൂളില്‍ നിന്നും ഉയരുന്ന ആരോപണങ്ങളും ഹോസ്പിറ്റലിലായ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ഭീഷണികളും സൃഷ്ടിക്കുന്ന സംഭ്രമം ഒളിച്ചോടുവാനാണ് അജോയ്‌യെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിലെ വൈവിദ്ധ്യങ്ങളായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കൗതുകങ്ങള്‍, പരിഭ്രമങ്ങള്‍, മിഥ്യാധാരണകള്‍ എന്നിവയെ യഥാവിധി പരിഹരിക്കേണ്ടതു മാതാപിതാക്കളാണ്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ നിര്‍വ്വഹിക്കപ്പെടാത്തപ്പോഴാണ് കുട്ടികളുടെ ജീവിതം പ്രതിസന്ധിയിലാകുന്നത്. 
അസ്വാതന്ത്ര്യത്തിന്റെ പൊതുഇടത്തില്‍ നിന്നും കാടു നല്കുന്ന സര്‍വ്വസ്വാതന്ത്ര്യത്തിലേയ്ക്കാണ് അജോയും കൂട്ടുകാരും എത്തുന്നത്. കാടിന്റെ വന്യത തിരിച്ചറിവുള്ള മനുഷ്യനെ ഭയപ്പെടുത്തുമ്പോള്‍ പ്രകൃതിയുടെ തനിമകളിലേയ്ക്ക് ആസ്വദിച്ചിറങ്ങുകയാണ് ഇവര്‍. കമ്പോളവത്കൃത സമൂഹത്തില്‍ കുടുംബബന്ധങ്ങളുടെ യാന്ത്രികതയില്‍ കുട്ടികള്‍ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന വസ്തുതയെ മുന്‍നിര്‍ത്തി കുട്ടികള്‍ ആഗ്രഹിക്കുന്ന ലോകങ്ങള്‍ അവര്‍ക്കു നല്കാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്വവും മാതാപിതാക്കളുണ്ടെന്നുള്ള സന്ദേശമാണ് സ്‌കൂള്‍ ബസ് പ്രേക്ഷകര്‍ക്കു നല്‍കുന്നത്.
കാണാതാകുന്ന കുട്ടിയെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ ക്ലൈമാക്‌സില്‍ കുട്ടിയെ സുരക്ഷിതമായി ലഭിക്കുമെന്ന് സൂചന ആദ്യം തന്നെ ചിത്രം നല്‍കുന്നുണ്ട്. ഉള്‍ക്കാട്ടിലകപ്പെട്ടുപോയ കുട്ടിയെ തിരിച്ചുകിട്ടല്‍ സീറോ ചാന്‍സ് ആയി പ്രഖ്യാപിക്കുമ്പോള്‍ തന്നെ എന്തുമാജിക് കാട്ടിയാണ് സംവിധായകന്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതെന്നു ചിന്തിക്കുന്ന പ്രേക്ഷകനുമുമ്പില്‍ ആനക്കൂട്ടം തങ്ങളുടെ റോള്‍ കൃത്യമായി നിറവേറ്റി പ്രേക്ഷകരെ ഇളിഭ്യരാക്കുന്നു. കാടിനുള്ളില്‍ അകപ്പെട്ടുപോയവരുടെ സുരക്ഷ കാടുതന്നെ ഒരുക്കുമെന്ന പ്രകൃതി നിയമത്തിന്റെ പരിപാലനത്തിനായി ആനക്കൂട്ടം മരക്കൊമ്പിലിരുന്ന് ഉറങ്ങുന്ന കുട്ടിക്ക് കാവല്‍ നിന്നു സംരക്ഷിക്കുന്നു. ട്വിസ്റ്റുകള്‍ കാട്ടി പ്രേക്ഷകനെ പറ്റിച്ച് ശുഭപര്യവസായിയായൊരു എന്റര്‍ടെയ്‌നറെ സൃഷ്ടിക്കുന്ന വര്‍ത്തമാനകാല മലയാള ചലച്ചിത്രലോകത്തിന് വാണിജ്യവിജയമെന്ന ലക്ഷ്യമുള്ളപ്പോള്‍ ദുരന്തപര്യവസായിയായൊരു ചിത്രമൊരുക്കുവാന്‍ കഴിയില്ലല്ലോ? റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ബസും അത്തരമൊരു പാതയിലാണ് നില്‍ക്കുന്നത്.
അതിഭാവുകത്വങ്ങളില്ലാത്ത ഒരു സാധാരണ പോലീസോഫീസറെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചെന്നുപറയുമ്പോള്‍ തന്നെ ചിത്രം ചില സ്ഥിരം വാര്‍പ്പുമാതൃകകളെ പിന്‍തുടരുന്നുണ്ടെന്നുള്ളത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഒഴിവുദിവസത്തെ കളി, മണ്‍റോതുറുത്ത് എന്നീ ചിത്രങ്ങളില്‍ വേലക്കാരിയായി അഭിനയിച്ച അബിജ ശിവകല തന്നെയാണ് ഫ്‌ളാറ്റിലെ കീഴാള കര്‍തൃസ്വഭാവമുള്ള വേലക്കാരിയായി അഭിനയിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവയുടെ നൂറ്റിയൊന്ന് ചോദ്യങ്ങളിലൂടെ ശ്രദ്ധേയനായ മിനോണിന്റെ കീഴാള പരിവേഷമുള്ള നിര്‍ദ്ധന ബാലന്റെ ആവര്‍ത്തനവിരസമായൊരു വേഷമാണ് സ്‌കൂള്‍ബസിലുമുള്ളത്. അഭിനേതാക്കളെ ടൈപ്പാക്കി മാറ്റുന്ന കമ്പോള സിനിമയുടെ പതിവ് വഴികള്‍ തന്നെ സ്‌കൂള്‍ബസും പിന്‍തുടരുന്നു.
Prof. John Kurakar


No comments: