Pages

Wednesday, March 16, 2016

PALAKKAD REELS UNDER HEAT

ചൂട്അസഹ്യം; 3 പേര്ക്കുകൂടി സൂര്യതാപമേറ്റു


പാലക്കാട്‌:ജില്ലയില്‍ ചൂട്‌ അസഹ്യമാവുന്നു. ചൂട്‌ കനത്തതോടെ സൂര്യതാപമേല്‍ക്കുന്നത്‌ വ്യാപകമാവുകയാണ്‌. ചൊവ്വാഴ്‌ച മൂന്നുപേര്‍ക്കുകൂടി സൂര്യതാപമേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്‌തു. പാലക്കാട്‌ നഗരത്തിലാണ്‌ ചൊവ്വാഴ്‌ച രണ്ടുപേര്‍ക്ക്‌ സൂര്യതാപത്താല്‍ പൊള്ളലേറ്റത്‌. ഇതോടെ ജില്ലയില്‍ സൂര്യതാപമേറ്റവരുടെ എണ്ണം പത്തു കവിഞ്ഞു.
പാലക്കാട്‌ ടൗണില്‍ കട നടത്തുന്ന കരിങ്കരപ്പുള്ളി സ്വദേശി സന്തോഷിന്റെ പുറംഭാഗം സൂര്യതാപമേറ്റ്‌ പൊള്ളി. ദേഹത്ത്‌ പലഭാഗത്തായി ചുവന്ന പാടുകളുണ്ട്‌. ടൗണില്‍ ചായ വിതരണം ചെയ്യുന്ന കരിങ്കരപ്പള്ളി ബാബു അലിക്കും പൊള്ളലേറ്റു. തരവത്തുപടിയില്‍ പശുവിനെ മേക്കാന്‍ പോയ യുവതിക്ക്‌ സൂര്യതാപമേറ്റു.
കഴിഞ്ഞയാഴ്‌ച ആലത്തൂര്‍ ചിറ്റിലഞ്ചേരിയില്‍ സൂര്യതാപമേറ്റ്‌ ഒരാള്‍ മരിച്ചിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പലരുടെയും ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നുണ്ടെങ്കിലും ഇത്‌ സൂര്യാഘാതമാണെന്ന്‌ അറിയാത്തതിനാല്‍ പലരും ചികിത്സ തേടുന്നില്ല. ഇതിനാല്‍ പൊള്ളലേല്‍ക്കുന്നവരുടെ യഥാര്‍ഥ കണക്ക്‌ ലഭ്യമല്ല.
ചൊവ്വാഴ്‌ച ജില്ലയില്‍ 39 ഡിഗ്രി ചൂടാണ്‌ അനുഭവപ്പെട്ടത്‌. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന 40 ഡിഗ്രി ചൂടില്‍നിന്ന്‌ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വാസത്തിന്‌ വകയില്ല. വേനല്‍ മഴ ലഭിച്ചാലെ ചൂടില്‍ നിന്നും ആശ്വാസം ലഭിക്കു.

Prof. John Kurakar

No comments: