Pages

Monday, May 30, 2016

മഴക്കാലമെത്തി ,ശുചീകരണം കാര്യക്ഷമമാക്കണം

മഴക്കാലമെത്തി ,ശുചീകരണം കാര്യക്ഷമമാക്കണം
ഈ വർഷം പരിസരശുചീകരണം ഇതുവരെ തുടങ്ങിയിട്ടില്ല . തദ്ദേശസ്‌ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യവകുപ്പും ചേര്‍ന്നാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. മണ്‍സൂണ്‍ മഴ പടിവാതിക്കൾ എത്തി നിൽക്കുകയാണ് .പുതിയ സർക്കാർ ശുചീകരണകര്‍മ പദ്ധതി ഉടൻ തയാറാക്കുമെന്ന് കരുതുന്നു .മഴക്കാലപൂര്‍വ ശുചീകരണം ഉടൻ നടത്തേണ്ടിയിരിക്കുന്നു .ഓടകള്‍ വൃത്തിയാക്കല്‍, കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സുരക്ഷിതമായ സംസ്‌കരണം, മലിനജലം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കല്‍, ക്ലോറിനേഷന്‍, കുടിവെള്ള സ്രോതസുകളെ മാലിന്യമുക്‌തമാക്കല്‍, കൊതുകുനിവാരണ പരിപാടികള്‍, രോഗപ്രതിരോധ മരുന്നുകളുടെ വിതരണം, പകര്‍ച്ചരോഗ ബാധിതരെ കണ്ടെത്തുക തുടങ്ങി ഒട്ടേറെ കാര്യങ്ങളാണു ഉടൻ ചെയ്തു തീർക്കേണ്ടത് .പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ഉറപ്പുവരുത്തുന്നതിനു പുറമേ ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കേണ്ടതുണ്ട്‌.
പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെന്നാണു വയ്‌പ്‌. പക്ഷേ, പകര്‍ച്ച രോഗങ്ങള്‍ ഇവിടെ വ്യാപകമായി വരുന്നത്‌ ആശങ്കപ്പെടുത്തുന്നതാണ്‌. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവയാണു കേരളത്തിന്റെ പൊതുവായ ആരോഗ്യത്തിന്റെ കടയറുക്കുന്നത്‌. ഇതുകൂടാതെ കുരങ്ങുപനി, കരിമ്പനി തുടങ്ങി അതിവിരളമായി കണ്ടുവരുന്ന രോഗങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ചുരുക്കത്തില്‍ പകര്‍ച്ച രോഗങ്ങളുടെ ഇഷ്‌ടയിടമായി മാറുകയാണു സംസ്‌ഥാനം.
മുമ്പ്‌ ചിക്കുന്‍ഗുനിയ പൊതുജനാരോഗ്യത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞത്‌ ഈയവസരത്തില്‍ ഓര്‍മിക്കുന്നത്‌ നന്ന്‌. മഴക്കാലജന്യരോഗങ്ങളുടെ ഇരകളില്‍ ഏറെയും സാധാരണക്കാരും കൂലിപ്പണിക്കാരുമൊക്കെയാണ്‌. ഡെങ്കിപ്പനിയും എലിപ്പനിയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരിലാണു കൂടുതലെന്നു കണ്ടെത്തിയിട്ടുണ്ട്‌. റബര്‍തോട്ടങ്ങള്‍ എല്ലാക്കാലത്തും കൊതുകുകളുടെ ഉല്‍പ്പാദന കേന്ദ്രമാണ്‌. റബര്‍ ടാപ്പിങ്‌ കുറഞ്ഞതോടെ തോട്ടങ്ങള്‍ പരിചരണമില്ലാതെ അനാഥമായ അവസ്‌ഥയിലാണ്‌. അതുകൊണ്ടുകൂടി റബര്‍തോട്ടങ്ങള്‍ കൊതുക്‌ ഉല്‍പ്പാദനകേന്ദ്രമാകാനുള്ള സാധ്യതയും കൂടുതലാണ്‌.
രോഗപ്രതിരോധം ഏറ്റവും ഫലപ്രദമാകുന്നതിനു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. തദ്ദേശസ്‌ഥാപനങ്ങള്‍ക്കു കൂടുതല്‍ പണവും അതിന്റെ കാര്യക്ഷമമായ വിനിയോഗവും നടക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും ആരോഗ്യപ്രവര്‍ത്തകരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പരിസരം മാലിന്യമുക്‌തമാകുന്നതിനുവേണ്ടിയുള്ള ദീര്‍ഘകാല കര്‍മപരിപാടികളാണു സമൂഹം ആവശ്യപ്പെടുന്നത്‌. ചെറിയകാലയളവിലേക്കുള്ള മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതിനുള്ള തുടക്കമാകണം.ആരോഗ്യ വകുപ്പിൻറെ ചുമതലയിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപനത്തോടെ നാട്ടിലെ കുടുംബ ശ്രി പ്രവർത്തകർ , റെസിഡൻസ്  അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ  സഹായത്തോടെ ശുചീകരണ പ്രവർത്തനം കാര്യക്ഷമമാക്കണം .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: