Pages

Thursday, May 5, 2016

ജിഷ കേരളത്തിൻറെ ഹൃദയനൊമ്പരം

ജിഷ  കേരളത്തിൻറെ
 ഹൃദയനൊമ്പരം
കേരളത്തിന്റെ ഏറ്റവും വലിയ ഹൃദയ നൊമ്പരമായി പെരുമ്പാവൂരിലെ ജിഷ മാറിയിരിക്കുന്നു. ദളിത് വിഭാഗത്തില്‍പെട്ട നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ അതിക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചെന്നു മാത്രമല്ല ദേശീയതലത്തില്‍ നമ്മുടെ യശസിന് സാരമായ ഇടിവും വരുത്തിയിരിക്കുകയാണ്. സംസ്ഥാനം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരമായ ഈ കൊലപാതകത്തിനുത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം .നമ്മുടെ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതി നിറവേറ്റാന്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തണം.  സ്ത്രീ സുരക്ഷയെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന കേരളത്തിന് അങ്ങേയറ്റം നാണക്കേടുണ്ടാക്കിയ ഈ ക്രൂര കൊലപാതകം ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകം പോലെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി അപലപിക്കുകയും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്.
പെരുമ്പാവൂര്‍ കുറുപ്പംപടി കനാല്‍ പുറമ്പോക്കുഭൂമിയിലെ ചെറ്റകുടിലിൽ ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടു പറമ്പില്‍ വീട്ടില്‍ രാജേശ്വരിയുടെ മകളാണ് 29 കാരിയായ ജിഷ. കൊലപ്പെടുത്തിയശേഷം ജിഷയെ പ്രതി പീഡിപ്പിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉന്നത പൊലീസുദ്യോഗസ്ഥരെല്ലാം പെരുമ്പാവൂരിലെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. ജിഷ കൊല്ലപ്പെട്ട് നാലുദിവസത്തിനുശേഷമാണ് സംഭവത്തിന്റെ ഭീകരത പുറം ലോകമറിഞ്ഞത്. ജിഷയുടെ സഹപാഠികള്‍ മെയ് ദിനത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഹൃദയഭേദകമായ കൊലപാതകത്തെക്കുറിച്ചുള്ള വിവരം സമൂഹത്തെ അറിയിച്ചത്.ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ നിന്ന് സ്വന്തം പരിശ്രമം കൊണ്ട് ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയ ജിഷയുടെ കൊലപാതകം സമൂഹ മനസാക്ഷിക്കു മുമ്പില്‍ നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്.വര്‍ഷങ്ങളായി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തെ ഒന്നു തിരിഞ്ഞുനോക്കാന്‍ പ്രദേശത്തെ സന്നദ്ധ സംഘടനകളൊന്നും തയ്യാറായില്ലെന്നത് അത്ഭുതാവഹമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരാലംബര്‍ക്ക് വേണ്ടിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ആയിരക്കണക്കിന് സന്നദ്ധ സംഘടനകളാണുള്ളത്. ഇതില്ലാത്ത പ്രദേശങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളും കുടുംബ കൂട്ടായ്മകളും ആലംബഹീനരെ രക്ഷിക്കാനും പട്ടിണി ഒഴിവാക്കാനും രംഗത്തുണ്ട്. വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സമൂഹത്തിന് ഒഴിഞ്ഞുമാറാനാകില്ല. ഈ  കുടുംബത്തിൻറെ ദയനീയത  വാർഡു മെമ്പറും കാണാതെ പോയി.ഈ സംഭവം ഒരു പാഠമായി ഉള്‍ക്കൊണ്ട് ദാരിദ്ര്യത്തോട് മല്ലടിക്കുന്ന ഇത്തരം കുടുംബങ്ങളെ കണ്ടെത്തി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്..കുറ്റവാളികൾക്ക്‌ കടുത്ത ശിക്ഷ നൽകിയാലേ  ഇത്തരം ക്രൂരതകൾ അവസാനിക്കുകയുള്ളൂ .

പ്രൊഫ്‌. ജോൺ കുരാക്കാർ


No comments: