വെള്ളമില്ലാതെ
ജനങ്ങള്‍ നെട്ടോട്ടത്തില്‍
ഇടുക്കി ജില്ലയില്‍ അന്തരീക്ഷ താപനിലയും പകല്‍ച്ചൂടും മാറ്റമില്ലാതെ തുടരുന്നതോടെ വെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. ജല അഥോറിട്ടിയുടെയും ത്രിതല പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികളും അടിക്കടി പണിമുടക്കുന്നത് പതിവായതോടെ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടുകയാണ് നാട്ടുകാര്‍.
ജില്ലയിലെ സ്വാഭാവിക ജലസ്രോതസുകള്‍ മിക്കവയും വറ്റിവരണ്ടു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ജലനിധി പദ്ധതിയുടെ ഉദ്‌ഘാടനം കഴിഞ്ഞെങ്കിലും കുരിശുകുത്തി, ഇഞ്ചത്തൊട്ടി, കണ്ണാടിപ്പാറ, ഇരുമലക്കപ്പ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ കിലോമീറ്ററുകള്‍ തലച്ചുമടായാണ് കുടിവെള്ളം ശേഖരിക്കുന്നത്. രാത്രി വളരെ വൈകിയും മേഖലയിലെ ജനങ്ങള്‍ ജലാശയങ്ങളില്‍ കാത്തിരുന്ന് കുടിവെള്ളം കപ്പുകള്‍ ഉപയോഗിച്ച് കോരി ശേഖരിക്കേണ്ട അവസ്‌ഥയാണുള്ളത്.
ജലസമൃദ്ധമായ തൊടുപുഴയാറില്‍ സദാസമയവും വെള്ളമുണ്ടെങ്കിലും കുടിവെള്ളത്തിനാണ് നഗരത്തില്‍ കടുത്ത ക്ഷാമം നേരിടുന്നത്. സമീപപഞ്ചായത്തുകളായ കരിങ്കുന്നം, മുട്ടം, പുറപ്പുഴ, വെള്ളിയാമറ്റം, വണ്ണപ്പുറം, മണക്കാട്, കോടിക്കുളം തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം തന്നെ കുടിവെള്ളം കിട്ടാക്കനിയായി മാറി. കിണറുകളും തോടുകളും കരിഞ്ഞുണങ്ങിയതോടെ അലക്കാനും കുളിക്കാനും വെള്ളമില്ലാതായത് ആളുകളെ ബുദ്ധിമുട്ടിലാഴ്‌ത്തുന്നുണ്ട്. വിദൂര സ്‌ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വാഹനങ്ങളിലും മറ്റുമായി പുഴയിലെത്തിയാണ് കുളിക്കാനും അലക്കാനും വെള്ളം ഉപയോഗിക്കുന്നത്.
കുടിവെള്ളത്തിനായി ജനം പരക്കം പായുന്നതിനിടെ ജല അഥോറിട്ടിയുടെയും ത്രിതല പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികളും അടിക്കടി പണിമുടക്കുന്നത് പതിവായി. തൊടുപുഴ നഗരത്തില്‍ ജലഅഥോറിട്ടിയുടെ ജലവിതരണ സംവിധാനത്തെയാണ് വ്യാപാരികളും നാട്ടുകാരും ആശ്രയിക്കുന്നത്. ഹൈറേഞ്ചും വരണ്ടു. വേനലില്‍ ഹൈറേഞ്ച് ജനതയും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അടിമാലി, മാങ്കുളം, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, രാജാക്കാട് തുടങ്ങി മേഖലയിലെ വിവിധ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിച്ചെങ്കിലും പല പദ്ധതികളും തുടക്കത്തിലേ പിഴച്ചു.
പലയിടത്തും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കുളങ്ങളും കിണറുകളും പമ്പു പുരകളും കാടുകയറി മൂടുകയാണ്. പാതയോരങ്ങളില്‍ വിവിധ പദ്ധതികളുടെ ഭാഗമായി സ്‌ഥാപിച്ചിരുന്ന പൈപ്പുകളിലൂടെ വെള്ളം എത്താതായതോടെ തസ്‌കരര്‍ പൈപ്പുകള്‍ ആക്രിക്കടകളിലെത്തിച്ചു. വെള്ളത്തൂവല്‍, കൊന്നത്തടി വില്ലേജ് പരിധിയിലെ 95,250 ആളുകള്‍ക്ക് ശുദ്ധജലമെത്തിക്കുന്നതിനായി 17 വര്‍ഷം മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച, ജപ്പാന്‍ കുടിവെള്ള പദ്ധതിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദേശീയ ഗ്രാമീണ ത്വരിത ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ പാതിവഴിയില്‍ ഇപ്പോഴും ഇഴയുകയാണ്. രണ്ടു വില്ലേജുകളിലായി പതിനഞ്ചോളം ഇടങ്ങളില്‍ ജലസംഭരണികളും പമ്പുപുരകളും നിര്‍മ്മിച്ചത് കാടുകയറിയ നിലയിലാണ്. ഒന്നര പതിറ്റാണ്ട് മുന്‍പ് ഇതിനായി മുതിരപ്പുഴയാറിനു സമീപം നിര്‍മ്മിച്ച കുളം നശിക്കുകയാണ്. ജലനിധി പദ്ധതി മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ പൂര്‍ത്തിയാക്കിയതായി രേഖകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്.
വെള്ളത്തൂവല്‍, അടിമാലി ഗ്രാമപഞ്ചായത്തുകളിലും ജലനിധി എത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. കൂടാതെ ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ കലക്‌ടര്‍ ഉള്‍പ്പടെയുള്ളവരുടെ അടിയന്തിര ധനസഹായത്തിലും ആരംഭിച്ച പല പദ്ധതികളും പാടെ നിലച്ചിട്ടുണ്ട്. പലയിടങ്ങളിലും കരാറുകാരും ഉദ്യോഗസ്‌ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ തുടര്‍ന്ന് വന്‍ അഴിമതി നടത്തിയതാണ് പദ്ധതികള്‍ അവതാളത്തിലാകാന്‍ കാരണം. കടുത്ത വേനലില്‍ വീടുകളിലുള്ള കിണറുകള്‍ വരണ്ടതോടെ ഹൈറേഞ്ച് മേഖലകളില്‍ ഇക്കൊല്ലവും ആയിരക്കണക്കിന് കുഴല്‍ക്കിണറുകളാണ് താഴ്‌ത്തിയിട്ടുള്ളത്.
പലരും ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്നും സ്വകാര്യ വ്യക്‌തികളില്‍ നിന്നും കൊടും പലിശയ്‌ക്ക് പണം വായ്‌പയെടുത്താണ് കുഴല്‍ കിണറുകള്‍ കുഴിച്ച് കുടിനീരിനായി മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇവയില്‍ പലതും വിവിധ കാരണങ്ങളാല്‍ പരാജയപ്പെട്ട സംഭവങ്ങളും നിരവധിയാണ്. സംസ്‌ഥാന സര്‍ക്കാരിന്റെ ഭൂഗര്‍ഭ ജല അഥോരിറ്റിയില്‍ നിന്നും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാന്‍ സബ്‌സിഡി നല്‍കാന്‍ പദ്ധതിയുണ്ടെങ്കിലും ഇവ ഒട്ടുമിക്ക മേഖലയിലും പ്രയോജനപ്പെടാറില്ല.
കനത്ത വെയിലില്‍ മേഖലയിലെ കല്ലാര്‍കുട്ടി, പൊന്മുടി തുടങ്ങി വിവിധ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ നിലയിലാണ്. കൂടാതെ ചീയപ്പാറ, വാളറ, അടിമാലി തുടങ്ങി പ്രശസ്‌തമായ വെള്ളച്ചാട്ടങ്ങള്‍ എല്ലാംതന്നെ ഫെബ്രുവരി മാസത്തില്‍ തന്നെ വറ്റി വരണ്ടിരുന്നു. ഇതു മൂലം സമീപത്തെ ജലാശയങ്ങളിലെ ജലവും അപ്രത്യക്ഷമായിട്ടുണ്ട്. തോടുകള്‍, പുഴകള്‍, ചെറുഅരുവികള്‍ എല്ലാംതന്നെ വറ്റിവരണ്ടതോടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഇത് വരള്‍ച്ചയുടെ കാലമാണ്.
Prof. John Kurakar

No comments:
Post a Comment