Pages

Monday, May 16, 2016

കേരളത്തിൽ 75 ശതമാനം പോളിംഗ്

കേരളത്തിൽ
75 ശതമാനം പോളിംഗ്

പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 75 ശതമാനം പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരമാണിത്. 2011ല്‍ 75.12 ശതമാനമായിരുന്നു പോളിംഗ്. ആറ് മണി വരെയുള്ള കണക്കാണിത്. പോളിംഗ് അവസാനിക്കുന്ന ആറ് മണിക്ക് ബൂത്തില്‍ ക്യൂനില്‍ക്കുന്നവര്‍ക്കും വോട്ട് രേഖപെടുത്താന്‍ അവസരം നല്‍കും. ഇതോടെ പോളിംഗ് ശതമാനത്തില്‍ വ്യത്യാസം ഉണ്ടാകാനിടയുണ്ട്.
ഒന്‍പത് ജില്ലകളിലെ പോളിംഗ് ശതമാനം 70 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ് പോളിംഗ് താരതമ്യേന കുറവ് രേഖപെടുത്തിയിരിക്കുന്നു. തെക്കന്‍ കേരളത്തില്‍ മഴമൂലം വോട്ടെടുപ്പ് ആദ്യം മന്ദഗതിയിലായിരുന്നു ആരംഭിച്ചത് എന്നാല്‍ പിന്നീട് മഴവിട്ടു നിന്നതോടെ ജനങ്ങള്‍ കൂടുതല്‍ വോട്ട് രേഖപെടുത്താനെത്തി. അതേസമയം വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗ് ആണ് നടന്നത്.  തീരമേഖലയിലും ഗ്രാമങ്ങളിലും മികച്ച പോളിംഗ് രേഖപെടുത്തി.കാസര്‍ഗോഡ് 73.5, കണ്ണൂര്‍ 79, വയനാട് 76, കോഴിക്കോട് 78, മലപ്പുറം 67.28 പാലക്കാട് 77, തൃശ്ശൂര്‍ 77 , എറണാകുളം 77, കോട്ടയം 75, ഇടുക്കി 69, ആലപ്പുഴ 77, പത്തനംതിട്ട 69, കൊല്ലം 74, തിരുവനന്തപുരം 72 എന്നിങ്ങനെയാണ് വോട്ടിംഗ് നില.സമാധാനപരമായ വോട്ടെടുപ്പാണ് നടക്കുന്നത്. ചിലസ്ഥലങ്ങളില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ മൂലം വോട്ടെടുപ്പ് വൈകിയിരുന്നു. ധര്‍മ്മടം, പാല, മലമ്പുഴ മണ്ഡലങ്ങളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.

140 നിയമസഭാ മണ്ഡലങ്ങളിലേക്ക് 1203 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇതില്‍ 109 പേര്‍ സ്ത്രീകള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസുമായി കൈകോര്‍ത്ത് ബിജെപിയും രംഗത്തുണ്ട്.2,60,19,282 വോട്ടര്‍മാരാണുള്ളത്.  1,35,08,693 സ്ത്രീകളും 1,25,10,589 പുരുഷന്‍മാരും. 87138 സര്‍വീസ് വോട്ടര്‍മാരുണ്ട്. 21646 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സേനയും സംസ്ഥാന പൊലീസുമടക്കമുള്ള 52000 പേരുള്ള സുരക്ഷാസേനക്കു പുറമേ സംസ്ഥാന എക്സൈസ്, ഫോറസ്റ്റ് ജീവനക്കാരും ഹോംഗാര്‍ഡുകളുമടക്കം മറ്റൊരു 4200 പേര്‍ കൂടി സുരക്ഷാ സംവിധാനങ്ങളില്‍ പങ്കാളികളാകും.

Prof. John Kurakar

No comments: