Pages

Monday, May 23, 2016

മദ്യമെന്ന മഹാവിപത്തിനെ മലയാളിയുടെ ജീവിതശീലങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തണം

മദ്യമെന്ന മഹാവിപത്തിനെ മലയാളിയുടെ ജീവിതശീലങ്ങളില്നിന്ന് അകറ്റിനിര്ത്തണം

ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കണമെങ്കിൽ സമ്പൂർണ്ണ മദ്യനിരോധനം അനിവാര്യമാണ് .സർക്കാരിന് പണം മാത്രമാണ് ലക്ഷ്യമെങ്കിൽ കൂടുതൽ മദ്യഷാപ്പുകൾ അനുവദിക്കണം .മദ്യമെന്ന മഹാവിപത്തിനെ മലയാളിയുടെ ജീവിതശീലങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ ഭാഗമായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം. മദ്യലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയും അതുവഴി സമ്പൂര്‍ണ മദ്യനിരോധനമെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ കാതല്‍.  കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും സമൂഹത്തില്‍ അക്രമവും അസ്വാരസ്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യുന്ന, എല്ലാ നിലയിലും തിന്മ മാത്രം ഉത്പാദിപ്പിക്കുന്ന ലഹരിയുടെ ദുര്‍ഭൂതത്തെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്തണം .യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യ നയത്തിന്റെ അടിസ്ഥാനത്തില്‍ 718 ബാറുകളാണ് അടച്ചുപൂട്ടിയത്. കൂടാതെ ഓരോ വര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്റെ 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാനും മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് 10 ഔട്ട്‌ലെറ്റുകള്‍ ഇതിനകം അടച്ചുപൂട്ടി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജയലളിത തമിഴ്‌നാട്ടിലെ 500 മദ്യവില്‍പ്പനശാലകള്‍ പൂട്ടിച്ചു.എന്ന വസ്തുത  കേരളത്തിലെ പുതിയ സർക്കാർ മനസിലാക്കണം സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് ജയലളിതയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നു .. ഇതിന്റെ ആദ്യഘട്ട നടപടിയാണ് സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെയുണ്ടായത്. ആളോഹരി മദ്യഉപഭോഗത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പ്രദേശമാണ് കേരളം. മദ്യത്തെ തിന്മകളുടെ മാതാവായാണ് മിക്ക മതങ്ങളും വിശേഷിപ്പിക്കുന്നത്. അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ തന്നെയാണ് ഇത്തരമൊരു വിശേഷണത്തിന് നിദാനം. 70 ശതമാനം കുറ്റകൃത്യങ്ങളുടെയും പിന്നില്‍ മദ്യത്തിനും ലഹരിക്കും പങ്കുണ്ടെന്നാണ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 40 ശതമാനം റോഡപകടങ്ങള്‍ക്കും 80 ശതമാനം വിവാഹ മോചനങ്ങള്‍ക്കും പിന്നില്‍ വില്ലനാകുന്നതും മദ്യമോ ലഹരി ഉപയോഗമോ ആണ്.കുടുംബ ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും മദ്യവും ലഹരിയും സൃഷ്ടിക്കുന്ന നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഈ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. അതിന് നിയന്ത്രണം വരണമെങ്കില്‍ മദ്യ ഉപഭോഗം കുറയണം. കേരളത്തിലെ പുതിയ സർക്കാരും  മദ്യലഭ്യത കുറച്ചുകൊണ്ടു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു .

പ്രൊഫ്‌. ജോൺ കുരാക്കാർ



No comments: