Pages

Friday, December 18, 2015

നിലവിലുള്ള 20 ലക്ഷത്തിലധികം ഇൻവേർട്ടറുകൾ വഴിയാധാരമാകരുത്‌

നിലവിലുള്ള 20 ലക്ഷത്തിലധികം ഇൻവേർട്ടറുകൾ വഴിയാധാരമാകരുത്
ഡോ. തോമസ്ബേബി
Inverter-Picture1കെഎസ്‌ഇബി ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച്‌ ബാറ്ററി ചാർജ്ജ്‌ ചെയ്ത്‌ പ്രവർത്തിച്ചുവരുന്ന എല്ലാ ഇൻവേർട്ടറുകളും ജൂൺ 2016 നകം സൗരോർജ പാനൽ ഉപയോഗപ്പെടുത്തി മാറ്റിയിരിക്കണമെന്നുള്ള കേരള സർക്കാർ ഉത്തരവ്‌ പ്രാബല്യത്തിലായി കഴിഞ്ഞു. കെഎസ്‌ഇബിയിലൂടെയുള്ള ചാർജിങ്‌ സംവിധാനം ഇനിമേൽ എമർജൻസി അവസരത്തിന്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനത്ത്‌ 20 ലക്ഷത്തിലധികം ഗ്രിഡ്‌ ചാർജിങ്‌ ഇൻവേർട്ടറുകൾ ഉണ്ടെന്നാണ്‌ പ്രാഥമിക കണക്ക്‌. ബാറ്ററി ചാർജ്ജ്‌ ചെയ്യുന്നതിനും ഇൻവേർട്ടറുകളുടെ ‘നോ ലോഡ്‌ പവർ’ ഉപയോഗത്തിനുമായി ദിവസവും ഒരു യൂണിറ്റ്‌ വൈദ്യുതി വേണ്ടിവരും. അതായത്‌ ഒരു ദിവസം കേരളത്തിൽ ഇൻവേർട്ടറുകൾ മാത്രം ഊറ്റുന്നത്‌ 20 ലക്ഷത്തിലധികം യൂണിറ്റ്‌ വൈദ്യുതിയാണ്‌. ഇൻവേർട്ടറുകൾ മുഖാന്തരം ഇത്തരത്തിൽ വൻതോതിൽ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗം നിയന്ത്രിക്കുവാനാണ്‌ പുതിയ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. ഈ അവസ്ഥയിലാണ്‌ സോളാർ പാനൽ ഉപയോഗിച്ചു ചാർജ്ജ്‌ ചെയ്യുന്ന ഇൻവേർട്ടറുകളുടെ പ്രസക്തി വർധിക്കുന്നത്‌.
ഒരു കിലോവാട്ടും അതിൽ താഴെ കപ്പാസിറ്റിയുള്ള ഗ്രിഡ്‌ ചാർജിങ്‌ ഇൻവേർട്ടറുകളാണ്‌ കേരളത്തിൽ കൂടുതലായും ഉപയോഗത്തിലിരിക്കുന്നത്‌. പുതിയ നിബന്ധനകൾ എല്ലാ വിഭാഗം ഇൻവേർട്ടർ ഉപയോക്താക്കളേയും അതുപോലെ തന്നെ നിർമാതാക്കളേയും ഒരുപോലെ ചിന്താക്കുഴപ്പത്തിലാക്കും. പഴയ സിസ്റ്റം മാറ്റി പുതിയ സംവിധാനത്തിലേക്ക്‌ പോകേണ്ടി വരുമ്പോഴുള്ള അധിക സാമ്പത്തിക ബാധ്യതയാണ്‌ മുഖ്യവിഷയം.
നിലവിൽ ഇൻവേർട്ടർ ഉള്ളവർ സൗരോർജ സംവിധാനത്തിലാക്കാൻ വേണ്ടത്‌ സോളാർ പാനലും ചാർജ്ജ്‌ കൺട്രോളറും മാത്രമാണെന്നറിയുക. നിലവിലുള്ള
ഇൻവേർട്ടറിന്റെയും ബാറ്ററിയുടേയും കപ്പാസിറ്റിക്ക്‌ അനുസൃതമായി 18,000 രൂപ മുതൽ 36,000 രൂപ വരെ ചെലവാക്കിയാൽ ഇപ്പോൾ ഇൻവേർട്ടറുകൾ ഉള്ള വീടുകൾക്കും സൗരോർജത്തിലേക്ക്‌ ചുവടുമാറ്റാം. അതിനു ചില ആനുകൂല്യങ്ങൾ കൂടി വൈദ്യുതി ബോർഡ്‌ കൊടുക്കുന്നു എങ്കിൽ പരമാവധി ഉപയോക്താക്കളും അത്തരത്തിലുള്ള മാറ്റത്തിന്‌ തയാറായേക്കും.
നിലവിലുള്ള ഇൻവേർട്ടറിലെ ഗ്രിഡ്‌ ചാർജിഗ്‌ സർക്യൂട്ട്‌ ബന്ധങ്ങൾ വിച്ഛേദിച്ചായിരിക്കണം സോളാർ പാനൽ ബന്ധിപ്പിക്കുവാനും അതുവഴി മാറ്റങ്ങൾ വരുത്തേണ്ടതും. കെഎസ്‌ഇബി ലൈനിൽ നിന്നും ബാറ്ററി ചാർജ്ജ്‌ ചെയ്യുന്നില്ലെന്ന്‌ ഉറപ്പാക്കുകയും വേണം.
കെഎസ്‌ഇബി ലൈനിൽ ബന്ധിപ്പിക്കാതെ സൗരോർജ വൈദ്യുതി ഉൽപാദിപ്പിച്ച്‌ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക്‌ ഒരു യൂണിറ്റിന്‌ ഒരു രൂപാ നിരക്കിൽ പ്രോത്സാഹന ആനുകൂല്യം നൽകാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഒക്ടോബർ 2014 ൽ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. സൗരോർജം ഉപയോഗിച്ച്‌ ഉൽപാദിപ്പിക്കുന്ന വൈദ്യുതി അളക്കുന്നതിനുള്ള മീറ്റർ ഉപയോക്താക്കളു
ടെ ചെലവിൽ നിലവിലുള്ള വൈദ്യുത മീറ്ററിന്‌ സമീപം തന്നെ സ്ഥാപിച്ചിരിക്കണമെന്നും നിർദേശിച്ചിരുന്നു. അർഹമായ തുക പ്രതിമാസ ബില്ലിൽ നിന്നും വിതരണ ലൈസൻസികൾ കുറവു ചെയ്യുമത്രെ. ഇത്‌ ഒട്ടും തന്നെ പ്രായോഗിക തലത്തിലെത്തിയിട്ടില്ല. അംഗീകാരമുള്ള സിംഗിൾ ഫെയ്സ്‌ വൈദ്യുത മീറ്ററിന്റെ വില ഏകദേശം 1,500 രൂപയോളമാവും. ആയതിനാൽ സൗരോർജത്തിലേക്ക്‌ ചുവടു മാറ്റുന്നവർ നിർബന്ധമായും ഇത്തരം ടെസ്റ്റ്‌ ചെയ്തതും കാലിബറൈറ്റ്‌ ചെയ്തതുമായ മീറ്റർ ഇപ്പോഴുള്ള കെഎസ്‌ഇബി മീറ്ററിന്‌ സമീപം സ്ഥാപിച്ചാൽ മാത്രമേ മേൽപറഞ്ഞ ആനുകൂല്യം ലഭ്യമാകു. ഇത്തരം ആനുകൂല്യം സോളാർ വൈദ്യുതിയുടെ വ്യാപനത്തെ തീർച്ചയായും ത്വരിതപ്പെടുത്തുകയും ചെയ്യും.
ഒരു കിലോവാട്ടിന്റെ സൗരോർജ വൈദ്യുതനിലയം ഉപയോഗിച്ച്‌ ഏകദേശം 800 വാട്ടിന്റെ വൈദ്യുത ഉപകരണങ്ങൾ പ്രതിദിനം നാല്‌ മണിക്കൂറോളം പ്രവർത്തിപ്പിക്കുവാൻ കഴിയും. സൂര്യപ്രകാശം തീരെ ലഭിക്കാത്ത പ്രത്യേകിച്ച്‌ മഴയുള്ള അവസരങ്ങളിൽ സോളാർ ഇൻവേർട്ടർ പ്രവർത്തനരഹിതമാകാനിടയുണ്ട്‌. ഇത്തരം അവസരങ്ങളിൽ കെഎസ്‌ഇബി ലൈനിലേക്ക്‌ പെട്ടെന്ന്‌ മാറ്റി പ്രവർത്തിപ്പിക്കുവാൻ കെഎസ്‌ഇബി-സോളാർ മീറ്ററുകളുടെ ഔട്ട്പുട്ട്‌ ഭാഗത്ത്‌ ‘ഡബിൾ പോൾ ടൂവേ സ്വിച്ച്‌’ സ്ഥാപിക്കുന്നത്‌ നന്നായിരിക്കും. തന്മൂലം വീട്ടിലേക്കുളള ലൈറ്റ്‌ ലോഡ്‌ ബന്ധം (ലാംപുകൾ, ഫാൻ, ടിവി മുതലായവ) കാര്യമായ തടസം കൂടാതെ പ്രവർത്തിപ്പി
ക്കാനാവും. വീട്ടിലേക്കുള്ള പവർ ലോഡ്‌ ബന്ധം (എ സി, വാഷിങ്‌ മെഷീൻ, മൈക്രോവേവ്‌ ഓവൻ മുതലായവ) ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ കെഎസ്‌ഇബി മീറ്റർ ഔട്ട്പുട്ട്‌ ഭാഗത്തു നിന്നും നേരിട്ടായിരിക്കണം ബന്ധിപ്പിക്കേണ്ടുന്നത്‌.
3000 ചതുരശ്ര അടിക്ക്‌ മുകളിൽ പുതുതായി നിർമിക്കുന്നതും നിലവിലുള്ളതുമായ എല്ലാ വീടുകൾക്കും കുറഞ്ഞത്‌ ഒരു കിലോവാട്ട്‌ ശേഷിയുള്ള സൗരോർജ സംവിധാനവും 2000 മുതൽ 3000 ചതുരശ്ര അടിവരെയുള്ള പുതുതായി നിർമിക്കുന്ന വീടുകൾക്ക്‌ 500 വാട്ട്‌ ശേഷിയുള്ള സൗരോർജ സംവിധാനവും ഇനിമേൽ നിർബന്ധമാണ്‌. കൂടാതെ 2000 ചതുരശ്ര അടിക്ക്‌ മുകളിൽ നിർമിക്കുന്ന എല്ലാ വീടുകളിലും കുറഞ്ഞത്‌ 100 ലിറ്റർ ശേഷിയുള്ള സോളാർ വാട്ടർ ഹീറ്ററും ഉണ്ടാവും.
വിജ്ഞാനപ്രകാരം പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുവാനായി സമർപ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകളും മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്ന്‌ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ പരിശോധനയിലൂടെ ഉറപ്പ്‌ വരുത്തിയതിനു ശേഷമേ വൈദ്യുതി കണക്ഷൻ അനുവദിക്കുകയുളളു. പുതിയ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്ത ഉപയോക്താക്കളുടെ നിലവിലുളള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നുള്ള മൂന്നാര്റിയിപ്പും വിജ്ഞാപനത്തിൽ എടുത്തു പറയുന്നുണ്ട്‌.
Prof. John Kurakar


No comments: