Pages

Saturday, May 7, 2016

വേനലിനെ നേരിടാം

വേനലിനെ നേരിടാം
ഡോ. പി ഹേമലത
നമ്മുടെ നാട്ടില്‍ വേനല്‍ക്കാല താപനില അമിതമായി കൂടിയിരിക്കുകയാണ്. ഇതുവരെ ഉള്ളതിനെക്കാള്‍ കടുത്ത ചൂടാണ് നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. ചൂടുകാലത്ത് പടര്‍ന്നുപിടിക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാം.
താഴെപറയുന്ന രോഗങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായും കാണപ്പെടുന്നവയാണ്.
1. ചൂടുകുരു അഥവാ മിലിയേറിയ
2. ഫംഗസ്ബാധ അഥവാ റ്റീനിയ
3. നിര്‍ജലീകരണവും മൂത്രാശയ അണുബാധയും
4. ചിക്കന്‍പോക്സ്
5. ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയവ
6. ചെങ്കണ്ണ് അഥവാ   കണ്‍ജങ്റ്റിവൈറ്റിസ്

ഇവയുടെ ലക്ഷണങ്ങളും ചികിത്സാവിധിയും പ്രതിരോധ മാര്‍ഗങ്ങളും പരിചയപ്പെടാം. 

ചൂടുകുരു (മിലിയേറിയ)
നമ്മുടെ ത്വക്കിലെ സ്വേദഗ്രന്ഥികളുടെ സുഷിരങ്ങള്‍ പൊടിയും അഴുക്കുംകൊണ്ട് അടയുന്നതുമൂലം, നെഞ്ച്, മുഖം പുറംഭാഗം, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങളില്‍ ചുവന്നതോ, പഴുത്തതോ, വെളുത്തതോ ആയ നിറത്തില്‍ ഇത്തരം കുരുക്കള്‍ ഉണ്ടാകുന്നു. ചൊറിച്ചിലും ഉണ്ടാകാം. ഇത് അണുബാധയല്ല. അതിനാല്‍ ആന്റിബയോട്ടിക്കുകളോ മറ്റ് അണുനാശിനികളോ ഉപയോഗിക്കേണ്ടതില്ല. നല്ല തണുത്ത വെള്ളത്തില്‍ കുളിക്കുക, അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കുക, കലാമിന്‍ ലോഷന്‍, ആന്റി ഹിസ്റ്റമിന്‍ തുടങ്ങിയ മരുന്നുകള്‍ മാത്രം ഉപയോഗിക്കുക. 

റ്റീനിയ (ഫംഗസ്ബാധ)
ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഉദാഹരണത്തിന് തുടയിടുക്കുകളില്‍, കക്ഷത്തില്‍, മാറിടങ്ങളുടെ അടിവശത്ത്, പരന്ന ചെറുതായി തടിച്ച് ചൊറിച്ചിലോടുകൂടിയ, വെളുത്തതോ, ചുവന്നതോ, ത്വക്കിന്റെ നിറമുള്ളതോ ആയ പാടുകളായി ഫംഗസ് ഇന്‍ഫക്ഷന്‍ (റ്റീനിയ) കാണപ്പെടുന്നു. ചുറ്റുമുള്ള ത്വക്കിലേക്ക് പടര്‍ന്നുപിടിക്കാവുന്ന ഈ രോഗം വ്യക്തിശുചിത്വം, ആന്റിഫംഗല്‍ മരുന്നുകള്‍ (പുരട്ടാനും, ചിലപ്പോള്‍ ഉള്ളില്‍ കഴിക്കാനും) തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം. വിയര്‍പ്പു തങ്ങിനില്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ പൌഡര്‍ ഉപയോഗിച്ചും, അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ഉപയോഗിച്ചും ഈ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.
 
നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍)
മൂത്രാശയ അണുബാധകള്‍
വേനല്‍ക്കാലത്ത് വിയര്‍പ്പിലൂടെ ധാരാളം ജലാംശവും ലവണങ്ങളും നഷ്ടപ്പെടാനിടയുണ്ട്. ഈ നഷ്ടം നികത്തിയില്ലെങ്കില്‍ നിര്‍ജലീകരണവും മൂത്രാശയ അണുബാധയും ഉണ്ടാകാം. പല  രോഗങ്ങള്‍ക്കും മരുന്നു കഴിക്കുന്നവര്‍ക്കും ലാസിക്സ്പോലെയുള്ള മൂത്രം ധാരാളമായി പുറന്തള്ളുന്ന മരുന്നുകള്‍ ഉപയോഗിക്കുന്ന പ്രായമേറിയവര്‍ക്കും നിര്‍ജലീകരണത്തിന്റെയും മൂത്രാശയ അണുബാധയുടെയും തോത് കൂടുതലായി കണ്ടുവരുന്നു. ഇത്തരം ആളുകള്‍ക്ക് ശരീരത്തില്‍ സോഡിയം ലവണത്തിന്റെ അളവ് കുറയുന്നതുകൊണ്ട് ഓര്‍മക്കുറ്വ, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ധാരളം വെള്ളം കുടിക്കുക, ജലാംശം അടങ്ങിയ ശരീരത്തില്‍നിന്ന് വെള്ളം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പാനീയങ്ങളായ ചായ, കാപ്പി, മദ്യം, കോള തുടങ്ങിയവ കഴിവതും ഒഴിവാക്കുക. 

വൈറല്‍ രോഗങ്ങള്‍:
ചെങ്കണ്ണ് അഥവാ കണ്‍ജങ്റ്റിവൈറ്റിസ്
വേനല്‍ക്കാലത്ത് വളരെവേഗം പടര്‍ന്നുപിടിക്കുന്ന കണ്‍ജങ്റ്റിവൈറ്റിസ് അഡിനോവൈറസ്ബാധമൂലമാണ് ഉണ്ടാകുന്നത്. കണ്ണുകളില്‍ മണ്ണ് വാരിയിട്ടതുപോലെ തോന്നുകയും, ചൊറിച്ചില്‍, ചുവപ്പ്, വെള്ളം വരിക, പീളയടിയുക, കണ്‍പോളകള്‍ക്ക് നീരുണ്ടാകുക, വെളിച്ചത്തില്‍ നോക്കുമ്പോള്‍ വേദനയുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഈ രോഗത്തെ കുറിക്കുന്നു. രോഗി ഉപയോഗിക്കുന്ന ടവല്‍, രോഗിയുടെ സ്പര്‍ശം തുടങ്ങിയവവഴി വേഗം മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. കോര്‍ണിയ എന്ന് അറിയപ്പെടുന്ന കണ്ണിലെ നേര്‍ത്ത ഭാഗത്തിലുണ്ടാകുന്ന മുറിവ്, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയവ ഇതേത്തുടര്‍ന്ന് ഉണ്ടായേക്കാം. നേത്രരോഗവിദഗ്ധന്റെ ഉപദേശപ്രകാരം കണ്ണില്‍ ഒഴിക്കുന്ന തരം മരുന്നുകളും മതിയായ വിശ്രമവുംകൊണ്ട് ഈ രോഗം പൂര്‍ണമായും ഭേദമാകുന്നതാണ്.

ചിക്കന്‍പോക്സ്
വേരിസെല്ലാ വൈറസ് പരത്തുന്ന ചിക്കന്‍പോക്സ് എന്ന രോഗത്തിന്റെ പ്രത്യേകത, ത്വക്കിലുണ്ടാകുന്ന വെസിക്കിള്‍ എന്ന പ്രത്യേക കുരുക്കളാണ്. വെള്ളംകെട്ടിയ കുമിളകളായി കാണപ്പെടുന്ന ഈ രോഗത്തിന് പനി, ശരീരവേദന, തലവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായേക്കാം. വായുവില്‍ക്കൂടിയും രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുകവഴിയും ഈ രോഗം മറ്റുള്ളവരിലേക്ക് വേഗം പടര്‍ന്നുപിടിക്കുന്നു. മതിയായ വിശ്രമവും പനികുറയാനുള്ള മരുന്നുകളും പോഷകപ്രധാനമായ ആഹാരവും ധാരാളം വെള്ളം കുടിക്കുകയുമാണ് ഈ രോഗത്തിന്റെ ചികിത്സ. അസൈക്ളോവിര്‍ എന്ന ആന്റിവൈറല്‍ മരുന്നും ഈ രോഗത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്നു. പ്രായമേറിയ ആളുകള്‍ക്ക് ശ്വാസംമുട്ടല്‍, ഓര്‍മക്കുറവ്, നാഡീതളര്‍ച്ച തുടങ്ങിയ പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാവുന്ന ഈ രോഗത്തിന് ഫലപ്രദമായ വാക്സിനേഷനും ലഭ്യമാണ്. 

ഹെപ്പറ്റൈറ്റിസ് എയും ഇയും
കരളിലെ കോശങ്ങളെ പ്രത്യേകമായും ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്, മലിനജലം, വൃത്തിയാക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ക്കൂടി പകരുന്നു. രോഗാണുബാധയുള്ള ആളുടെ വിസര്‍ജ്യത്തില്‍നിന്ന്കുടിവെള്ളത്തിലോ മറ്റ് ഭക്ഷ്യവസ്തുക്കളിലോ വൈറസ്ബാധയുണ്ടായി സാംക്രമികരോഗമായി മാറുന്നു. ഹോസ്റ്റല്‍, സ്കൂള്‍, ഹോട്ടലുകള്‍ തുടങ്ങി ഒരേ സ്രോതസ്സില്‍നിന്ന് ആളുകള്‍ ഭക്ഷണംകഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്യുന്നിടത്ത് വളരെവേഗം പടര്‍ന്നുപിടിക്കുന്നു. പനി, ശരീരവേദന, ക്ഷീണം, ഛര്‍ദി, വയറിളക്കം, മൂത്രത്തിനും കണ്ണിനുമുള്ള മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള്‍ അണുബാധയുണ്ടായി 4–6 ആഴ്ചയ്ക്കകം കാണപ്പെടുന്നു. കരളിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കി കരള്‍വീക്കത്തിന് കാരണമായേക്കാവുന്ന ഇത് ചിലപ്പോള്‍ മാരകമായേക്കാം. പക്ഷേ സാധാരണഗതിയില്‍ മൂന്നുമാസംവരെ കാലയളവില്‍ പൂര്‍ണമായും ഭേദമാവുകയാണ് പതിവ്. കരളിന് ദൂരവ്യാപകമായ കേടുപാടുകള്‍ ഹെപ്പറ്റൈറ്റിസ് എയോ ഇയോ ഉണ്ടാക്കുന്നില്ല. പക്ഷേ ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് കൂടുതല്‍ അപകടകാരിയാണ്.

വിശ്രമം, പോഷകാഹാരം, രോഗലക്ഷണങ്ങളുടെ ചികിത്സ തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ ചികിത്സ. ഫലപ്രദമായ വാക്സിനും ഹെപ്പറ്റൈറ്റിസ് എയ്ക്ക് ലഭ്യമാണ്. പക്ഷേ എല്ലാറ്റിനും പ്രധാനം പ്രതിരോധമാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക.

Prof. John Kurakar

No comments: