Pages

Thursday, May 5, 2016

വളരുന്ന സ്വകാര്യമേഖലയും തകരുന്ന പൊതുമേഖലയും :

വളരുന്ന സ്വകാര്യമേഖലയും 
തകരുന്ന പൊതുമേഖലയും :
കേരളത്തിൽ  സ്വകാര്യമേഖല അതിവേഗം വളരുകയും പൊതുമേഖലാ സ്‌ഥാപനങ്ങൾ അതിവേഗം തകരുകയും ചെയ്യുന്നു . ബ്യൂറോ ഓഫ്‌ പബ്ലിക്‌ എന്റര്‍പ്രൈസസ്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാൽ  ഇത് വ്യക്തമാകും . മുമ്പ്‌ ലാഭത്തിലായിരുന്ന സ്‌ഥാപനങ്ങളും നഷ്‌ടക്കണക്ക്‌ രേഖപ്പെടുത്തിയിരിക്കുന്നു എന്നും വ്യക്‌തമാകുന്നു. സംസ്‌ഥാനത്തെ 117 പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ 77 എണ്ണം നഷ്‌ടത്തിലാണ്‌. ഏകദേശ നഷ്‌ടം 2030 കോടിയെന്ന ഭീമസംഖ്യയും. കടന്നുപോയ സാമ്പത്തിക വര്‍ഷത്തിലാണ്‌ ഈ നഷ്‌ടം രേഖപ്പെടുത്തിയത്‌. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1313 കോടി രൂപ നഷ്‌ടം അധികരിച്ചിരിക്കുകയാണ്‌.44 സ്‌ഥാപനങ്ങള്‍ ലാഭത്തിലാണെന്നതാണ്‌ അല്‍പമെങ്കിലും ആശ്വാസമേകുന്നത്‌. ക്ഷേമം, പ്ലാന്റേഷന്‍, ലൈവ്‌ സ്‌റ്റോക്ക്‌ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ ലാഭം കുറിച്ചവയില്‍പ്പെടുന്നു. നഷ്‌ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്‌ഥാപനങ്ങളില്‍ യഥാക്രമം കെ.എസ്‌.ഇ.ബിയും കെ.എസ്‌.ആര്‍.ടി.സിയും ഒന്നും രണ്ടും സ്‌ഥാനത്തുണ്ട്‌. ഇക്കാര്യത്തില്‍ വാട്ടര്‍ അഥോറിട്ടിക്കാണ്‌ മൂന്നാം സ്‌ഥാനം. എന്നാല്‍, ലാഭത്തില്‍ മുന്നില്‍ ബിവറേജസ്‌ കോര്‍പറേഷന്‍ നിലകൊള്ളുന്നു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയധികം പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സഞ്ചിത നഷ്‌ടം ശതകോടികള്‍ വരുമെന്നത്‌ ഇരുത്തിച്ചിന്തിപ്പിക്കുന്ന വിഷയമാണ്‌. ഒരു ദിനം കൊണ്ടു സംഭവിച്ചതല്ല ഇത്‌. കാലങ്ങളായി നഷ്‌ടത്തില്‍ തുടരുന്നവയാണ്‌ ഇതില്‍ പലതും. അവയെ ലാഭത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്താന്‍ പര്യാപ്‌തമായ പദ്ധതികളൊന്നും രൂപവത്‌കരിക്കാത്തതുകൊണ്ടാണ്‌ നഷ്‌ടം കുമിഞ്ഞുകൂടിയതെന്ന്‌ പ്രാഥമികമായി മനസിലാക്കാം. കോടികള്‍ മൂലധനനിക്ഷേപമിറക്കി സ്‌ഥാപിതമായ കമ്പനികളാണിവയൊക്കെ. ഇന്നാട്ടിലെ ഓരോ പൗരന്റെയും വിയര്‍പ്പില്‍നിന്ന്‌ കെട്ടിപ്പടുത്തതാണിവയെല്ലാം. പൊതുമേഖലയുടെ നഷ്‌ടമെന്നാല്‍ അത്‌ നാടിന്റെയാകെ നഷ്‌ടമാകുന്നു. അതുകൊണ്ടു തന്നെ ഈ നഷ്‌ടത്തിനു പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ എന്താണെന്നും നഷ്‌ടം മറികടക്കാനുള്ള പോംവഴികള്‍ എന്താണെന്നും ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ചിലത്‌ സേവനമേഖലയിലാണ്‌. അതില്‍ കെ.എസ്‌.ഇ.ബിയും കെ.എസ്‌.ആര്‍.ടി.സിയും ഉള്‍പ്പെടുന്നു. പ്രത്യക്ഷത്തില്‍ ജനങ്ങളുമായി ഏറെ അടുത്തിടപെടുന്നു എന്നതാണ്‌ ഈ രണ്ടു സ്‌ഥാപനങ്ങളുടെയും നഷ്‌ടം നമ്മെ ഏറെ വിഷമിപ്പിക്കുന്നത്‌. സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടുതലാണ്‌. പൊതുജനസേവകരാകുമ്പോള്‍ അവ വലിയ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യം മുന്നില്‍ക്കാണരുത്‌. എന്നാല്‍, നഷ്‌ടത്തിലേക്കു വീഴാനും പാടില്ല. പക്ഷേ, കെ.എസ്‌.ഇ.ബിയും കെ.എസ്‌.ആര്‍.ടി.സിയും നഷ്‌ടത്തില്‍നിന്ന്‌ കരകയറുന്നുമില്ല. കെ.എസ്‌.ആര്‍.ടി.സിയാണ്‌ ഇതില്‍ ഏറ്റവും വിഷമത അനുഭവിക്കുന്നത്‌. കാലങ്ങളായി തുടരുന്ന നഷ്‌ടത്തില്‍ നിന്നുള്ള മോചനവും പൊതുഗതാഗതത്തില്‍ കരുത്താര്‍ജിക്കാനും അവയ്‌ക്കു കഴിയാതെ പോകുന്നു. ഈ മേഖലയില്‍ സ്വകാര്യ കുത്തകകള്‍ തഴച്ചുവളരുമ്പോഴാണ്‌ പൊതുമേഖല നഷ്‌ടത്തിലേക്കു പോകുന്ന വിരോധാഭാസം നാം കാണുന്നത്‌.
നമ്മുടെ സംസ്‌ഥാനത്തിന്റെ വ്യാവസായികാന്തരീക്ഷത്തിനു സംഭവിച്ച താഴ്‌ചകൂടി ഈ പൊതുമേഖലാനഷ്‌ടം വിളിച്ചോതുന്നുണ്ട്‌. മറ്റു പല സംസ്‌ഥാനങ്ങളും വ്യാവസായിക വികസനത്തില്‍ മുന്നേറുമ്പോഴും നാം ഇക്കാര്യത്തില്‍ ബഹുദൂരം പിന്നില്‍പ്പോയിരിക്കുന്നു. വികസനമാണ്‌ വേണ്ടതെന്ന്‌ എടുത്തുപറയുന്നതെങ്കിലും വ്യാവസായിക വികസനത്തിനു പറ്റിയ അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ടോയെന്ന്‌ വീണ്ടുമൊരു പരിശോധനയ്‌ക്കു വിധേയമാക്കുന്നത്‌ ഉചിതമാകും. എന്തുകൊണ്ടാണ്‌ ഇത്രയധികം സ്‌ഥാപനങ്ങള്‍ നഷ്‌ടമുണ്ടാക്കിയതെന്നും എന്തു പാളിച്ചയാണ്‌ അതില്‍ സംഭവിച്ചതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.പൂട്ടിക്കഴിഞ്ഞ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തിരുശേഷിപ്പുകള്‍ ഇന്നും കാടും പടലും പിടിച്ച്‌ കിടക്കുന്നത്‌ കാണാം. ആ പട്ടികയിലേക്ക്‌ ഇനിയൊരു സ്‌ഥാപനവും ഇടംപിടിക്കാതിരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ തിരിച്ചടികളെ മറികടക്കാനാണു ശ്രമിക്കേണ്ടത്‌. അതിനൊപ്പം പുതിയൊരു തൊഴില്‍ സംസ്‌കാരവും കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: