Pages

Tuesday, June 14, 2016

അമേരിക്കയിലെ ചോരക്കളം

അമേരിക്കയിലെ ചോരക്കളം
അമേരിക്ക കണ്ട ഏറ്റവും വലുതും നടുക്കം സൃഷ്ടിക്കുന്നതുമായ കൂട്ടക്കൊലയാണ് ഞായറാഴ്ച വെളുപ്പിന് രണ്ടോടെ ഫ്ളോറിഡയില്‍ ഉണ്ടായത്. വിനോദസഞ്ചാരകേന്ദ്രമായ ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ളബ്ബില്‍ ലാറ്റിനമേരിക്കന്‍ സംഗീതപാര്‍ടി നടക്കവെ ഒമര്‍ സാദിഖ് മതീന്‍ എന്ന ഇരുപത്തൊമ്പതുകാരന്‍ 49 പേരെയാണ് വെടിവച്ചുകൊന്നത്. 39 പേര്‍ സംഭവസ്ഥലത്തും 10 പേര്‍ ആശുപത്രിയില്‍വച്ചും മരിച്ചു. 53 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. പള്‍സ് ക്ളബ്ബില്‍ സംഗീതവിരുന്നിനെത്തിയ ഏതാണ്ട് 350 പേരില്‍ ഭൂരിഭാഗവും ലാറ്റിനമേരിക്കന്‍ വംശജരായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വ്യക്തി നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 2007ല്‍ വെര്‍ജീനിയ സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സിദ്ദിഖ് മിര്‍ മതീനിന്റെ മകനാണ് കൊലയാളി. അമേരിക്കന്‍ പൌരനായ കൊലയാളിയെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് വാര്‍ത്താഏജന്‍സി ആക്രമണം നടത്തിയ മതീന്‍ ഐഎസ് പോരാളിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. കൊലയാളിയുടെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല. ഐഎസുമായി മതീന് ബന്ധമുണ്ടോയെന്നും വ്യക്തമായിട്ടില്ല. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ എഫ്ബിഐ മൂന്നുതവണ ചോദ്യംചെയ്ത വ്യക്തിയാണ് മതീന്‍. 2013ല്‍ രണ്ടുതവണയും 2014ല്‍ ഒരുതവണയുമാണ് എഫ്ബിഐ ഏജന്റായ റൊണാള്‍ഡ് ഹോപ്പര്‍ മതീനെ ചോദ്യംചെയ്തത്. വിദ്വേഷപ്രസംഗം നടത്തിയതിനാണ് ആദ്യ രണ്ടുതവണ ചോദ്യംചെയ്തതെങ്കില്‍ ഐഎസുമായുള്ള ബന്ധം സംശയിച്ചായിരുന്നു മൂന്നാമത്തെ ചോദ്യംചെയ്യല്‍.
ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന സംശയത്തില്‍ എഫ്ബിഐ ചോദ്യംചെയ്ത മതീന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്ന ചോദ്യവും പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.അമേരിക്കയിലെ കുപ്രസിദ്ധ റൈഫിള്‍ ലോബിയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ആഭ്യന്തരസുരക്ഷാ സംവിധാനംപോലും സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്ന അമേരിക്കന്‍രീതിയും 'മതീനെ' സൃഷ്ടിക്കുന്നതിന് സഹായകമായി. ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു ഈ യുവാവ്. 2001ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ഹോംലാന്‍ഡ് സെക്യൂരിറ്റി സംവിധാനംപോലും ഈ സ്വകാര്യ ഏജന്‍സിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അക്കൂട്ടത്തില്‍പ്പെട്ട വ്യക്തിയായിരുന്നു മതീനും.  ഇതുവഴിയാണ് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് നേടിയത്.  അമേരിക്കയില്‍ ദിനംപ്രതി രൂക്ഷമാകുന്ന സാമൂഹ്യ അസമത്വങ്ങളും ഫ്ളോറിഡയിലേതുപോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്നു. ഇവിടെ തൊഴിലില്ലായ്മ 16 ശതമാനമാണ്. മൂന്നിലൊന്നുപേരും ദാരിദ്യ്രരേഖയ്ക്കുകീഴിലാണ് ജീവിക്കുന്നത്. ഈ സാമൂഹ്യ അസമത്വം പലപ്പോഴും യുവാക്കളെ തീവ്രവാദപ്രസ്ഥാനത്തിലേക്ക് നയിക്കാറുണ്ട്.തീവ്രവാദത്തെ ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണം .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: