Pages

Sunday, June 5, 2016

ഒരു ലോക പരിസ്ഥിതി ദിനം കൂടി

ഒരു ലോക പരിസ്ഥിതി ദിനം കൂടി

1972 ജൂൺ 5ന്‌ ലോക രാഷ്ട്രത്തലവൻമാർ സ്റ്റോക്ഖോമിൽ ഒത്തുചേർന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസിലാക്കുകയും  ഒരു നിയമാവലി ഉണ്ടാക്കുകയും  ചെയ്തു .. ഇതിന്റെ വാർഷിക ദിനാചരണമാണ്‌ ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയെ ബാധിക്കുന്ന ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ ദിനം ആചരിക്കുന്നത്‌. ’700 കോടി സ്വപ്നങ്ങൾ, ഒരേ ഒരു ഭൂമി, ഉപയോഗം കരുതലോടെ’ എന്ന വിഷയത്തിലായിരുന്നു 2015 ലെ പരിസ്ഥിതി ദിനാചരണം. വന്യജീവികളുടെ നിയമവിരുദ്ധമായ വ്യാപാരവ്യവസ്ഥയ്ക്ക്‌ എതിരായ പോരാട്ടം എന്നതാണ്‌ 2016 ലെ മുദ്രാവാക്യം.
കൃഷി അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിന്റെ വികസനം പണ്ട്‌ വിഭാവനം ചെയ്തത്‌. ആളോഹരി കൃഷിഭൂമി 0.08 ഹെക്ടറാണ്‌. ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ശരാശരി 110 പേർ വസിക്കുന്നു എന്ന്‌ പൊതുവിൽ കണക്കാക്കാം. .ഓരോ സ്ഥലത്തെയും വിഭവശേഷി കണ്ടെത്തണം. അവ പരിപോഷിപ്പിക്കപ്പെടണം. നിയന്ത്രിതമായ ഉപഭോഗം ആവിഷ്ക്കരിക്കണം – അങ്ങനെ നമുക്ക്‌ സമഗ്രവികസനം എന്ന സങ്കൽപ്പത്തിന്‌ അടിസ്ഥാനമൊരുക്കാനാവും.  പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത്‌ ഭാവിതലമുറയ്ക്ക്‌ നീക്കിവയ്ക്കാത്ത അവസ്ഥയിലാണ്‌ സുസ്ഥിര വികസനം എന്ന സങ്കൽപ്പം ഉരുത്തിരിഞ്ഞ്‌ വന്നത്‌. ഭാവിയെക്കുറിച്ച്‌ കരുതലുള്ള സങ്കൽപ്പമാണത്‌.പരിസ്ഥിതി ഒരു വൈകാരിക വിഷയമായി മാത്രം കാണേണ്ട കാര്യമല്ല. മറിച്ച്‌ വിവേകപൂർവം കൈകാര്യം ചെയ്യേണ്ട വിജ്ഞാന ശാഖയാണത്‌. വ്യവസായ സ്ഥാപനങ്ങൾ മലിനീകരണമുണ്ടാക്കുന്നു എന്ന്‌ കണ്ടാൽ സ്ഥാപനം നിർത്തലാക്കുകയല്ല പരിഹാരം. ശാസ്ത്രീയമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച്‌ കർശന നിയന്ത്രണത്തോടെ അവയെ പരിസ്ഥിതി സൗഹൃദ സംവിധാനമാക്കി നിലനിർത്തികൊണ്ട്‌ പോകാനാണ്‌ ശ്രദ്ധിക്കേണ്ടത്‌.
പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ ഗവേഷണ സംവിധാനങ്ങൾ ആവശ്യമുണ്ട്‌. ഈ മേഖലയിൽ പ്രാവീണ്യം നേടിയവരാണ്‌ ഇക്കാര്യത്തിൽ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്‌. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച്‌ വിവേകപൂർവം ഇടപെടുമ്പോഴാണ്‌ ശാശ്വതമായ പരിഹാരം കണ്ടെത്താനാവുക.മാലിന്യ സംസ്ക്കരണം, വിഭവശോഷണം, ഊർജ്ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങൾ സൂക്ഷ്മമായി പഠിക്കണം .പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമങ്ങളുടെ നടപ്പാക്കൽ കർശനമാക്കണം.
പരിസ്‌ഥിതി സംരക്ഷണം ജീവന്റെ സംരക്ഷണം തന്നെയാണ് .പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്ന ചിന്തയും മുമ്പില്ലാത്തവിധം വളര്‍ന്നിട്ടുണ്ട്‌. പ്രകൃതിയേയും അതിലെ വിഭവങ്ങളെയും ചൂഷണം ചെയ്ുയന്നതില്‍ വിട്ടുവീഴ്‌ചയില്ലാതെയാണ്‌ മാനവസമൂഹം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത് .പ്രകൃതിക്കു നേരേയുള്ള എല്ലാവിധ കടന്നാക്രമണങ്ങള്‍ക്കും പിന്നില്‍ മനുഷ്യന്‍ മാത്രമാണ്‌. മറ്റൊരു ജീവിക്കും ഇതില്‍ പങ്കില്ല. ഈ ഭൂമുഖത്തുള്ളതെല്ലാം തങ്ങള്‍ മാത്രം അനുഭവിച്ചാല്‍ മതിയെന്ന മനുഷ്യന്റെ അഹങ്കാരത്തിനും ദുരയ്‌ക്കും കൂടിയുള്ള തിരിച്ചടിയാണ്‌ പ്രകൃതിതന്നെ ഇടയ്‌ക്കിടെ നല്‍കുന്നതെന്നും തിരിച്ചറിയപ്പെടുന്നുണ്ട്‌. ആ തിരിച്ചടികളില്‍ നിന്ന്‌ തിരിച്ചറിവിന്റെ പാതയിലേക്കു മാനവരാശി തിരികെപോകണം .

പ്രൊഫ്‌.  ജോൺ കുരാക്കാർ

No comments: