Pages

Monday, February 15, 2016

കവിതയുടെ സൂര്യതേജസ്സ്.

കവിതയുടെ സൂര്യതേജസ്സ്.

കാവ്യലോകത്തെ കൊതിപ്പിച്ച വരികൾ പിറന്ന ഇന്ദീവരത്തിലും കവിതയായും വാക്കുകളായും പലവട്ടം നിറഞ്ഞ വിജെടി ഹാളിലും കവി ഒ.എൻ.വി. കുറുപ്പ് കിടന്നു. കണ്ണടച്ച്, നിശ്ശബ്ദനായി, ഒരിക്കലുമുണരാത്ത ധ്യാനത്തിലാണ്ടുപോയ കവിക്കു പ്രണാമങ്ങളുമായി കേരളം കൈകൂപ്പി നിന്നു. കവിയുടെ ചേതനയറ്റ മുഖം കണ്ട പ്രിയരിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. ചിലർ സകല നിയന്ത്രണങ്ങളുംവിട്ടു പൊട്ടിക്കരഞ്ഞു. ലോകം ശൂന്യമായെന്ന കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ അദ്ദേഹത്തിന്റേതു മാത്രമായിരുന്നില്ല. ശനിയാഴ്ച വൈകിട്ടു വഴുതക്കാട്ടെ വസതിയിലെത്തിച്ച ഒ.എൻ.വിയുടെ ഭൗതികശരീരം കാണാൻ രാത്രി വൈകിയും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ വന്നുകൊണ്ടിരുന്നു..

ONV Kurup. ദുഃഖം താങ്ങാനാകാതെ ഭാര്യ സരോജിനിയും ബന്ധുക്കളും തളർന്നുപോയപ്പോൾ കവിയുടെ ആരാധകർ തന്നെ ആതിഥേയരായി. ഇന്നലെ പുലർച്ചെ മുതൽ ഇന്ദീവരത്തിലേക്കുള്ള വഴികൾ വീണ്ടും നിറഞ്ഞു. കവിയുടെ പ്രിയപ്പെട്ട ൻ സ്നേഹിതൻ കൂടിയായിരുന്ന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കണ്ണീർപ്രണാമം കാഴ്ചക്കാരിലും നൊമ്പരമായി. മലയാള കവിതയ്ക്കു മാത്രമല്ല, കേരളത്തിനാകെ ഒ.എൻ.വിയുടെ വിയോഗം തീരാനഷ്ടമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ശാരീരികബുദ്ധിമുട്ടുകൾ മറന്നു കാവാലം നാരായണപ്പണിക്കരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. കോടിയേരി ബാലകൃഷ്ണൻ, ഡിജിപി: ടി.പി. സെൻകുമാർ ഉൾപ്പെടെയുള്ള ഒട്ടേറെ പേരും രാവിലെ തന്നെയെത്തി.

Prof. John Kurakar

No comments: