കനത്ത വേനലില്‍ കടുവകള്‍
വീണ്ടും കാടിറങ്ങുന്നു
- കെ.എസ്. മുസ്തഫ
കല്പറ്റ: വാസകേന്ദ്രങ്ങളിലിറങ്ങുന്ന നരഭോജി കടുവകളുടെ അക്രമം വീണ്ടും സജീവമായതോടെ വനാതിര്ത്തിഗ്രാമങ്ങളിലെ ജീവിതം കൂടുതല്‍ ദുസ്സഹമായി. കഴിഞ്ഞ ഒരു വര്ഷത്തിനിടെ വയനാട് വന്യജീവി സങ്കേതമുള്പ്പെടുന്ന കാടുകളില്‍ നിന്ന് നാട്ടിലിറങ്ങിയ കടുവകളുടെ അക്രമത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേരുടെയും മാംസം കടുവ ഭക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദേവര്‍ഷോലയില്‍ തോട്ടം തൊഴിലാളിയെകൊന്ന് മാംസം ഭക്ഷിക്കുകയും ബത്തേരി നമ്പിക്കൊല്ലിയില്‍ വളര്‍ത്തുമൃഗത്തെ കൊന്നുതിന്നുകയും ചെയ്തത് വെവ്വേറെ കടുവകളാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. ഇതോടെ വനത്തോട് ചേര്ന്ന് താമസിക്കുന്ന കോളനികളിലുള്ളവര്‍ കടുത്ത ആശങ്കയിലാണ്. വെള്ളിയാഴ്ച രാത്രി ദേവര്ഷോലക്കടുത്ത വുഡ്ബ്രയര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ ഝാര്ഘണ്ഡ് സ്വദേശി വെഖുവര ഒരു വര്ഷത്തിനിടെ കടുവയുടെ അക്രമത്തിനിരയായി കൊല്ലപ്പെടുന്ന നാലാമത്തെയാളാണ്.
2015 ഫെബ്രുവരി 9ന് നൂല്പ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് വീട്ടില്‍ ഭാസ്കരനെ കടുവ കൊന്ന് മാംസം ഭക്ഷിച്ചിരുന്നു. അഞ്ച് ദിവസത്തിന് ശേഷം ബിദര്ക്കാട് തേയിലത്തോട്ടത്തില്‍ അടിക്കാട് വെട്ടാന്‍ പോയ മഹാലക്ഷ്മിയെയും കടുവ കൊന്നു. തുടര്ന്ന് നാല് ദിവസത്തിനുള്ളില് ഈ കടുവയെ തമിഴ്നാട് വനംവകുപ്പ് സംഘം വെടിവെച്ച് കൊന്നെങ്കിലും 2015 ആഗസ്ത് രണ്ടിന് ചെതലയത്തിനടുത്ത കുറിച്യാട് നിന്ന് ബാബുരാജ്(24) എന്ന ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തില്‍ വീണ്ടും കൊല്ലപ്പെട്ടു. വീടിനോട് ചേര്ന്ന വനത്തില്‍ നിന്നാണ് മൂവരും അക്രമിക്കപ്പെട്ടത്.വനാതിര്‍ത്തികളില്‍ ജോലിയെടുക്കുന്നവരും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോവുന്നവരും പഴയ കാലത്ത് വന്യമൃഗങ്ങളുടെ അക്രമണത്തിന് ഇരയായിരുന്നുവെങ്കിലും ഇപ്പോള്‍ മൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലിറങ്ങിയാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മെഖുവര രാത്രി മൂത്രമൊഴിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമിക്കപ്പെട്ടത്. കേരളം, തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള്‍ അതിരിടുന്ന വനത്താല്‍ ചുറ്റപ്പെട്ടപ്പെട്ട അതിര്ത്തി ഗ്രാമങ്ങളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലാണ്. അതോടൊപ്പം ഈ വനമേഖലയില്‍ കടുവകളുടെ എണ്ണവും അവയുടെ ആവാസവ്യസ്ഥയ്ക്കാവശ്യമായതിലും കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണം പെരുകുന്നതോടെ കൂട്ടത്തില്‍ ആരോഗ്യസ്ഥിതി മോശമായ കടുവകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുകയും പതിയെ നരഭോജി വിഭാഗമായി മാറുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
മുന്വര്ഷങ്ങളെ അപേക്ഷിച്ച് അതിശക്തമാണ് ഇത്തവണ വയനാട്ടിലെ ചൂട്. പുറമെ കര്ണാടകയിലെ വനം കത്തി ചൂടേറിയ ഡെക്കാന്‍ പീഠഭൂമിയില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് അതിര്ത്തി വഴി ജില്ലയിലേക്കാണടിക്കുന്നതും. വേനല്‍ കനത്തതോടെ വനത്തിലെ ജലസ്രോതസ്സുകള്‍ വറ്റുന്നതും കടുവകളുടെ കാടിറക്കത്തിന് കാരണമാവുന്നുണ്ട്. വനങ്ങളിലെ അധിനിവശ സസ്യങ്ങളുടെ അപകടകരമായ വളര്ച്ചയും കാട് അമിതമായി വെട്ടിത്തെളിക്കുന്നതും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയുയര്ത്തുന്നുമുണ്ട്. എണ്ണം പെരുകുന്ന കടുവകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് വനപ്രദേശത്തെ കോളനികളില്‍ വന്‍ദുരന്തത്തിന് വഴിവെച്ചേക്കും.
Prof. John Kurakar
No comments:
Post a Comment