Pages

Sunday, December 20, 2015

എണ്ണ വില രാജ്യാന്തരതലത്തില്‍ അടിക്കടി താഴുന്നത്‌ഇന്ത്യയ്ക്ക് നേട്ടം

എണ്ണ വില രാജ്യാന്തരതലത്തില്
അടിക്കടി താഴുന്നത്ഇന്ത്യയ്ക്ക് നേട്ടം

John Kurakarഎണ്ണ വില രാജ്യാന്തരതലത്തില്‍ അടിക്കടി താഴുന്നതിന്റെ  നേട്ടം ഇന്ത്യയനുഭവിക്കുകയാണ് . നാം ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ ബാരലൊന്നിന്‌ 34.39 ഡോളര്‍ മാത്രം! പെട്രോളിയം ഉല്‍പ്പാദക രാഷ്‌ട്രങ്ങള്‍  വലിയ പ്രതിസന്ധി നേരിടുകയാണ് . അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്‌ട്രങ്ങള്‍ക്കു  ഈ  പ്രതിസന്ധി  വലിയ ഗുണം ചെയ്‌തിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ ഇന്ത്യയടക്കമുള്ള ഇറക്കുമതി രാഷ്‌ട്രങ്ങളുടെ സമ്പത്ത്‌ കുടുകയും ചെയ്യുന്നു. എന്നാല്‍ ജനങ്ങള്‍ക്ക്‌ ഇതിന്റെ ഗുണം ഇതുവരെ  ലഭിച്ചിട്ടില്ല ..
ആഗോള എണ്ണവിലയിടിവിന്റെ ആനുപാതിക ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്കു ലഭ്യമാകേണ്ടതാണ്‌. 2014 ജൂണില്‍ ബാരലിനു 101 ഡോളര്‍ ആയിരുന്ന ക്രൂഡ്‌ വിലയാണിപ്പോള്‍ 34.39 ലേക്കു കൂപ്പുകുത്തിയിരിക്കുന്നത്‌. ഒരു ബാരല്‍ അസംസ്‌കൃത എണ്ണ സംസ്‌കരിച്ചാല്‍ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്‌ ലഭിക്കുന്നത്‌. വിമാന ഇന്ധനം, ടാര്‍, എല്‍.പി.ജി. എന്നിവയാണ്‌ മറ്റ്‌ ഉപോല്‍പ്പന്നങ്ങള്‍. ലോകരാഷ്‌ട്രങ്ങളില്‍ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതില്‍ ഏറ്റവും ചെലവു കുറവും ഇന്ത്യയിലാണ്‌. ഈ സാഹചര്യങ്ങള്‍മൂലം ഇന്നാട്ടിലെ ജനങ്ങള്‍ക്ക്‌ വിലക്കുറവിന്റെ ഗുണഫലം കിട്ടേണ്ടതായിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ നികുതി കൂട്ടിക്കൊണ്ട്‌ വിലക്കുറവിന്റെ ആനുകുല്യം ഉപയോക്‌താവിന്‌ നല്‍കാതിരിക്കുകയാണ്‌. ബാരലിന്‌ 101 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ പെട്രോള്‍ വില ഏകദേശം ലിറ്ററിന്‌ 70-72 രൂപയായിരുന്നു. ഇപ്പോഴാകട്ടെ ഏതാണ്ട്‌ 63 രൂപയില്‍ എത്തിനില്‍ക്കുന്നു. എട്ടോ ഒമ്പതോ രൂപയുടെ കുറവുമാത്രം. പെട്രോളിന്റെ എക്‌സൈസ്‌ തീരുവ 9.48 ആയിരുന്നത്‌ 19.06 ആക്കി. ഡീസലിന്‌ 3.6 രൂപയായിരുന്ന നികുതി 10.66 രൂപയാക്കി. ഇതോടെ പ്രതീക്ഷിച്ച വിലക്കുറവ്‌ ലഭിക്കാതായി. വിലക്കയറ്റം സര്‍വസാധാരണമാക്കിയതിന്റെ ഒരു കാരണം ഇന്ധനവില കുറയ്‌ക്കാത്തതാണ്‌. കേരളത്തിലെ ഡീസലിന്റെ നികുതി നിരക്ക്‌ 27.39 ശതമാനവും പെട്രോളിന്‌ 34.26 ശതമാനവുമായി. ഇന്നലെ എണ്ണക്കമ്പനികള്‍ വിലകുറച്ചപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ എക്‌സൈസ്‌ തീരുവ പെട്രോളിനു മുപ്പതുപൈസയു ഡീസലിനു 1.16 രൂപയും കൂട്ടി. ഇതാണ്‌ വിലക്കുറവ്‌ ചില്ലറപ്പൈസകളിലേക്കു ചുരുങ്ങിയത്‌. സംസ്‌ഥാനത്തിന്‌ ഇതുമൂലമുള്ള നേട്ടം 2,500 കോടിരൂപ.
എന്നാല്‍, ഈ സ്‌ഥിതി വിശേഷത്തേക്കുറിച്ച്‌ സര്‍ക്കാരിനു പറയാനുള്ളത്‌ മറ്റൊന്നാണ്‌. ഇന്ധനവിലയുടെ ഭാഗമായി ലഭിക്കുന്ന എക്‌സൈസ്‌ നികുതിയുടെ 42 ശതമാനവും സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കുകയാണെന്നാണ്‌ ഇന്നലെ ധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞത്‌. ദേശീയ പാതകളും മറ്റു റോഡുകളും നിര്‍മിക്കാനും ഈ പണത്തിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നു. എണ്ണക്കമ്പനികള്‍ക്ക്‌ ഈ വരുമാനത്തിന്റെ ഒരു ഭാഗം മാത്രമേ കിട്ടുന്നുള്ളുവെന്നാണ്‌ മന്ത്രി വിശദീകരിക്കുന്നത്‌. എണ്‍പതു ഡോളറിനു വാങ്ങിയ എണ്ണ അറുപതു ഡോളര്‍ വിലയുള്ളപ്പോള്‍ വില്‍ക്കേണ്ടിവരുന്ന അവസ്‌ഥയാണ്‌ എണ്ണക്കമ്പനികളുടേതെന്നാണ്‌ മന്ത്രി പറയുന്നത്‌. ഒരുഘട്ടത്തില്‍ 40,000 കോടിരൂപവരെ എണ്ണക്കമ്പനികള്‍ക്ക്‌ നഷ്‌ടമുണ്ടായിരുന്നു. അതില്‍നിന്ന്‌ അവരെ കരകയറ്റേണ്ടതുണ്ട്‌. ഈ സാഹചര്യത്തില്‍ എണ്ണവില ഒരു പരിധിയില്‍ നിന്നു കുറയ്‌ക്കാനാവില്ലെന്നാണ്‌ മന്ത്രിയുടെ വിശദീകരണം. ഭാവിയില്‍ അസംസ്‌കൃത എണ്ണവില ഉയരുമ്പോള്‍ അതിനൊപ്പം വില ഉയര്‍ത്താതിരിക്കാൻ  സർക്കാരിനു കഴിയുമോ ?


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: