Pages

Sunday, June 12, 2016

സർക്കാർ ജീവനക്കാർ കടമകളും ഉത്തരവാദിത്വങ്ങളും മറക്കരുത്

സർക്കാർ ജീവനക്കാർ കടമകളും
ഉത്തരവാദിത്വങ്ങളും മറക്കരുത് 
.
കേരളത്തിൽ അഞ്ചുലക്ഷത്തോളം  ജീവനക്കാർ കേരളത്തിൽ ഉണ്ടെന്നാണ്‌ കണക്ക്‌. അവർക്ക്‌ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ കടം വാങ്ങേണ്ടി വരുന്നുവെന്ന അഭിപ്രായങ്ങൾ  വർഷങ്ങൾക്കു മുൻപേ കേൾക്കുന്നതാണ് . കേരളത്തിലെ സിവിൽ സർവീസ്‌ എന്നത്‌ ഒരു വെള്ളാനയാണെന്ന പൊതു പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌.പൂർണ്ണാർഥത്തിൽ ഇതിനോട്‌ ആർക്കും യോജിക്കാൻ കഴിയില്ലെങ്കിലും സർക്കാർ സർവീസിൽ, അതിന്റെ കൃത്യനിർവഹണ കാര്യത്തിലുൾപ്പെടെ അഴിച്ചുപണിയും മുഖം മിനുക്കലും അനിവാര്യമാണെന്ന കാര്യത്തിൽ സർവീസ്‌ സംഘനകൾക്കുപോലും വിയോജിക്കാൻ കഴിയില്ല.
സിവിൽ സർവീസ്‌ ശക്തവും ആത്മാർഥവുമായി പ്രവർത്തിക്കുമ്പോൾ മാത്രമേ ഒരു ജനകീയ സർക്കാരിന്‌ അവരുടെ ജനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ അവ കൃത്യമായും കാലവിളംബമില്ലാതെയും സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും സർക്കാർ ജീവനക്കാരുടെ സേവനം കൂടിയേ തീരൂ. മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങൾ ജനങ്ങൾ പ്രതീക്ഷയോടയാണ് നോക്കികാണുന്നത്
സർക്കാർ സർവീസിനെ കാര്യക്ഷമവും അഴിമതിമുക്തവുമാക്കുന്നതിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന ഒന്നിലധികം നിയമനിർമ്മാണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്‌. അതിലൊന്നാണ്‌ സേവനാവകാശ നിയമം. കേന്ദ്ര സർക്കാരിന്റെ വിവരാവകാശ നിയമവും സുതാര്യതയെ അടയാളപ്പെടുത്തുന്ന നിയമങ്ങളിൽ ഒന്നാണ്‌. ഇവ ഫലപ്രദമായി ഉപയോഗിച്ചാൽ തന്നെ സിവിൽസർവീസിലെ സുതാര്യത നടപ്പിൽ വരുത്താൻ സാധിക്കുന്നതാണ്‌.സംസ്ഥാന ഭരണത്തിന്റെ ഏറ്റവും മുകളിലുള്ള ഭരണസംവിധാനമാണ്‌ സെക്രട്ടേറിയറ്റ്‌. അവിടെയുള്ള ജീവനക്കാരുടെ യോഗത്തിലാണ്‌ മുഖ്യമന്ത്രി അഴിമതി രഹിതവും സുതാര്യവുമായ ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിന്‌ സർക്കാർ ജീവനക്കാരുടെ കലവറയില്ലാത്ത പിന്തുണ ആവശ്യമാണെന്ന്‌ പറഞ്ഞത്‌.
ഫയൽ പരിശോധനാ രീതിയിലെ പ്രാകൃതരീതി, തീർപ്പുകൽപ്പിക്കുന്നതിലെ കാലതാമസം, ജീവനക്കാരുടെ കൃത്യവിലോപവും നിരുത്തരവാദിത്തവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്‌.ജീവനക്കാർ തങ്ങളുടെ ജോലികൾ കൃത്യമായി ചെയ്‌താൽ ഫയലുകൾ തീർപ്പാകാതെ കെട്ടികിടക്കുകയില്ല .ഓരോ ജീവനക്കാരന്റെയും ഉത്തരവാദിത്തം സംബന്ധിച്ച്‌ വ്യവസ്ഥകൾ ഉണ്ടാക്കുകയും അത്‌ പാലിക്കപ്പെടുന്നുവെന്ന്‌ പരിശോധിക്കാനും തിരുത്തിക്കാനും സംവിധാനമുണ്ടാകണം .ജീവനക്കാർ സ്വയം ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കണം . ജീവനക്കാരുടെ സംഘടനകൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട് .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: