Pages

Sunday, February 7, 2016

കാൻസർ വരാതിരിക്കാൻ


കാൻസർ വരാതിരിക്കാൻ വേണ്ട മുൻ
കരുതലെടുക്കാൻ സമൂഹത്തെ 
ബോധവൽക്കരിക്കണം
കേരളത്തില്‍ നിലവില്‍ ഒന്നരലക്ഷം ക്യാന്‍സര്‍ ബാധിതരുണ്ടെന്നാണ്‌ കണക്കുകള്‍. വര്‍ഷംതോറും സംസ്‌ഥാനത്ത്‌ പുതിയതായി 50000 പേര്‍കൂടി ക്യാന്‍സറിന്റെ ഇരകളായി മാറുന്നുവെന്നും പഠനങ്ങള്‍ കാണിക്കുന്നു. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മാത്രം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളവര്‍ 16000 കടക്കും. ഈ കണക്കുകള്‍ക്കപ്പുറമാണ്‌ രോഗബാധിതരെന്ന്‌ ഊഹിക്കാം. ഈ മാരകരോഗത്തെ ഇനിയും കീഴടക്കാന്‍ ശാസ്‌ത്രലോകം ശേഷി കൈവരിച്ചിട്ടില്ല. ചികിത്സിച്ച്‌ ജീവിതകാലാവധി നീട്ടാനുള്ള കഴിവ്‌ വൈദ്യശാസ്‌ത്രം നേടിയിരിക്കുന്നു എന്നുമാത്രം.തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാമെന്നും ഭിഷഗ്വരന്‍മാര്‍ പറയുന്നു. പക്ഷേ, രോഗം മൂര്‍ച്‌ഛിക്കുമ്പോഴേ പലരും ഇതേപ്പറ്റി അറിയുന്നുള്ളൂ. അപ്പോഴേക്കും വൈകിയിരിക്കും.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുകയാണ്‌ വേണ്ടതെങ്കിലും വലിയ ആശുപത്രികള്‍ കെട്ടിപ്പൊക്കി ചികിത്സാസൗകര്യമൊരുക്കുന്നതിനാണ്‌ പ്രാധാന്യം കല്‍പിക്കുന്നത്‌. കൊച്ചിയില്‍ നൂറുകോടിരൂപ മുടക്കിയാണ്‌ സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്റര്‍ തുറക്കുന്നത്‌.. എന്നാല്‍, ഇതിനെതിരേ ഒറ്റപ്പെട്ടതാണെങ്കിലും നടന്‍ ശ്രീനിവാസന്റെ ശബ്‌ദം ശ്രദ്ധേയമാണ് . ക്യാന്‍സര്‍ വന്നിട്ട്‌ ചികിത്സിക്കാന്‍ ഇത്രയും കോടി മുടക്കാതെ, രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായി ഈ തുക ചെലവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കീടനാശിനി കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളാണു ക്യാന്‍സറിലേക്ക്‌ അറിഞ്ഞോ അറിയാതെയോ നയിക്കുന്നതെന്നു പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. നല്ല ഭക്ഷണം, ആരോഗ്യശീലങ്ങള്‍, വ്യായാമം എന്നിവയൊക്കെ ക്യാന്‍സര്‍ വരാതിരിക്കുന്നതിനുള്ള മാര്‍ഗമാണ്‌. അടുക്കളയില്‍നിന്നാകണം ക്യാന്‍സറിനെതിരേയുള്ള ധര്‍മ്മയുദ്ധം ആരംഭിക്കേണ്ടത്‌. ക്യാന്‍സറിനെപ്പറ്റി പാഠപുസ്‌തകങ്ങളില്‍ ആധികാരികമായ വസ്‌തുതകള്‍ ഉള്‍പ്പെടുത്തണം. വരും തലമുറ ഈ രോഗത്തിന്റെ പിടിയില്‍ അമരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അതിലൂടെ നല്‍കുകയെങ്കിലും ചെയ്യാം.കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, ശുദ്ധമായ പച്ചക്കറി, പഴങ്ങള്‍ എന്നിവ ഉപയോഗിക്കുക, ധാന്യങ്ങള്‍ ഉപയോഗിക്കുക എന്നിവയിലൂടെ കാന്‍സര്‍ വരാനുള്ള സാധ്യത തടയാവുന്നതാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതിലൂടെ ശ്വാസകോശം, തൊണ്ട, വായ, കരള്‍ എന്നിവിടങ്ങളെ ബാധിക്കുന്ന കാന്‍സറിനെ ഒരു പരിധി വരെ തടയാവുന്നതാണ്. തണലത്ത് നടക്കുക, വെയിലത്ത് നടക്കുമ്പോള്‍ തൊപ്പി ധരിക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക എന്നതിലൂടെയൊക്കെ അമിതമായ വെയില്‍ ഒഴിവാക്കുന്നതിലൂടെ തൊലിപ്പുറത്തെ കാന്‍സറിനെ തടയാവുന്നതാണ്. ഡയറ്റും കാന്‍സര്‍ തടയുന്നതിന് സ്വീകരിക്കാവുന്ന മാര്‍ഗമാണ്. കാരണം കഴിക്കുന്ന ഭക്ഷണവും കാന്‍സറും തമ്മിലും വളരെയധികം ബന്ധമുണ്ട്. ചില കാന്‍സറുകളെ തടയാനായി വാക്‌സിനേഷനുകളും ലഭ്യമാണ്. കരള്‍ അര്‍ബുദത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ പ്രതിരോധിക്കാന്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ഉപയോഗിക്കാം. സ്തനാര്‍ബുദത്തെ സ്വയം പരിശോധനയിലൂടെ മുന്‍കൂട്ടി  അറിയാവുന്നതാണ്. കാന്‍സര്‍ ബാധിച്ചെന്നറിഞ്ഞാലും മനോധൈര്യം കൈവിടാതിരിക്കലാണ് പ്രധാനമായും വേണ്ടത്. കാലവും ചികിത്സാ രീതികളും മാറിയ ഈ കാലത്ത് കാന്‍സറിനെ മരണത്തെപ്പോലെ ഭയക്കേണ്ട കാര്യമില്ല. തുടക്കത്തില്‍ തന്നെ ചികിത്സ സ്വീകരിച്ചാല്‍ മാറ്റാവുന്നതാണ് പല കാന്‍സര്‍ രോഗങ്ങളും. -ചിലര്‍ രോഗത്തെ അതിജീവിക്കുന്നു.സമൂഹത്തിന്‌ പ്രത്യാശപകരുന്നവരാണ്‌ നടന്‍മാരായ കൊല്ലം തുളസി, ഇന്നസെന്റ്‌ എം.പി, മംമ്‌ത മോഹന്‍ദാസ്‌ അങ്ങനെ ഒട്ടനവധിപേര്‍ രോഗത്തെ ചെറുത്തു നില്‍ക്കുന്നു. അവരിലൂടെയാണ്‌ ക്യാന്‍സറിനെ തടുത്തു നിര്‍ത്താമെന്ന ബോധം പൊതുസമൂഹത്തിലേക്കു പടരുന്നത്‌. ഈ പ്രത്യാശയും കെടാത്ത ആത്മവിശ്വാസവും പകച്ചുപോയ ഒട്ടേറെ ജീവിതങ്ങള്‍ക്കാണ്‌ ജീവശ്വാസമേകുന്നത്‌..


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: