Pages

Friday, April 15, 2016

വരൾച്ച ,വരൾച്ച, കൊടും വരൾച്ച

വരൾച്ച ,വരൾച്ച, കൊടും വരൾച്ച

വേനല്‍ കടുത്തതോടെ വരള്‍ച്ച തുറിച്ചുനോക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മനുഷ്യനഷ്‌ടവും. അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വറുതി അനുഭവിക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞയാഴ്‌ച ഒഡീഷ, തെലങ്കാന സംസ്‌ഥാനങ്ങളില്‍ മാത്രം മരണമടഞ്ഞത്‌ 70 പേര്‍. ഇതൊന്നുമായിട്ടില്ലെന്നും വേനല്‍ ഇനിയും കൂടുതല്‍ കരുത്താര്‍ജ്‌ജിക്കുമെന്നുമാണ്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്‌.
ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചൂട്‌ 41 ഡിഗ്രിയായിരുന്നു. സാധാരണഗതി താപനിലയേക്കാള്‍ നാലു ഡിഗ്രി കൂടുതലാണ്‌ ഇതെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. പല സംസ്‌ഥാനങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്‌. ജലസ്രോതസുകള്‍ വറ്റിവരണ്ടു. രാജ്യത്തെ പ്രധാന 91 ജലസംഭരണികളില്‍ 23 ശതമാനം മാത്രമാണ്‌ വെള്ളം. 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നില. തെലങ്കാന, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, മറാത്താവാഡ, വിദര്‍ഭ, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളും വരള്‍ച്ച രൂക്ഷമായി പിടിമുറുക്കിയിട്ടുള്ള സംസ്‌ഥാനങ്ങളുടെ പട്ടികയിലാണ്‌.
ഒഡീഷയില്‍ പലയിടങ്ങളിലും താപനില 40 ഡിഗ്രിക്കും മുകളിലാണ്‌. തലസ്‌ഥാനമായ ഭുവനേശ്വറില്‍ മാത്രം ഈ ആഴ്‌ച രേഖപ്പെടുത്തിയത്‌ 45 ഡിഗ്രിയാണ്‌. ഏപ്രില്‍ 20 വരെ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്‌. തെലുങ്കാനയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മരണമടഞ്ഞത്‌ 35 പേരാണ്‌. ഹൈദരാബാദില്‍ ചൂട്‌ സംബന്ധിച്ച മുന്നറിയിപ്പുകള്‍ സംസ്‌ഥാനം നല്‍കിയിട്ടുണ്ട്‌. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി താപനില മൂന്ന്‌ ഡിഗ്രികള്‍ കൂടി വര്‍ദ്ധിക്കുമെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‌കുന്ന സൂചനകള്‍. ഡല്‍ഹി, രാജസ്‌ഥാന്‍, പഞ്ചാബ്‌, ഹരിയാന, ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌, മദ്ധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ മൂന്ന്‌ ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ്‌ സൂചനകള്‍.
ഇത്തവണ വരള്‍ച്ച ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത കര്‍ണാടകയില്‍ ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്ന 500 ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഇക്കാര്യം തടസ്സപ്പെട്ടിട്ടുണ്ട്‌. മഹാരാഷ്‌ട്രയിലെ ലത്തൂരിലേക്ക്‌ ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെള്ളം ട്രെയിനില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. നേരത്തേ ജലവിതരണത്തിലെ പ്രതിസന്ധി മൂലം മഹാരാഷ്‌ട്രയില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങളും നേരത്തേ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന്‌ മാറ്റിയിരുന്നു.

Prof. John Kurakar

No comments: