രാജ്യസ്‌നേഹത്തിലെ വോട്ടടയാളം
സമൂഹത്തിന്റെ പരിഛേദമാണ് കാമ്പസ്. ഫാഷനായാലും വിപ്ലവമായാലും ശരി അനുരണങ്ങള്‍ ആദ്യം ദൃശ്യമാകുക കാമ്പസുകളില്‍ തന്നെ. വിദ്യാര്‍ത്ഥി നാളെയുടെ പൗരനാണെന്ന സങ്കല്‍പ്പം മാറി ഇന്നിന്റെ കൂടെ പൗരനാവുകയും മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാറിയ സാമൂഹികക്രമമാണ് കാമ്പസുകളേയും പുനര്‍നിര്‍ണയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്നേറെ ചര്‍ച്ചചെയ്യപ്പെടുന്നതും വിദ്യാര്‍ത്ഥി കേന്ദ്രീകൃത രാഷ്ട്രീയം തന്നെ. കുട്ടിരാഷ്ട്രീയം പടിക്ക് പുറത്ത് നിര്‍ത്തുന്ന കേരളത്തിലെ കാമ്പസുകളില്‍ നിന്നേറെ മാറി ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ പാഠ്യപദ്ധതികള്‍ക്കപ്പുറത്തുള്ള ഇടപെടലുകള്‍ നടത്തിയാണ് രാജ്യത്തെ മറ്റ് ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹികാവസ്ഥയോട് പ്രതികരിക്കുന്നത്. ഈ ഇടപെടലുകളിലെ നേരും നെറിയും നെല്ലും പതിരും വേര്‍തിരിക്കാനുള്ള അധികാര സ്ഥാപനങ്ങളുടേയും പ്രതിരോധിക്കാനുള്ള വിദ്യാര്‍ത്ഥി പ്രതിപക്ഷ സംവിധാനങ്ങളുടേയും ഏറ്റുമുട്ടലാണ് ഇപ്പോള്‍ രാജ്യതലസ്ഥാനത്തെ പ്രധാന ചര്‍ച്ച. ഈ ചര്‍ച്ചകളാണ് രാജ്യത്തു നടക്കുന്ന മൊത്തം ചര്‍ച്ചകളെ സ്വാധീനിക്കുന്നത് എന്നതിനാല്‍തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യം നാളെയിലെ ഇന്ത്യയെ അനാവരണം ചെയ്യുന്നുമുണ്ട്.
നളന്ദയും തക്ഷശിലയും വിദ്യാഭ്യാസ മികവിന്റെ അഭിമാനസ്ഥാപനങ്ങളായി നിലനിന്ന മണ്‍മറഞ്ഞ കാലത്തുനിന്ന് ആധുനികതയുടെ ജീവിത പരിസരങ്ങളിലേക്കെത്തുമ്പോള്‍ വിപ്ലവ ചുവപ്പിനാല്‍ വരച്ചിട്ട പേര് തന്നെയായിരുന്നു ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടേത്. കീഴില്‍ മറ്റ് കോളജുകളൊന്നുമില്ലാത്ത നോക്കെത്താ ദൂരത്ത് കാടും പടലുംമൂടി നഗരതിരക്കുകളില്‍നിന്ന് മാറി സജീവമായിരുന്ന ജെ.എന്‍.യു കാമ്പസ് രാജ്യദ്രോഹത്തിന്റെ വിത്തുകള്‍ മുളയ്ക്കുന്ന ഇടമായി ഭരണകൂടത്തിനാല്‍ ആരോപിക്കപ്പെടുകയും ഈ ആരോപണങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്ത്‌വരികയും ചെയയ്തതോടെ സംവാദത്തിന്റെ ഇടമായി തീരേണ്ട കാമ്പസും അതുവഴി പാര്‍ലമെന്റും സംഘര്‍ഷാത്മക അന്തരീക്ഷത്തിലേക്ക് വഴുതിമാറി. രാജ്യസ്‌നേഹവും രാജ്യദ്രോഹവും പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടതാണെന്ന സജീവ ചര്‍ച്ച ഒരു വിഭാഗം മുന്നോട്ട്‌വയ്ക്കുമ്പോള്‍, നിലവില്‍ നിര്‍വ്വചിക്കപ്പെട്ട നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സര്‍ക്കാറും വ്യക്തമാക്കുന്നു.
രാജ്യവിരുദ്ധരെന്ന് മുദ്രകുത്തപ്പെട്ടവരും രാജ്യസ്‌നേഹികളെന്ന് സ്വയം വിശേഷിപ്പിച്ചവരും ഒരേപോലെ തെരുവിലിറങ്ങിയ കാഴ്ചയായിരുന്നു പിന്നിട്ട വാരം രാജ്യതലസ്ഥാനത്തെ നഗരവീഥികളില്‍ നിറഞ്ഞുനിന്നത്. കൂറ്റന്‍ ത്രിവര്‍ണ്ണ പതാകകളേന്തി രാജ്യസ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കി വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലും പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ നടന്നു. മറുഭാഗത്തുള്ളവരും പ്രകടനത്തില്‍ ത്രിവര്‍ണപതാകയേന്തുമ്പോള്‍ തന്നെ രാജ്യസ്‌നേഹത്തിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വ്യക്തമാക്കുകയും രാജ്യദ്രോഹമെന്നതിനെ പുനര്‍നിര്‍വചിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന് തങ്ങള്‍ക്കനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് ഏറ്റവും നല്ല ഉപായം രാജ്യം അപകടത്തിലാണെന്ന ചിന്ത രൂപപ്പെടുത്തലാണെന്നത് ചരിത്രസാക്ഷ്യമാണ്. യുദ്ധങ്ങള്‍ ഉണ്ടാകുന്നതിനു പിന്നിലെ ഒരു പ്രധാന പ്രത്യയശാസ്ത്രവും ഇതുതന്നെ. ഈ രീതിയില്‍ വിലയിരുത്തിയാല്‍ ഇപ്പോഴത്തെ വിവാദം കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടാകുന്നത് ഭരണകൂടത്തിനും ഭരണസംവിധാനത്തെ നയിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പിയ്ക്കുമാണ്.
രോഹിതും ജെ.എന്‍.യുവും പിന്നെ സ്മൃതിയും
ഹൈദരാബാദ് യൂണിവാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ രോഹിത് വെമൂലയുടെ ആത്മഹത്യ കേന്ദ്ര സര്‍ക്കാറിനെതിരായ ഏറ്റവും വലിയ ആയുധമാക്കി പ്രതിപക്ഷം മൂര്‍ച്ചകൂട്ടിവരുന്നതിനിടെയാണ് ജെ.എന്‍.യു വിലെ രാജ്യദ്രോഹ മുദ്രാവാക്യവും അഫ്‌സല്‍ ഗുരു അനുസ്മരണവും ഭരണപക്ഷത്തിന് വീണുകിട്ടിയ ആയുധമായി മാറിയത്. നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാണ് രോഹിതിന്റെ മരണത്തിന് കാരണമായി മാറിയതെന്ന് ആരോപിച്ച് പ്രതിപക്ഷം രോഹിതിനെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാക്കി ഏറ്റെടുത്ത് പ്രക്ഷോഭം ശക്തമാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമതത്തി കേന്ദ്ര മന്ത്രിയെ പ്രതിയാക്കുകകൂടി ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായി. ബജറ്റ് സമ്മേളനംവരെ രോഹിതിന്റെ ഓര്‍മകള്‍ സജീവമാക്കി നിര്‍ത്താനുള്ള നീക്കത്തിലായിരുന്നു പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ചേര്‍ന്ന് നടത്തിയത്. എന്നാല്‍ ഇതിനിടയില്‍ ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതോടെ ഭരണകൂടത്തിന് മുന്നിലൊരു പിടിവള്ളി കിട്ടിയ അവസ്ഥയായി. ഫലപ്രദമായി ഈ പിടിവള്ളിയെ ഉപയോഗിക്കാന്‍ ബി.ജെ.പിയ്ക്ക് സാധിച്ചതോടെ രോഹിതിന്റെ രക്തസാക്ഷിതത്വത്തിന് മുകളിലായി ജെ.എന്‍.യുവിലെ രാജ്യസ്‌നേഹ രാജ്യദ്രോഹ പൊരുളുകള്‍ തേടിയുള്ള സംവാദം.
രോഹിതിനും ജെ.എന്‍.യുവിനുമൊപ്പം പിന്നിട്ട വാരം ഏറെ ചര്‍ച്ചചെയ്യപ്പെട്ട പേരാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടേത്. പാര്‍ലമെന്റില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥയായ വകുപ്പ് മന്ത്രിയെന്ന നിലയില്‍ സ്മൃതി തിളങ്ങി. അതേസമയം സ്മൃതിയുടെ തിളക്കം വ്യാജരേഖകള്‍ ചമച്ച് അവതരിപ്പിച്ചതിന്റെ വെളിച്ചത്തിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം ആക്രമിച്ചു. എന്നാല്‍ സ്മൃതി തനിച്ചുനിന്ന് പ്രതിരോധം തീര്‍ത്തു. മാപ്പ് പറയണമെന്ന് ഊഴമിട്ട് പ്രതിപക്ഷാംഗങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും സ്മൃതി വഴങ്ങിയില്ല. ഇതോടെ തിങ്കളാഴ്ച പാര്‍ലമെന്റില്‍ സ്മൃതിയ്‌ക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
സ്മൃതി അല്ലെങ്കിലും ഇങ്ങനെയൊക്കെയാണ് പലപ്പോഴും ചര്‍ച്ചയായിട്ടുള്ളത്. ടി.വി അവതാരകയായ സുന്ദരി ഹിന്ദി കണ്ണീര്‍ സീരിയലുകളിലെ നായികയായി സ്വീകരണമുറികളിലേക്കെത്തിയതോടെയാണ് ആദ്യം ചര്‍ച്ചയായത്. പിന്നീട് ബി.ജെ.പിയില്‍ ചേരുകയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ മത്സരിക്കുകയും ചെയ്തതോട വീണ്ടും ചര്‍ച്ചയായി. രാഹുലിനെതിരേ മത്സരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിനാണ് തോറ്റിട്ടും മോഡി മന്ത്രിപദം വച്ചുനീട്ടിയത്. അതും മാനവ വിഭവ ശേഷിയെന്ന അതി പ്രധാന വകുപ്പ് തന്നെ. പാര്‍ലമെന്റിലെ ഇരു സഭകളിലേയും ചര്‍ച്ചയ്ക്കിടെ കണ്ണില്‍ മിന്നിമറഞ്ഞ വിവിധ ഭാവങ്ങളിലൂടെ സ്മൃതി കത്തികയറിയതോടെ പിടിച്ചുകെട്ടാന്‍ തന്നെയാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ തീരുമാനം. ഹിന്ദുമതക്കാരിയല്ലാത്ത സ്മൃതി തന്റെ ജാതിയും മതവും അന്വേഷിക്കാനും പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
സ്മൃതിയുടെ സഭയിലെ പ്രകടനം പ്രതിപക്ഷത്തെ ചൊടിപ്പിച്ചെങ്കിലും പ്രധാനമന്ത്രിയ്ക്കം ബി.ജെ.പി നേതൃത്വത്തിനും 'ക്ഷ' പിടിച്ചു. അഭിനയമാണെന്നും രേഖകള്‍ വ്യാജമാണെന്നും പ്രതിപക്ഷം ആരോപിക്കുമ്പോള്‍ തന്നെ വനിത എന്ന നിലയില്‍ വീരപരിവേഷം സ്മൃതിയ്ക്ക് ലഭിച്ചുകഴിഞ്ഞു. ഈ പരിവേഷത്തെ വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി ശ്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങിനെവന്നാല്‍ 2017 ലെ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. രാജ്‌നാഥ് സിംഗ് എന്ന ക്ഷത്രിയ വംശജനെ വെട്ടി സ്മൃതിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഇറക്കാനുള്ള തീരുമാനമുണ്ടായാല്‍ അത് യു.പിയിലെ തെരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തുമെന്നും ഉറപ്പാണ്.
രാജ്യസ്‌നേഹത്തിലെ വോട്ടടയാളം
രാജ്യം എപ്പോഴക്കെ അപകടത്തിലാകുന്നുവോ അപ്പോഴൊക്കെയും സിവില്‍ സമൂഹം ഭരണകൂടത്തിനൊപ്പം ഉറച്ചുനില്‍ക്കുകയെന്നത് പതിവാണ്. പെറ്റമ്മയും പിറന്നനാടും സ്വര്‍ഗത്തെക്കാള്‍ മഹത്വരമെന്ന് പറഞ്ഞുപഠിച്ചവരാണ് നാം. അതുകൊണ്ട് തന്നെ രാജ്യസുരക്ഷയ്ക്ക് വിഘാതമാകുന്ന ഏതൊരു പ്രവര്‍ത്തനത്തേയും ശക്തമായി നേരിടാന്‍ ഓരോ പൗരനും മാനസികമായി സജ്ജനാണ്. ഈ സാധ്യതയെതന്നെയാണ് ജെ.എന്‍.യു സംഭവത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നതും. ഈയൊരു സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് രാഷ്ട്രീയപരമായി ഏറെ നേട്ടംകൊയ്യാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ദേശീയത മുദ്രാവാക്യമാക്കിയ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് അവര്‍ക്ക് ഏറെ ദോഷം ചെയ്യുമെന്നതിലും തര്‍ക്കമില്ല. യുവത്വത്തിന്റെ പ്രസരിപ്പില്‍ ഏറ്റുവിളിക്കുന്ന മുദ്രവാക്യങ്ങളുടെ വരുംവരായ്മകള്‍ അറിയാതെ പോകുന്ന വിദ്യാര്‍ത്ഥി സമൂഹം ബാഹ്യശക്തികളുടെ കെണിയില്‍ വീണുപോയിട്ടുണ്ടെങ്കില്‍ അതിന്റെ ഗുണഭോക്താക്കളായി മാറുന്നത് ഭരണകൂടമാണെന്നതും ഈ സാഹചര്യത്തില്‍ വ്യക്തം.
പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ ഓര്‍മിക്കാനും അയാള്‍ക്ക് രക്തസാക്ഷിത്വ പരിവേഷം നടത്താനും ജെ.എന്‍.യുവിലെ ചരിത്രമുറങ്ങുന്ന കാമ്പസില്‍ ഇടമൊരുക്കിയെന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഇതിനിടയില്‍ മുഴക്കിയതാരായാലും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഈ പരിപാടി സംഘടിപ്പിച്ച ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ത്ഥിയടക്കമുള്ളവര്‍ പോലീസ് കസ്റ്റഡിയിലാണ്. പരിപാടിയ്ക്ക് കൂട്ടുനിന്നുവെന്ന കുറ്റത്തിന് പിടിയിലായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറും പോലീസ് കസ്റ്റഡിയിലാണ്.
ഭരണകൂടം അതിസൂക്ഷ്മതയോടെ വല നെയ്യുമ്പോള്‍ അതിനകത്തേക്ക് ഓടികയറുന്ന കേവലം ഈയാംപാറ്റകള്‍ മാത്രമായി വിദ്യാര്‍ത്ഥി സമൂഹം മാറിപോകുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിതീവ്ര നക്‌സല്‍ സംഘടനകളുടെ ആദര്‍ശവും പ്രവര്‍ത്തനവും പിന്‍പറ്റി സജീവമായ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ജെ.എന്‍.യു അടക്കമുള്ള കാമ്പസുകളിലുണ്ട്. ഇത്തരം സംഘടനകളിലൂടെ മുന്നോട്ടെത്തുന്ന വിദ്യാര്‍ത്ഥികളിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്കംപാര്‍ത്തിരിക്കുന്ന ദേശദ്രോഹ ശക്തികളുമുണ്ട്. രാജ്യത്തിന്റെ സൂക്ഷ്മ ഭാവങ്ങളെ ഇല്ലാതാക്കി വിഘടനവാദ ചിന്ത യുവാക്കളില്‍ കുത്തിവച്ച് രാജ്യത്തെ ശിഥിലീകരിക്കുകയെന്ന ലക്ഷ്യം വച്ചുപുലര്‍ത്തുന്ന ശക്തികളുമേറെ. രാജ്യത്തിന് കല്‍പ്പിച്ചുകൊടുക്കുന്ന പവിത്രസ്ഥാനം ഇല്ലാതാക്കി കേവലം മനുഷ്യ നിര്‍മ്മിത അതിരുകള്‍ക്കുള്ളിലെ ജനവാസ കേന്ദ്രമെന്ന നിലയിലേക്ക്, നിര്‍ജീവമായ അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച് രാജ്യത്തിന്റെ സ്വത്വ ബോധത്തെതന്നെ തകര്‍ക്കാനുള്ള നീക്കമാണ് ഇത്തരം ശക്തികളുടേത്. വിധ്വംസക സംഘങ്ങളുടെ നീക്കത്തിലും അതേപോലെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിലും ഒരേപോലെ സ്വാധീനിക്കപ്പെടാതെ യഥാര്‍ത്ഥ ചാലക ശക്തിയായി പ്രവര്‍ത്തിക്കുകെയന്നതാണ് വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി.
രാജ്യസ്‌നേഹത്തിന്റെ കൊടിക്കൂറയുമായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയ വിദ്യാര്‍ത്ഥിസമൂഹത്തെ ഭരണകൂടം ഉപയോഗപ്പെടുത്തിയപ്പോള്‍ തന്നെ ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികളെ പ്രതിപക്ഷവും നാല് വോട്ടിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് പറയേണ്ടിവരും. അഫ്‌സല്‍ ഗുരുവിന് രക്തസാക്ഷിത്വ പരിവേഷം നല്‍കി പരിപാടി സംഘടിപ്പിക്കാന്‍ ധൈര്യം കാണിച്ച ഈ വിദ്യാര്‍ത്ഥികള്‍ക്ക് പക്ഷേ പോലീസ് കേസായപ്പോള്‍ തുടര്‍ നടപടികള്‍ എന്താകണമെന്നുപോലും അറിയാത്ത അവസ്ഥയിലായി. ഒളിവില്‍ പോവുകയും പിന്നീട് പ്രത്യക്ഷപ്പെടുകയും കീഴടങ്ങുമെന്ന് അറിയിക്കുകയും പിന്നീട് നിലപാട് മാറ്റുകയും അവസാനം കീഴടങ്ങുകയും ചെയ്ത് തീരുമാനം സ്വന്തമല്ലെന്ന് പറയാതെ പറയുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. ആരാണ് ഇവര്‍ക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കുന്നതെന്ന് വ്യക്തമല്ല. കനയ്യ കുമാറിനോട് കീഴ്‌ക്കോടതിയെ സമീപിക്കാതെ ജാമ്യത്തിനായി സുപ്രിംകോടതിയെ തിരക്കിട്ട് സമീപിക്കാന്‍ ഉപദേശിച്ചതും ആരാണെന്നറിയില്ല. ഡല്‍ഹിയില്‍ നടന്ന കൂറ്റന്‍ വിദ്യാര്‍ത്ഥി റാലിയുടെ സമയത്ത് തന്നെ ജാമ്യം നേടി ജയില്‍ മോചിതനായി കനയ്യ റാലി നയിക്കുകയും ഇത്തരത്തില്‍ ഒരു നേതാവിന്റെ ആവിര്‍ഭാവം ആഘോഷിക്കുകയും ചെയ്യാനായി ആരൊക്കെയോ ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ പക്ഷേ, കോടതിയുടെ ഇടപെടല്‍ മൂലം വിജയം കണ്ടതുമില്ല. ഇതിനു പിന്നില്‍ ആരായാലും ശരി വോട്ടിനുവേണ്ടിയും രാജ്യത്തിന്റെ നാശത്തിനായും ഒപ്പംകൂടുന്നവരേയും സ്വതന്ത്രചിന്ത ഇല്ലാതാക്കാന്‍ വലവിരിയ്ക്കുന്ന ഭരണകൂടത്തേയും ഒരേപോലെ ജാഗ്രതയോടെ സമീപിക്കണമെന്നതുമാത്രമാണ് പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹത്തെ ഓര്‍മപ്പെടുത്താനുള്ളത്. Ref: Mangalam)
Prof. John Kurakar
No comments:
Post a Comment