Pages

Monday, March 14, 2016

ഒഡീഷയിൽ പെന്തക്കോസ്ത് നേതാക്കൾ കത്തോലിക്കാ സഭയിലേക്ക്


ഒഡീഷയിൽ പെന്തക്കോസ്ത് നേതാക്കൾ കൂട്ടമായി കത്തോലിക്കാ സഭയിലേക്ക്
ഒഡീഷ: ഒറീസയിൽ കലഹാണ്ടി ജില്ലയിൽ കത്തോലിക്കാസഭയിലേക്ക് കടന്നുവരുന്ന പെന്തക്കോസ്ത് സഭാ വിശ്വാസികളായ പാസ്റ്റർമാർക്കായി തൃശൂരിൽ നിന്നുള്ള ഫിയാത്ത് മിഷൻ ടീം വിശ്വാസപരിശീലന ക്യാമ്പ് നടത്തി. ഒറീസയിലെ കലഹാണ്ടി ജില്ലയിലുളള മലങ്കരസഭയുടെ പ്രവർത്തനഫലമായിട്ടാണ് പെന്തക്കോസ്ത് സഭയിലെ മിക്ക പാസ്റ്റർമാരും കത്തോലിക്കാസഭയുടെ ട്രെയിനിംഗിന് അണഞ്ഞത്. സഭയുടെ പല പഠനങ്ങൾക്കും നേർവിപരീതവും നിഷേധാത്മകവുമായ ചുറ്റുപാടിൽ നിന്നുളളവരായിരുന്നതിനാൽ ഇവരുടെ പരിശീലനകാലയളവ് ഏറെ പ്രയാസകരമായിരുന്നു. എന്നാൽ പരിശുദ്ധാത്മാവിലാശ്രയിച്ച് പരിശീലനം നടത്തിയപ്പോൾ അവരിൽ വന്ന മാറ്റം വർണ്ണനാതീതമായിരുന്നു. പലരുടെയും അന്തർമുഖത്വം മാറി. പലരും സുവിശേഷത്തിനു വേണ്ടി ജീവിതം മാറ്റിവക്കാനും തീരുമാനിച്ചു. കത്തോലിക്കാസഭയുടെ പഠനങ്ങളെക്കുറിച്ച് അറിയാൻ വന്നവർ ഒടുവിൽ സഭാവിശ്വാസികളായി. പരി.അമ്മയോടും വിശുദ്ധരോടും പ്രാർത്ഥിച്ച് ജപമാല ചൊല്ലി മടങ്ങി.
യുവജനങ്ങളെ കത്തോലിക്കാവിശ്വാസത്തിലധിഷ്ഠിതമായ പരിശീലനം നൽകി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സുവിശേഷവേലക്ക് നിയോഗിക്കാൻ ഫിയാത്ത് മിഷന്റെ തീവ്രശ്രമം തുടരുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നും അനേകം യുവാക്കളാണ് ഇപ്രകാരം ഫിയാത്ത് മിഷൻ പരിശീലനത്തിലൂടെ ദൈവരാജ്യശുശ്രൂഷകരാകുന്നത്. പ്രധാനമായും ഹിന്ദി, ഒറിയ, ഇംഗ്‌ളീഷ് ഈ ഭാഷകളിലാണ് മിഷൻ പരിശീലനം.
~പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേയനുസരിച്ച് 530-ഓളം വലുതും ചെറുതുമായ ഭാഷകൾ ഇൻഡ്യയിലുണ്ട്്. മാത്രമല്ല, ജീവിതരീതികളും, ഭക്ഷണക്രമങ്ങളും, വേഷവിധാനവുമെല്ലാം വ്യത്യാസപ്പെട്ടിക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഫിയാത്ത് മിഷൻ പരിശീലനം രൂപം കൊണ്ടത്. ക്രിസ്തുവിനെപ്രതി തീക്ഷ്ണതയുള്ള യുവതീയുവാക്കളെ കണ്ടെത്തി മദ്ധ്യസ്ഥപ്രാർത്ഥന, സുവിശേഷ പ്രഘോഷണം, കത്തോലിക്കാ പാരമ്പര്യം, ക്രിസ്തീയ ജീവിതശൈലി ഇവയിലെല്ലാം പരിശീലനം നൽകി സുവിശേഷവേലക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിയോഗിക്കുക എന്നതാണ് ഫിയാത്ത് മിഷൻ ട്രെയിനിംഗിലൂടെ അർത്ഥമാക്കുന്നതെന്ന് മുഖ്യ സംഘാടകനായ സീറ്റ്‌ലി പറഞ്ഞു.
ഫിയാത്ത്മിഷന്റെ എല്ലാ ദൈവരാജ്യശുശ്രൂഷകളും പ്രാർത്ഥനാവേളകളിൽ ദൈവം വെളിപ്പെടുത്തിയവയാണ്. എവിടെയെല്ലാം മദ്ധ്യസ്ഥപ്രാർത്ഥന ആരംഭിച്ചുവോ അവിടെയെല്ലാം ദൈവം മഹാത്ഭുതങ്ങൾ ചെയ്യുന്നു. ആന്ധ്രയിലെ ഖമ്മം രൂപതയിൽ ധ്യാനകേന്ദ്രം തുറക്കുവാൻ ഫിയാത്ത്മിഷന് സാധിച്ചത് ഉദാഹരണം. ഖമ്മം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ മൈപ്പാന്റെ ദീർഘവീക്ഷണവും ആത്മാക്കൾക്ക് വേണ്ടിയുളള ദാഹവും മദ്ധ്യസ്ഥപ്രാർത്ഥനകേന്ദ്രം ആരംഭിക്കുന്നതിന് ഫിയാത്ത് മിഷനെ പ്രേരിപ്പിച്ചു. 22 മദ്ധ്യസ്ഥപ്രാർത്ഥനാകേന്ദ്രങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഫിയാത്ത് മിഷൻ നൽകുന്ന ശിഷ്യത്വപരിശീനം പൂർത്തിയാക്കിയവരെയാണ് ഈ മദ്ധ്യസ്ഥപ്രാർത്ഥനാകേന്ദ്രങ്ങളിൽ നിയമിക്കുന്നത്.
ഫിയാത്ത് മിഷൻ ഡയറക്ടറായ പോളി തോമസ് അന്തർ ദേശീയ പരിശീലകനായ കോളിൻ, ബ്ര. തോമസ് എന്നിവരാണ് പ്രധാന പരിശീലകർ. പ്രധാനമായും അരുണാചൽ പ്രദേശ്, അസ്സം, മണിപ്പൂർ, നാഗാലാന്റ്, ത്രിപുര, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് പരിശീലനത്തിന് യുവതീയുവാക്കൾ എത്തിചേരുന്നത്. വിഭിന്നഭാഷക്കാരായ വ്യക്തികൾ ഒരുമിച്ചു പങ്കെടുക്കുമ്പോൾ ഇവരെ ഒരുമിച്ച് പരിശീലിപ്പിക്കുന്നത് അസാധ്യമാണെങ്കിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ഇക്കാര്യം വേഗം പരിഹരിക്കപ്പെടുന്നു. ഹിന്ദിയിലും ഇംഗ്‌ളീഷിലും ഒറിയയിലുമാണ് പരിശീലനം.
ഫിയാത്ത് മിഷൻ പരിശീലന പരിപാടികളിലും നോർത്ത് ഇൻഡ്യൻ ധ്യാനപരിപാടികളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഗിരിധർ ജെന. ഒറീസായുടെ ഉൾഗ്രാമത്തിൽ നിന്നും ഫിയാത്ത് മിഷൻ പരിശീലനത്തിന് ആദ്യമെത്തുമ്പോൾ ഇയാൾക്ക് ഹിന്ദിപരിജ്ഞാനം തീരെയുണ്ടായിരുന്നില്ല. പരിശീലനദിവസങ്ങളിലാണ് തനിക്ക് പാടാനുളള കഴിവുെണ്ടന്നു പോലും ആ വ്യക്തി തിരിച്ചറിഞ്ഞത്. ഫിയാത്ത് മിഷൻ പരിശീലനം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ഇന്ന് ഏഴു ഭാഷകൾ കൈകാര്യം ചെയ്യുവാൻ പരിശുദ്ധാത്മാവ് ഇയാളെ പ്രാപ്തനാക്കിയിരിക്കുന്നു. ഗാനശുശ്രൂഷകളും ജീവിതസാക്ഷ്യവും സുവിശേഷപ്രഘോഷണവും വഴി അനേകം വ്യക്തികളുടെ ഹൃദയങ്ങളിൽ ദൈവസ്‌നേഹം ജ്വലിപ്പിക്കുന്നതിന് ഗിരിക്ക് സാധിക്കുന്നു.
ആഫ്രിക്കൻ മിഷൻ
ആഫ്രിക്കയിലുളള ബന്ധങ്ങൾ വഴിയാണ് ഫിയാത്ത് മിഷന് അവിടേക്കുളള വഴി തുറക്കപ്പെട്ടത്. മിഷനെപ്പറ്റി മനസിലാക്കുവാൻ 2013ൽ അവിടേക്ക് ഫിയാത്ത് മിഷൻ യാത്ര തിരിച്ചു. മിഷൻ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമായ രാജ്യമാണ് ആഫ്രിക്ക. വളരെ ദരിദ്രമായ രാജ്യം. ശുഷ്‌കമായ സഭാസംവിധാനങ്ങൾ. വിദ്യാഭ്യാസം തീരെയില്ല. ധാർമ്മികമായി അധപതിച്ച ജീവിതരീതിയിൽ ഭൂരിഭാഗവും ജീവിക്കുന്നു. ഭൂരിഭാഗം വിവാഹങ്ങളും ആശീർവദിക്കപ്പെട്ടിട്ടില്ല. മന്ത്രവാദവും ആഭിചാരവും പൂർവ്വികരോടുളള ആരാധനയും സർവ്വ സാധാരണമായി കാണപ്പെടുന്നു. കെട്ടുറപ്പുളള കുടുംബസംവിധാനങ്ങൾ നാമമാത്രമായിട്ടു മാത്രമേ കാണപ്പെടുന്നുളളു. പതിമൂന്നോ പതിനാലോ വയസ്സിൽത്തന്നെ ആണും പെണ്ണും ഒരുമിച്ചു ജീവിക്കാൻ ആരംഭിക്കുന്നു. ബഹുഭാര്യാത്വമോ ബഹുഭർതൃത്വമോ ഒരു പ്രശ്‌നമായി അവർ കണക്കാക്കുന്നില്ല. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 85ശതമാനം ക്രൈസ്തവരുളളതിൽ 35ശതമാനമാണ് കത്തോലിക്കർ. കെനിയയിലെ ഒരിടവകയിൽത്തന്നെ 40-ാളം സ്റ്റേഷൻ പളളികളുണ്ട്. ഈ ദേവാലയങ്ങളിലെല്ലാം അജപാലന ദൗത്യം നിർവ്വഹിക്കുവാൻ ആവശ്യമായ വൈദികരോ പ്രേഷിതരോ ഇല്ല എന്നത് വേദനാജനകമാണ്. അനേകായിരങ്ങളെ ഇനിയും സുവിശേഷമറിയിക്കേണ്ടിടത്ത് ഉളളവരെപോലും ശ്രദ്ധിക്കുവാൻ സഭ ബുദ്ധിമുട്ടുന്നു എന്നത് ഏത് മിഷനറിയെയാണ് ദുഖിപ്പിക്കാത്തത്.
14-3-2016-5
ആഫ്രിക്കൻ മിഷനിലെ ഒരു ദുഃഖകരമായ വസ്തുത അവർക്ക് ബൈബിൾ ലഭിക്കാനില്ല എന്നുളളതാണ്. ഇപ്പോഴുളള ബൈബിളാകട്ടെ 17 ഡോളറിനാണ് വിൽക്കപ്പെടുന്നത്. അത് ഏതാïണ്ട് 1100 രൂപയോളം വരും. ഒരു ഇടത്തരക്കാരനു പോലും സാധാരണഗതിയിൽ ബൈബിൾ വാങ്ങാൻ സാധിക്കില്ല എന്നർത്ഥം. എന്നാൽ വെറും രണ്ട് ഡോളറിനാണ് ഫിയാത്ത് മിഷൻ അവിടെ ബൈബിൾ പുറത്തിറക്കുവാൻ പോകുന്നത്. ഫിയാത്ത് മിഷന്റെ രണ്ട് ബാച്ച് ഇതിനോടകം കെനിയയിൽ ട്രെയിനിംഗ് പൂർത്തിയായി. അതിൽത്തന്നെ നാല് പേർ വൈദികരാകുന്നതിനും രണ്ട് പേർ സിസ്റ്റേഴ്‌സാകുന്നതിനും തയ്യാറെടുക്കുന്നു. മറ്റു ചിലർ കാറ്റക്കിസ്റ്റുകളായി പുരോഹിതരെ സഹായിക്കുന്നു. ഇനിയും ചിലർ ധ്യാനകേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. ആഫ്രിക്കയിൽ ഫിയാത്ത് മിഷൻ വലിയ വിപ്‌ളവത്തിന് തയ്യാറെടുക്കുകയാണ്. ഇപ്പോൾ വർഷത്തിൽ രണ്ട് പ്രാവശ്യമാണ് ട്രെയിനിംഗ് നടക്കുന്നത്. അടുത്ത ട്രെയിനിംഗ് ജൂണിൽ ആരംഭിക്കുന്നു.
IN Sunday Shalom

No comments: