Pages

Saturday, February 6, 2016

മാര്‍ ജോസ്‌ പുളിക്കല്‍ അഭിഷിക്‌തനായി

             മാര്‍ ജോസ്‌ പുളിക്കല്‍ അഭിഷിക്‌തനായി


mangalam malayalam online newspaperപ്രാര്‍ഥനാനിരതരായ ആയിരക്കണക്കിനു വിശ്വാസികള്‍ക്കു മുന്നില്‍ മാര്‍ ജോസ്‌ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്‌തനായി. കത്തീഡ്രല്‍ പള്ളിയില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ച അഭിഷേകകര്‍മങ്ങളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. വിവിധ ക്രൈസ്‌തവ സഭകളുടെ മേലധ്യക്ഷന്മാരും ഇതര മതങ്ങളുടെ പ്രതിനിധികളും സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങുകള്‍ക്കു സാക്ഷികളായി.
നിയുക്‌ത മെത്രാനെയും ബിഷപ്പുമാരെയും കത്തീഡ്രലിലേക്ക്‌ ആനയിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം. മഹാജൂബിലി ഹാളില്‍ നിന്ന്‌ പ്രദക്ഷിണമായെത്തിയ മെത്രാന്‍മാരും കാര്‍മികരും ബലിപീഠത്തിനു മുന്നില്‍ ഉപചാരം ചെയ്‌തതിനു പിന്നാലെ, നിയുക്‌ത മെത്രാന്റെ ഇംഗ്ലീഷിലുള്ള നിയമന ഉത്തരവ്‌ രൂപതാ ചാന്‍സലര്‍ റവ. ഡോ. കുര്യന്‍ താമരശേരിയും മലയാള പരിഭാഷ രൂപതാ വൈസ്‌ ചാന്‍സലര്‍ റവ. ഡോ. മാത്യു കല്ലറയ്‌ക്കലും വായിച്ചു.
രക്‌തസാക്ഷികളുടെ തിരുശേഷിപ്പു വന്ദനത്തിനും നാലു കാനോന പ്രാര്‍ഥനകള്‍ക്കുശേഷം മെത്രാഭിഷേകത്തിന്റെ പ്രധാനചടങ്ങായ കൈവയ്‌പു ശുശ്രൂഷയിലേക്കു കടന്നു. സഹകാര്‍മികരായ മെത്രാന്മാര്‍ നിയുക്‌ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച്‌ സുവിശേഷ ഗ്രന്ഥം വച്ചു. രണ്ട്‌ കൈവയ്‌പ്‌ ശുശ്രൂഷകള്‍ക്കുശേഷം മാര്‍ ജോസഫ്‌ പെരുന്തോട്ടം മാര്‍ ജോസ്‌ പുളിക്കലിനു സ്‌ഥാനചിഹ്‌നങ്ങള്‍ കൈമാറി. "അജഗണങ്ങളെ മേയ്‌ക്കാന്‍ അങ്ങയെ തെരഞ്ഞെടുത്ത മിശിഹാ അന്ത്യം വരെ അവിടുത്തെ തിരുവിഷ്‌ടം നിറവേറ്റുന്നതിന്‌ അങ്ങയെ ശക്‌തനാക്കട്ടെ" എന്ന പ്രധാന കാര്‍മികന്റെ പ്രാര്‍ഥനയോടെ അഭിഷേക ചടങ്ങുകള്‍ക്കു സമാപനമായി. തുടര്‍ന്ന്‌, തനിക്കു മെത്രാപ്പോലീത്ത കൈമാറിയ കൈസ്ലീവാ ഉപയോഗിച്ച്‌ സ്ലീവാചുംബനം നടത്തി മാര്‍ ജോസ്‌ പുളിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സന്ദേശം നല്‍കി.
ഭാരത കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്‌ വഹിക്കാന്‍ മാര്‍ ജോസ്‌ പുളിക്കലിനു കഴിയുമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോരെ പെനാക്കിയോ പറഞ്ഞു. കത്തോലിക്കാ സഭയിലെയും ഇതര ക്രൈസ്‌തവസഭകളിലെയും എണ്‍പതോളം മെത്രാന്മാരും കാഞ്ഞിരപ്പള്ളി രൂപതയിലെ മുഴുവന്‍ വൈദികരും സന്യസ്‌തരും വിശ്വാസി പ്രതിനിധികളും മറ്റു രൂപതകളില്‍ നിന്നുള്ള വൈദികരും വൈദികപ്രതിനിധികളും അല്‍മായ പ്രതിനിധികളുമുള്‍പ്പെടെ ഏഴായിരത്തോളം പേര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. 39 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയെ പ്രതിനിധീകരിച്ച്‌ 39 ഗായകര്‍ മലയാളം, സുറിയാനി ഭാഷകളില്‍ ഗാനങ്ങളാലപിച്ചു.

Prof. John Kurakar

No comments: