Pages

Monday, January 18, 2016

PADAYANI (പടയണിപെരുമയിൽ ത്രസിക്കുന്ന കോട്ടാങ്ങൽ ഗ്രാമം)

പടയണിപെരുമയിൽ ത്രസിക്കുന്ന

കോട്ടാങ്ങൽ ഗ്രാമം

padayani
A ceremonial dance involving masks, it is an ancient ritual performed in Bhagavati temples. The dance is performed in honor of Bhadrakaali.Meaning, a 'row of warriors', Padayani is an art form that blends music, dance, theatre, satire, facial masks, and paintings. It is part of worship of Bhadrakali and is staged in temples dedicated to the goddess from mid-December to mid-May. Padayani is unique to central Travancore, comprising the Pathanamthitta district of Kerala. Padayani is regarded as a remnant of the Dravidian forms of worship that existed before the advent of Brahmanism.
തുളളിയുറഞ്ഞെത്തുന്ന കോലങ്ങൾ അനുഗ്രഹം ചൊരിയുന്ന പടയണിയുടെ ഉത്സവാഘോഷത്തിലേക്ക്‌ പടയണി പെരുമ ത്രസിപ്പിക്കുന്ന കോട്ടാങ്ങൽ ഗ്രാമം. പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിർത്തിയിൽ മല്ലപ്പളളി താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശത്ത്‌ അനന്തനീലിമയുടെ ദർശന സൗകുമാര്യമൊരുക്കുന്ന കരുവളളിക്കോട്‌ ഗിരിനിരയുടെ താഴ്‌വാരത്ത്‌ മണിമലയാറിന്റെ ഓളങ്ങളാൽ പുണ്യമാകുന്ന കോട്ടാങ്ങൽ ദേശത്തിന്റെ അതിദേവതയായ കോട്ടാങ്ങൽ തിരുനാളിൽ ക്ഷേത്രമുറ്റത്ത്‌ തുടങ്ങുന്ന പടയണിയിൽ കോലങ്ങൾ തുളളിയുറയുമ്പോൾ അമ്മ അനുഗ്രഹത്തിന്റെ പൊൻകിരണങ്ങൾ വാരി വിതറുന്നു. 28 നാളുകളിലെ ഉത്സവ ലഹരിയിൽ കരക്കാർ ജീവനും ജീവിതവും അർപ്പിച്ചിരിക്കുന്നു.
ആയിരത്തി ഇരുന്നൂറ്‌ കൊല്ലം മുൻപ്‌ സാമന്തമാരായ ഇട പ്രഭുക്കൻന്മാരുടെ ആവാസ കേന്ദ്രമായിരുന്ന ഈ പ്രദേശത്ത്‌ അതിലൊരു വിഭാഗക്കാർ കളരി നിർമ്മിച്ച്‌ ആരാധനക്ക്‌ അടിത്തറ പാകി. യുദ്ധങ്ങൾ മൂലം കളരിവംശം നശിക്കുകയും ഏതാണ്ട്‌ 600-700 കൊല്ലങ്ങൾക്ക്‌ ശേഷം ഇവിടെ കുടിയേറിപ്പാർത്ത ബ്രാഹ്മണർ ഒരു ക്ഷേത്രം പണികഴിച്ച്‌ ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയായി ആരാധിച്ചു തുടങ്ങി. ദാരികനെ വധിച്ച ഭദ്രകാളി കോപമടങ്ങാതെ നിഗ്രഹരൂപിണിയായി ശിവസന്നിധിയോളം എത്തുകയും എല്ലാ അനുനയശ്രമങ്ങളും വിഫലമായതിനെ തുടർന്ന്‌ കാളിയുടെ കോപമടക്കാൻ ശിവന്റെ ഭൂതഗണങ്ങൾ നൃത്തമാടിയെന്നും ഇതിൽ സംപ്രീതയായ ദേവി ശാന്തയായിയെന്നും ഐതീഹ്യം. ക്ഷേത്രമുറ്റത്ത്‌ ഭൈരവിയും യക്ഷിയും പക്ഷിയും മാടനും മറുതായും കൂട്ടമറുതായും കാലനും പച്ചപ്പാളയിൽ കലയുടെ കറ തീർന്ന കരവിരുതുകൾ തീർക്കുന്ന കോലങ്ങൾ ശിരസ്സേറി തപ്പിന്റെ താളത്തിനും വായ്പ്പാട്ടിനുമൊപ്പം ചുവടുകൾ വെച്ച്‌ തുളളിയുറയുമ്പോൾ അത്‌ ഐതിഹ്യത്തിന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല, ജാതിമതഭേദമില്ലാത്ത ഒരു നാടിന്റെ മുഴുവൻ ഭക്തിനിറവോടെയുളള സ്നേഹോഷ്മളമായ ഒത്തുചേരൽ കൂടിയാണ്‌.
ഹരിതഭംഗി വിളിച്ചോതുന്ന കാനനവൈശ്യതയെ ആവാഹിച്ചെടുക്കുന്ന അടവി കോട്ടാങ്ങൽ പടയണിയെ പ്രകൃതിയുമായി കൂട്ടിയിണക്കുന്നു. അലങ്കാരങ്ങളണിഞ്ഞ്‌, യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ആയോധനമുറകളുടെ ചുവടുമായി കുഞ്ഞ്‌ പടയാളികൾ നിരക്കുന്ന വേലകളി മറ്റൊരു പ്രത്യേകതയാണ്‌. പ്രധാനമായും കോട്ടാങ്ങൽ, കുളത്തൂർ കരകൾ ചേർന്നാണ്‌ പടയണി ചടങ്ങുകൾ നടത്തുന്നത്‌. പടയണിയുടെ അവസാന ദിവസങ്ങളിൽ നടത്തപ്പെടുന്ന മഹാഘോഷയാത്ര കണ്ണിന്‌ കുളിർമ്മയേകും. അനുഷ്ഠാന ഭംഗിയും ഗോത്ര പൈതൃകവും കാത്തുസൂക്ഷിക്കുന്ന പടയണി ആഘോഷങ്ങൾ നടക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രമുഖ ക്ഷേത്രമാണ്‌ കോട്ടാങ്ങൽ മഹാഭദ്രകാളിക്ഷേത്രം. ഗണപതികോലത്തെ കോട്ടാങ്ങൽ പടയണിയിൽ പഞ്ചക്കോലങ്ങൾ എന്നാണ്‌ വിളിക്കാറ്‌. പക്ഷി, യക്ഷി, മാടൻ, മറുത, പിശാച്‌ എന്നിവയാണ്‌ പഞ്ചകോലങ്ങൾ. പുലവൃത്തം, തിരുവാതിര, ആണ്ടിയാട്ടം, കുടംപൂജ, കുന്തമേറ്‌ തുടങ്ങിയ 15 ഓളം കലാരുപങ്ങളാണ്‌ പഞ്ചകോലങ്ങൾ ആടി തിമിർക്കുന്നത്‌. ഹാസ്യരസപ്രദമാണ്‌ ഇവയുടെ രംഗാവിഷ്ക്കാരം. അടവി കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ രണ്ട്‌ ദിവസം പ്രത്യേകമായി നടത്തും. ദാരികനിഗ്രഹം കഴിഞ്ഞ്‌ കലികൊണ്ട്‌ നിൽക്കുന്ന കാളിക്കുചുറ്റും കാണപ്പെട്ട മഹാവനം ക്ഷേത്രമുറ്റത്ത്‌ പുനർ സൃഷ്ടിക്കുന്ന ചടങ്ങാണ്‌ അടവി.
പൊയ്ക്കുതിര കോലങ്ങളെ കൂടാതെ കൂട്ടമറുത, ഭൈരവി തുടങ്ങിയ കോലങ്ങൾ പടയണിത്തറയിൽ എത്തുന്നതും പൗരാണിക ഗോത്ര സമൂഹങ്ങളിൽ നിന്ന ബലിയെ അനുസ്മരിപ്പിച്ച്‌ കുറവ – വേല സമുദായങ്ങൾ അനുഷ്ടിച്ചുപോന്ന പളളിപ്പാന നടക്കുന്നതും അടവി ദിവസമാണ്‌. പടയണിയുടെ അവസാന ദിവസമാണ്‌ വലിയ പടയണി അരങ്ങേറുന്നത്‌. താളവാദ്യമേളങ്ങളും കെട്ട്കാഴ്ചകളും പൊലിക്കാളകളും പുരാണ ദൃശ്യങ്ങളും അണിനിരക്കുന്ന മഹാഘോഷയാത്രയും നടക്കും. പടയണിത്തറയിലെത്തുന്ന കാലൻകോലമാണ്‌ വലിയ പടയണിയിലെ വ്യത്യസ്തത. ശൈവ ഭക്തി മരണത്തെപ്പോലും കീഴടക്കുമെന്ന മാർക്കണ്ഡേയ കഥാബീജമാണ്‌ കാലൻ കോലത്തിന്റെ ഇതിവൃത്തം. പുലർച്ചെയെത്തുന്ന മംഗളഭൈരവിയോടെയാണ്‌ പടയണിത്തറയിൽ ചൂട്ടണയുന്നത്‌. മംഗളഭൈരവി എത്തുന്നതോടെ ദാരിക നിഗ്രഹം കഴിഞ്ഞ ദേവിയുടെ കലിയടങ്ങുമെന്നാണ്‌ വിശ്വാസം.
ധനുമാസത്തിലെ ഭരണി നാളിൽ ചൂട്ട്‌ വച്ച്‌ പുലവൃത്തത്തോടെ ആരംഭിക്കുന്ന പടയണിമഹോത്സവം മകരമാസത്തിലെ ഭരണി ദിവസത്തെ പുലവൃത്തത്തോടെ സമാപിക്കും. അടുത്ത ഒരു പടയണിക്കാലം വരെ ഗ്രാമത്തിന്‌ നിറഞ്ഞ ഐശ്വര്യാശിസുകൾ നേർന്നുകൊണ്ട്‌ മംഗളഭൈരവി എത്തുന്നതോടെ ദേശവാസികളുടെ ഉളളിൽ കാത്തിരിപ്പിന്റെ നേർത്ത നൊമ്പരങ്ങൾ ചേർത്തുവച്ച്‌ ഒരു പടയണിക്കാലം കൂടി വിട്ടകലുന്നു
.
Prof. John Kurakar


No comments: