Pages

Wednesday, March 16, 2016

ആവാസവ്യവസ്ഥയെ തകർക്കുന്ന ആത്മീയ ചങ്ങാത്തം

ആവാസവ്യവസ്ഥയെ തകർക്കുന്ന ആത്മീയ ചങ്ങാത്തം
അമൂല്യ ഗാംഗുലി
ബിജെപിയും ശ്രീശ്രീ രവിശങ്കറിന്റെ ആർട്ട്‌ ഓഫ്‌ ലിവിങ്‌ ഫൗണ്ടേഷനും തമ്മിൽ ഇതുവരെ നിലനിന്ന പൊതിഞ്ഞുകെട്ടിയുള്ള ബന്ധം യമുനയുടെ പ്രളയബാധിത പ്രദേശത്ത്‌ പൂത്തുലയുന്ന കാഴ്ചയാണ്‌ ഇക്കഴിഞ്ഞ ദിവസം കണ്ടത്‌. പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ ആത്മീയ ഗുരുവിന്റെ ഹാസ്യപരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ്‌ ഈ ബന്ധത്തിന്‌ ശോഭ പകർന്നത്‌. ആൾദൈവത്തിന്‌ അത്‌ സ്വകാര്യ വിശ്വസാംസ്കാരികോത്സവമാണെങ്കിൽ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇതൊരു കുംഭമേള സംസ്കാരമാണ്‌. ജലസേചനത്തിനായി മേൽത്തട്ടുകളിലേക്ക്‌ വെള്ളമെടുക്കുന്നതുവഴിയും താഴെത്തട്ടിൽ തള്ളുന്ന മാലിന്യങ്ങൾ കാരണവും പ്രതിസന്ധി നേരിടുന്ന യമുനാനദിയുടെ പരിസ്ഥിതി ദുർബലപ്രദേശത്തെ അതീവലോലമായ ജൈവ പാരിസ്ഥിതിക ആവാസമേഖലയിൽ നേരിട്ട്‌ നടത്തിയ ആക്രമണമായാണ്‌ മേളയുടെ വിമർശകർ ഇതിനെ കാണുന്നത്‌. പൂക്കളും ഇലകളും മറ്റ്‌ ആരാധനാ വസ്തുക്കളും പുഴയിലേക്കെറിയുന്നത്‌ തടയുന്നതിനായി കെട്ടിയ ഇരുമ്പുമറകളൊന്നും വലിയ പ്രതിരോധം സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മഴക്കാലത്തൊഴിച്ച്‌ മേറ്റ്ല്ലായ്പ്പോഴും ഇതൊരു നേർത്തതോടായാണ്‌ പരിമിതപ്പെട്ടിരിക്കുന്നത്‌. ആർട്ട്‌ ഓഫ്‌ ലിവിങ്‌ ഫൗണ്ടേഷൻ നടത്തിയ ഈ മാമാങ്കത്തെ അതിജീവിക്കാൻ യമുനാനദിക്ക്‌ കഴിയുമോ അതോ തിരുത്താനാകാത്ത ആഘാതം പേറേണ്ടിവരുമോ എന്നത്‌ കാലം തെളിയിക്കേണ്ടതുണ്ട്‌. എന്നാൽ പരിസ്ഥിതിസ്നേഹികളെ സംബന്ധിച്ചിടത്തോളം ഈ സാംസ്കാരിക മാമാങ്കം പുഴയ്ക്ക്‌ ഏൽപ്പിക്കുന്ന ഏറ്റവും ഹീനമായ ആഘാതം മാത്രമല്ല വിഷയം, ഉത്സവം നടക്കുന്ന സ്ഥലത്തിനും ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതത്തിന്‌ എന്ത്‌ സംഭവിക്കുമെന്നു കൂടി ഉൽക്കണ്ഠയ്ക്ക്‌ ഇടയാക്കുന്നു.
ഈ ആകുലതകളാണ്‌ ദേശീയ ഹരിത ട്രിബ്യൂണലിനെ ഉത്സവത്തിനുള്ള അനുമതി നിഷേധിക്കാനും അഞ്ചു കോടി പിഴ ചുമത്താനും പ്രേരിപ്പിച്ചത്‌.
യോഗിയും കാവിപ്പടയും തമ്മിലുള്ള ബാന്ധവത്തിന്റെ ആഴം മറനീക്കി പുറത്തുവന്നത്‌ ഈ സന്ദർഭത്തിലാണ്‌. പിഴ അടയ്ക്കുന്നതിനേക്കാൾ താൻ ജയിലിൽ പോകാനാണിഷ്ടപ്പെടുന്നതെന്ന്‌ ആൾദൈവം പറഞ്ഞത്‌ ഈ ബലത്തിലാണ്‌.
രാജ്യത്തെ നിയമത്തെ ധിക്കരിക്കാനുള്ള വാസന ഒരാൾക്കുണ്ടാകുന്നത്‌ അയാൾക്ക്‌ രാഷ്ട്രീയ ഭരണ രക്ഷാകതൃത്വം ഉണ്ടാകുമ്പോഴാണ്‌. ജെഎൻയു നേതാവ്‌ കനയ്യ കുമാറിനെ പട്യാല ഹൗസ്‌ കോടതിക്കുള്ളിൽവച്ച്‌ മർദ്ദിക്കാൻ തയാറായ ബിജെപി അനുകൂല വക്കീലന്മാർക്കും തങ്ങൾ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന്‌ ഇതുപോലെ ഉറപ്പുണ്ടായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ ഹരിത ട്രിബ്യൂണലിലെ ഉദ്യോഗസ്ഥരെ ദേശവിരുദ്ധരെന്ന്‌ വിളിക്കാൻ അമിത്ഷായ്ക്കും മോഹൻ ഭാഗവതിനും തോന്നാതിരുന്നതിൽ നമുക്കാശ്വസിക്കാം.
ബിജെപിയുടെ പ്രിയപ്പെട്ട ഒരു മുൻ ആൾദൈവം ആശാറാം ബാപ്പു നിയമക്കുരുക്കിൽപ്പെട്ടതുകൊണ്ട്‌ ഇപ്പോൾ അവർ പുതിയ രണ്ട്‌ ആൾദൈവങ്ങളെ ആശ്രയിക്കുന്നുണ്ട്‌. ബാബാ രാംദേവും, ശ്രീശ്രീ രവിശങ്കറും. ആദ്യത്തെയാൾ ഒരു വിജയംവരിച്ച വ്യാപാരിയാണെങ്കിൽ മറ്റേയാൾ സാംസ്കാരിക കാപട്യത്തിന്റെ ഉടമയാണ്‌. രണ്ടുപേരും അവരുടെ ആത്മീയമല്ലാത്ത സംരംഭങ്ങൾ പുഷ്ടിപ്രാപിക്കണമെങ്കിൽ ഭൗതിക അധികാര ശക്തികളുടെ പിൻബലം കൂടിയേ തീരൂ എന്ന വിശ്വാസക്കാരാണ്‌.
വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും യുപിയിൽ ശ്രീശ്രീ രവിശങ്കറുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലൂടെ ഹിന്ദു വോട്ടുകൾ ബിജെപിക്ക്‌ അനുകൂലമാക്കാൻ കഴിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാൽ അതിന്‌ മറ്റൊരു കാരണവും കൂടിയുണ്ട്‌.
ദേശവിരുദ്ധർ എന്ന്‌ പറയുന്നവർക്കെതിരെ ആർഎസ്‌എസ്‌ എടുക്കുന്ന മുഷ്ക്‌ കലർന്ന സമീപനം പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഈ കാലത്ത്‌ വലിയ ഫലം തരുന്നില്ല എന്ന തിരിച്ചറിവ്‌ ഒരു പക്ഷേ അവർക്കുണ്ടാകും. ദേശവിരുദ്ധരെന്ന്‌ മുദ്രകുത്തുന്നവർക്കെതിരെ പൊലീസ്‌രാജ്‌ പ്രയോഗിക്കുന്നതിനെക്കാൾ നല്ലത്‌ സാംസ്കാരിക പ്രതീകമാകുന്നവരുടെ മൃദുസമീപനം സ്വീകരിക്കലാണെന്ന്‌ ബിജെപി പൊതുവെ കരുതുന്നു. ജെഎൻയുവിൽ ആട്ടവും പാട്ടുമായി ഒരു സ്വകാര്യവിരുന്ന്‌ നടത്താൻ രവിശങ്കറിനെ അവർ അനുവദിക്കുമോ എന്നറിയില്ല, പക്ഷെ ഇതിനായി യമുനാതീരം തിരഞ്ഞെടുത്ത ശ്രീ ശ്രീ രവിശങ്കറിന്റെ നടപടി ബുദ്ധിപരമായ ഒരു തീരുമാനമായിരുന്നില്ല.
സർക്കാരും നിയന്ത്രണ അതോറിറ്റികളും പാരിസ്ഥിതിക ലംഘനത്തിനെതിരെ കണ്ണടയ്ക്കുകയാണുണ്ടായത്‌. അക്ഷർധാം ക്ഷേത്രത്തിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും കാര്യത്തിലും ഇതാണ്‌ സംഭവിച്ചത്‌. എന്നാൽ ഹരിതസേന ആൾദൈവത്തെ വെറുതെ വിടാൻ തീരുമാനിച്ചില്ല.
ദേശീയ ഹരിത ട്രിബ്യൂണലിനും അവരുടെ മുഖം പൂർണമായും രക്ഷിക്കാൻ ആയില്ല. ശക്തരായ രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ കൂട്ടാളികളേയും നേരിടുമ്പോൾ അവരും നിസഹായരാകുന്ന കാഴ്ചയാണ്‌ കാണുന്നത്‌. സ്വയംഭരണ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള സർക്കാരിന്റെ മറ്റൊരു നീക്കമായി വേണം ഹരിത ട്രിബ്യൂണലിനെ മെരുക്കാൻ നടത്തുന്ന ശ്രമങ്ങളെ കാണേണ്ടത്‌.
ഇതൊന്നും തന്നെ മോഡിയെ ബാധിക്കില്ല. ലോകത്തെല്ലായിടത്തും നടക്കുന്ന എന്തിനെക്കുറിച്ചും എല്ലാവരും ബോധവാന്മാരാണ്‌. പണവും അധികാരവുമുള്ളവർ അടിസ്ഥാന പാരിസ്ഥിതിക നിയമങ്ങളിൽ പുലർത്തുന്ന അങ്ങേയറ്റത്തെ അവഗണനയെപ്പോലെ നമ്മുടെ ഉൽക്കണ്ഠയെ ഉണർത്തുന്ന മറ്റൊന്നുമില്ല.
ഉർവ്വരമായ നദീതടത്തെ ബുൾഡോസർ ഉപയോഗിച്ച്‌ നിരപ്പാക്കി സ്റ്റേജുകളും നടപ്പാതകളും കെട്ടിയതുകൊണ്ട്‌ ഹൃദയശൂന്യരായ സംഘാടകരുടേയോ ഇതൊക്കെ കണ്ടില്ലെന്ന്‌ നടിക്കുന്ന സന്ദർശകരുടേയോ അഭിമാനം വർധിക്കാൻ പോകുന്നില്ല. പരിപാടിയിൽ നിന്നും രാഷ്ട്രപതി പ്രണബ്‌ മുഖർജി വിട്ടുനിന്ന കാര്യം രേഖപ്പെടുത്താൻ വിമർശകർ ബാധ്യസ്ഥരാണ്‌.
അതുപോലെ സിംബാബ്‌വേ പ്രസിഡന്റ്‌ റോബർട്ട്‌ മുഗാബെ, ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന, നേപ്പാൾ പ്രസിഡന്റ്‌ ബിദ്യദേവി ഭണ്ഡാരി, അഫ്ഘാനിസ്ഥാൻ മുൻ പ്രസിഡന്റ്‌ ഹമീദ്‌ കർസായി എന്നിവരും ആർട്ട്‌ ഓഫ്‌ ലിവിങ്ങിന്റെ ക്ഷണം നിരസിക്കുകയുണ്ടായി.
ഡൽഹിയിൽ സംഭവദിവസം പെയ്ത മഴയും കാറ്റും മൂലം പരിപാടി തടസപ്പെട്ടെങ്കിൽ എന്ന്‌ ആഗ്രഹിച്ചവർ ധാരാളമുണ്ട്‌. എന്നാൽ മഴയെ സ്വർഗത്തിൽ നിന്നുമുള്ള അനുഗ്രഹം ചൊരിയലായി ആർട്ട്‌ ഓഫ്‌ ലിവിങ്‌ ആളുകൾ വ്യാഖ്യാനിച്ചു. പക്ഷെ പരിപാടി മൂലമുണ്ടായ വൻ ഗതാഗത തടസം ആൾദൈവത്തിന്റെ വിശ്വാസികളുടെ എണ്ണത്തിൽ കുറവുവരുത്താനാണ്‌ സാധ്യത.
കടപ്പാട്‌ ഐപിഎ



No comments: