Pages

Monday, May 30, 2016

ശുചീകരണം ജനപങ്കാളിത്തത്തോടെ

ശുചീകരണം 

ജനപങ്കാളിത്തത്തോടെ 

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലെ വിദ്യാലയങ്ങളും ഓഫീസുകളും പൊതു സ്ഥലങ്ങളും ജനപങ്കാളിത്തത്തോടെ ശുചീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പതിനായിരങ്ങള്‍ ഇതില്‍ പങ്കാളികളാകും. ഇതിനായി വാര്‍ഡ് ഒന്നിന് 25000 രൂപ വീതം നല്‍കാനും യോഗം തീരുമാനിച്ചു.
ജൂണ്‍ ഒന്നിന് രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സമൂഹ്യ സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തുതല കമ്മറ്റികളും രണ്ടിന് വാര്‍ഡ് കമ്മറ്റികളും രൂപീകരിക്കാന്‍ ജില്ല കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എറണാകുളത്തെ സമ്പൂര്‍ണ്ണ ശുചിത്വജില്ലയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നത്.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍തൂക്കം നല്‍കണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയാതിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കണം. വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹകരണവും ഉറപ്പാക്കണം.
പകര്‍ച്ചവ്യാധിയുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പാലിക്കണം. കോളനികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് പ്രതിനിധികള്‍ ചെയര്‍മാനായ വാര്‍ഡ് കമ്മറ്റികള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മരുന്ന് ലഭ്യത ഉറപ്പു വരുത്തുകയും വേണം.
പ്രകൃതിദുരന്തം മൂലം ഉണ്ടാകുന്ന വിഷമതകള്‍ നേരിടാന്‍ ദ്രുതകര്‍മ്മസേനകള്‍ നിലവില്‍ വരും. കലക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തയ്യാറായി. കടല്‍ ക്ഷോഭങ്ങള്‍ മുന്നില്‍ കണ്ട് പുനരധിവാസകേന്ദ്രങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് അവിടെ വെള്ളവും വെളിച്ചവും ഉറപ്പാക്കണം. ഇതിന് തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തി. അപകടാവസ്ഥയില്‍ റോഡിന്റെ ഇരു വശങ്ങളിലം നില്‍ക്കുന്ന മരങ്ങള്‍ സുരക്ഷിത ഭീഷണി ഉയര്‍ത്താതെ ശ്രദ്ധ ചെലുത്താന്‍ ആര്‍ഡിഒമാര്‍ക്കും പിഡബ്ള്യുഡി റോഡ്സ് വിഭാഗത്തിനും വൈദ്യുതി ലൈന്‍ പൊട്ടിവീണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്വൈദ്യുതി ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കി. അതിവേഗം ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
മഴ സമയത്ത് വാഹനങ്ങള്‍ വേഗ നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി നടപടി സ്വീകരിക്കണം. കടലിലെ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഹൈസ്പീഡ് ബോട്ടുകളുടെ ലഭ്യത ഫിഷറീസ് വകുപ്പ് ഉറപ്പു വരുത്തണം.

യോഗത്തില്‍ എഡിഎം സി ലതിക മുന്നൊരുക്കങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. നിയുക്ത എംഎല്‍എമാരായ കെ ജെ മാക്സി, ഹൈബി ഈഡന്‍, പി ടി തോമസ്, കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍,  വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലീബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ്, ഡിഎംഒ എന്‍ കെ കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ബ്ളോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Prof. John Kurakar

No comments: