Pages

Monday, June 6, 2016

കൊടും ക്രൂരതക്ക് കടുത്ത ശിക്ഷ നൽകണം

കൊടും ക്രൂരതക്ക്
കടുത്ത ശിക്ഷ നൽകണം
വയനാട്‌ വന്യജീവി കേന്ദ്രത്തിൽ ഒരാൾക്ക്‌ പോലും ഉപദ്രവം ചെയ്യാതെ തീറ്റതേടി ജീവിച്ചിരുന്ന പതിനഞ്ച്‌ വയസ്‌ മതിക്കുന്ന പിടിയാനയെ വെടിവെച്ച്‌ കൊന്ന കൊലയാളിക്ക്  കടുത്ത ശിക്ഷ തന്നെ നൽകണം സമാനതകളില്ലാത്ത ഈ കൊടും ക്രൂരത മനസാക്ഷി യുള്ളവർക്ക്  സഹിക്കാൻ കഴിയുന്നതല്ല . 344 ചതുരശ്ര കിലോമീറ്റർ വരുന്നതാണ്‌ വയനാട്‌ വന്യജീവി കേന്ദ്രം. വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന ഈ വനത്തിലൂടെ നിരവധി പാതകൾ കടന്നുപോവുന്നുണ്ട്‌. രാവും പകലും ഈ വഴികളിലൂടെയെല്ലാം വാഹനങ്ങളും ഓടുന്നു. അത്തരം പാതകളിലൊന്നായ സുൽത്താൻ ബത്തേരി-പുൽപള്ളി റൂട്ടിലെ നാലാംമെയിലിന്‌ സമീപമാണ്‌ വെടിയേറ്റ്‌ ചരിഞ്ഞ നിലയിൽ കഴിഞ്ഞ മെയ്‌ മാസം 30ന്‌ രാവിലെ പിടിയാനയെ കണ്ടത്‌. മസ്തകത്തിന്‌ സമീപം കൃത്യം മർമസ്ഥാനത്ത്‌ തന്നെ പതിച്ച ഒറ്റവെടിയുണ്ട കൊണ്ട്‌ ഈ മിണ്ടാമൃഗം മുൻകാലുകൾ ഭൂമിയിൽ ഊന്നി ചരിയുകയായിരുന്നു. നാടൻ തോക്ക്‌ ഉപയോഗിച്ച്‌ വളരെ അടുത്തുനിന്ന്‌ തന്നെയാണ്‌ ആനയെ വെടിവെച്ചിട്ടുള്ളത്‌. വഴിയാത്രക്കാർക്കോ കൃഷിയിടങ്ങളിൽ ഇറങ്ങി കർഷകർക്കോ ഒരുതരത്തിലുള്ള ഉപദ്രവവും ഈ ആന ചെയ്തിട്ടില്ല. കൊമ്പിന്‌ വേണ്ടി കൊല്ലാറുള്ളത്‌ കാട്ടുകൊമ്പന്മാരെയാണ്‌.
വയനാട്‌ വന്യജീവി കേന്ദ്രവും തമിഴ്‌നാട്ടിലെ മുതുമലയും കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള വന്യജീവി സങ്കേതങ്ങളും ഉൾപ്പെടുന്നതാണ്‌ നീലഗിരി ജൈവ മണ്ഡലം. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമെന്ന സ്ഥാനവും നീലഗിരി ജൈവ മണ്ഡലത്തിന്‌ സ്വന്തമാണ്‌. മുതുമല കാടുകളിൽ തമ്പടിച്ച്‌ പതിറ്റാണ്ടുകളോളം ആനവേട്ട നടത്തിയ കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പനും സംഘവും പിടിയാനയെ കൊന്നതായി കേട്ടറിവില്ല. വീരപ്പൻ പോലും ചെയ്യാൻ മടിച്ച കൊടുംക്രൂരത വയനാട്‌ വന്യജീവി കേന്ദ്രത്തിൽ ഈയടുത്ത ദിവസം നടന്നുവെന്നത്‌ സംസ്ക്കാര സമ്പന്നവർ എന്ന്‌ നടിക്കുന്ന കേരളീയ സമൂഹത്തിന്‌ തന്നെ നാണക്കേടാണ്‌. ആരെങ്കിലും ഉന്നം പരീക്ഷിക്കാൻ വെറുതെ നടത്തിയ ക്രൂരതയാണെന്നും കരുതാൻ കഴിയില്ല. പിഴയ്ക്കാത്ത ഉന്നത്തോടെ കൃത്യമായി വെടിയുതിർക്കാൻ ശേഷിയുള്ള മൃഗവേട്ടക്കാർ തന്നെയാണ്‌ ഈ കൃത്യം ചെയ്തത്‌.വനവും വന്യജീവികളും അവയുടെ ആവാസസ്ഥാനവുമൊക്കെ കാര്യമായ ഇടപെടലില്ലാതെ നിലനിന്നാൽ മാത്രമെ ഈ ഭൂമിക്കും മനുഷ്യർ അടക്കമുള്ള ചരാചരങ്ങൾക്കും നിലനിൽപ്പുള്ളുവെന്ന തിരിച്ചറിവ്‌ കൂടുതൽ ദൃഢതരമായ കാലമാണിത്‌.
കണ്ണിൽ ചോരയില്ലാതെ മനുഷ്യൻ പ്രകൃതിയോട്‌ കാണിക്കുന്ന ക്രൂരതയുടെ  അനന്തരഫലമാണ്‌ ആഗോളതാപനമെന്നും അതിന്‌ പരിഹാരം അമിതമായ പ്രകൃതി ചൂഷണത്തിന്‌ പ്രായശ്ചിത്തം ചെയ്യലാണെന്നും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തിരിച്ചറിവിൽ നിന്നാണ്‌ ഓരോ പരിസ്ഥിതി ദിനത്തിലും ലക്ഷക്കണക്കിന്‌ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും ആന മുതൽ അണ്ണാൻ വരെ ചെറുതും വലുതുമായ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ശേഷിക്കുന്ന വനങ്ങൾ സമൂഹം കാത്തുസൂക്ഷിക്കുന്നതും.
വയനാട്‌ വന്യജീവി കേന്ദ്രത്തിൽ പിടിയാനയെ വെടിവെച്ച്‌ കൊന്ന കേസിലെ പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടാൻ പാടില്ല. ഇവരെ പിടികൂടിയാൽ മാത്രമെ സമാനതകളില്ലാത്ത ഈ കൊടുംക്രൂരതയുടെ ചുരുളഴിയൂ. അതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. സംസ്ഥാനത്തെ വന സംരക്ഷണ സേനയിൽ ആത്മാർഥതയുള്ള ഉദ്യോഗസ്ഥർ നിരവധിയുണ്ട്‌.  ഇത്തരം കൊടുംക്രൂരത ഇനി ഒരിക്കലും ആവർത്തിക്കപ്പെടാൻ ഇടയാവരുത്‌. പിടിയാനയുടെ കൊലയാളിയെ എത്രയും വേഗം നിയമത്തിൻറെ മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ സർക്കാർ തയാറാകണം .

പ്രൊഫ്‌.ജോൺ കുരാക്കാർ .

No comments: